ബി.ടെക് പരീക്ഷയിൽ പിറകിലായ കോളജുകൾക്ക് കെ.ടി.യുവിന്റെ പിന്തുണ
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ ബി.ടെക് പരീക്ഷയിൽ വിജയശതമാനം കുറഞ്ഞ എൻജിനീയറിങ് കോളജുകളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് സർവകലാശാലയുടെയും മറ്റ് കോളജുകളുടെയും സഹായത്തോടെയുള്ള പിന്തുണ സംവിധാനം ഉറപ്പാക്കുമെന്ന് സാങ്കേതിക സർവകലാശാല (കെ.ടി.യു). സർവകലാശാല വിളിച്ച സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഈ വർഷം മുതൽ നടപ്പാക്കുന്ന പരിഷ്ക്കരിച്ച പാഠ്യപദ്ധതിയുടെ സിലബസ് രൂപവത്കരണം അവസാനഘട്ടത്തിലാണെന്നും പുതിയ ബി.ടെക് ബാച്ചിന്റെ ആദ്യ സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് സിലബസ് പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല കോളജുകളെ അറിയിച്ചു.
അടുത്ത നാല് വർഷത്തെ അക്കാദമിക് കലണ്ടർ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. പരിഷ്ക്കരിച്ച പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ നൂതന എൻജിനീയറിങ് വിഷയങ്ങളിൽ അധ്യാപകർക്ക് പരിശീലനം സർവകലാശാലയുടെ മാനവവിഭവശേഷി വികസന കേന്ദ്രം വഴി നൽകും. ലാബ് പരീക്ഷകൾ തിയറി പരീക്ഷകൾക്ക് മുമ്പ് നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം അടുത്ത സെമസ്റ്റർ മുതൽ നടപ്പാക്കാനും തീരുമാനമായി. പരീക്ഷകൾക്കിടയിൽ മതിയായ ഇടവേളയുണ്ടാകും.
രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ പരീക്ഷകൾ ഏപ്രിലോടെ തീർക്കുകയും ജൂലൈയിൽ അടുത്ത സെമസ്റ്റർ തുടങ്ങുന്നത് വരെ രണ്ട് മാസത്തെ ഇന്റേൺഷിപ്പിനുള്ള സമയവും വിദ്യാർഥികൾക്ക് നൽകും. മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് സർവകലാശാല അറിയിച്ചു. 14 ദിവസമാണ് മൂല്യനിർണയത്തിനായി അനുവദിക്കുക. ഒരു അധ്യാപകന് 150 പരീക്ഷ പേപ്പറുകളാകും മൂല്യനിർണയത്തിനായി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.