ഖാദർ കമ്മിറ്റി: കാലാവധി ഏഴാം തവണയും നീട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ കൊണ്ടുവരുന്നതിനും അക്കാദമിക മേഖലകളിലെ മാറ്റങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് സമർപ്പിക്കുന്നതിന് നാലര വർഷം മുമ്പ് ഡോ.എം.എ. ഖാദർ അധ്യക്ഷനായി നിയമിച്ച സമിതിയുടെ കാലാവധി ഏഴാം തവണയും നീട്ടി സർക്കാർ ഉത്തരവ്. 2017 ഒക്ടോബർ 17ന് സർക്കാർ ഉത്തരവിലൂടെ നിയമിച്ച സമിതിയുടെ ഒന്നാംഘട്ട റിപ്പോർട്ട് 2019 ജനുവരിയിൽ സമർപ്പിച്ചിരുന്നു. ഇതിലൂടെ മൂന്ന് ഡയറക്ടറേറ്റുകളുടെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസത്തെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ കൊണ്ടുവരാനും സ്കൂൾ വിദ്യാഭ്യാസത്തിൽ ഘടന മാറ്റം നടപ്പാക്കാനും അധ്യാപക യോഗ്യതയിൽ മാറ്റം വരുത്താനും ഉൾപ്പെടെ ശിപാർശകൾ സമർപ്പിച്ചിരുന്നു. ഇതിൽ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒരു ഡയറക്ടറുടെ കീഴിൽ സ്കൂൾ വിദ്യാഭ്യാസം കൊണ്ടുവരൽ, ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭജനം ഒഴിവാക്കി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കൽ, ഹെഡ്മാസ്റ്ററെ വൈസ്പ്രിൻസിപ്പലാക്കൽ എന്നിവയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.
പാഠ്യപദ്ധതി ഉൾപ്പെടെ അക്കാദമിക മേഖലയുമായി ബന്ധപ്പെട്ട സമിതിയുടെ രണ്ടാംഘട്ട റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകുകയും അതിനനുസൃതമായ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തതോടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. തുടർന്ന് പലതവണയായി സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ 17ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ സമിതിയുടെ കാലാവധി ഏഴാം തവണയും ദീർഘിപ്പിച്ചുനൽകി. ഏപ്രിൽ 30 വരെയാണ് ഇത്തവണ കാലാവധി ദീർഘിപ്പിച്ചുനൽകിയത്.
ഖാദർ കമ്മിറ്റി ശിപാർശകൾക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസും നിലവിലുണ്ട്. എസ്.സി.ആർ.ടി മുൻ ഡയറക്ടർ ഡോ.എം.എ. ഖാദറിന് പുറമെ, ഡോ. സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ എന്നിവരാണ് സമിതി അംഗങ്ങൾ. അതേസമയം, സമിതി സമർപ്പിച്ച ഒന്നാം ഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ, വിദ്യാഭ്യാസ ഓഫിസുകളുടെ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച സ്പെഷൽ റൂൾസ് തയാറാക്കാൻ സർക്കാർ പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഡോ. സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ, കെ.സി. ഹരികൃഷ്ണൻ, സി. പത്മരാജ്, ആർ. മുരളീധരൻപിള്ള, എ.കെ. സുരേഷ്കുമാർ എന്നിവരാണ് സമിതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.