സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം അവസാന തിയതി ഫെബ്രുവരി 15
text_fields2023-24 അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പ്ലസ്ടു/ യോഗ്യതാ പരീക്ഷയിൽ 85 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽനിന്ന് 1:1:1 എന്ന ക്രമത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. സ്കോളർഷിപ് തുക പ്രതിവർഷം 10,000 രൂപ. വാർഷിക കുടുംബ വരുമാനപരിധി രണ്ടരലക്ഷം രൂപക്ക് താഴെയാവണം. വിജ്ഞാപനം www.dcescholarship.kerala.gov.in/ൽ ലഭിക്കും. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 16നകം സമർപ്പിക്കണം. സ്ഥാപനമേധാവികൾ ഓൺലൈൻ വഴി വെരിഫിക്കേഷനും അപ്രൂവലും 18നകം പൂർത്തിയാക്കും.
മറ്റേതെങ്കിലും സ്കോളർഷിപ്പോ സ്റ്റൈപ്പന്റോ കൈപ്പറ്റുന്ന വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 95 ശതമാനം മാർക്കിന് മുകളിലുള്ള 1050 വിദ്യാർഥികൾക്ക് വരുമാനപരിധി കണക്കാക്കാതെ സ്കോളർഷിപ് നൽകുന്നതാണ്. 90 ശതമാനം മാർക്കിന് മുകളിലുള്ള രണ്ടരലക്ഷത്തിന് താഴെ വരുമാനമുള്ള 1050 വിദ്യാർഥികൾക്കും 85 ശതമാനവും അതിലധികവും മാർക്കുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട 1050 വിദ്യാർഥികൾക്കും സ്കോളർഷിപ് അനുവദിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 8921679554 എന്ന ഫോൺനമ്പറിലും വിവരങ്ങൾ ലഭിക്കും.
ശാസ്ത്ര വിദ്യാർഥികൾക്ക് പ്രതിഭ സ്കോളർഷിപ്
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് 2023-24 വർഷം ഏർപ്പെടുത്തിയ പ്രതിഭ സ്കോളർഷിപ്പിന് ഓൺലൈനായി ഫെബ്രുവരി 29 വരെ www.kscste.kerala.gov.inൽ അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷയിൽ 90 ശതമാനം (എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 80 ശതമാനം) മാർക്കിൽ കുറയാതെ ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു വിജയിച്ച് ബേസിക്/ നാചുറൽ സയൻസസിൽ ബിരുദ, ബിരുദാനന്തര ബിരുദപഠനം നടത്തുന്നവർക്കാണ് അവസരം. ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിൽ പഠിക്കുന്നവരെയും പരിഗണിക്കും. വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് (യു.ജി) ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലേക്ക് തുടക്കത്തിൽ മൂന്നു വർഷത്തേക്കാണ് സ്കോളർഷിപ്. പി.ജി കോഴ്സുകളിൽ സ്കോളർഷിപ് തുടർന്ന് ലഭിക്കുന്നതിന് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ബിരുദം നേടിയിരിക്കണം. ആദ്യവർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാംവർഷം 24,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്. പി.ജി വിദ്യാർഥികൾക്ക് ആദ്യ വർഷം (ഇന്റഗ്രേറ്റഡ് പി.ജി നാലാം വർഷം) 40,000 രൂപയും രണ്ടാം വർഷം/ അഞ്ചാം വർഷം (ഇന്റഗ്രേറ്റഡ് പി.ജി) 60,000 രൂപയും ലഭിക്കുന്നതാണ്.
50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് അനുവദിക്കും. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് 10 ശതമാനം.
മാത്തമറ്റിക്കൽ സയൻസുകാർക്ക് 30 ശതമാനം, ഫിസിക്കൽ സയൻസുകാർക്ക് 40 ശതമാനം, ലൈഫ് സയൻസസുകാർക്ക് 30 ശതമാനം എന്നിങ്ങനെ സ്കോളർഷിപ്പുകൾ വിഭജിച്ച് നൽകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. അന്വേഷണങ്ങൾക്ക് 0471-2548208/ 2548346 എന്നീ ഫോൺനമ്പറുകളിലും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.