'പൈലറ്റാകാൻ പഠിക്കാം'; രാജീവ് ഗാന്ധി അക്കാദമിയിൽ സി.പി.എൽ കോഴ്സിന് അപേക്ഷിക്കാം
text_fieldsപൈലറ്റാകാൻ ആഗ്രഹിക്കുന്ന സമർഥരായ പ്ലസ് ടുകാർക്ക് തിരുവനന്തപുരത്തെ (ചാക്ക ഐ.ടി.ഐ ജങ്ഷൻ) രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ കമേർഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) കോഴ്സിന് ചേരാം. സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിലുള്ള ഫ്ലൈയിങ് പരിശീലന കേന്ദ്രമാണിത്. ഏകദേശം മൂന്നു വർഷക്കാലമാണ് കോഴ്സ് കാലാവധി. 2024 ഒക്ടോബർ/നവംബറിലാരംഭിക്കുന്ന കോഴ്സിലേക്ക് ആഗസ്റ്റ് 30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.rajivgandhiacademyforaviationtechnology.orgൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെയും ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും വിജയിച്ചിരിക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് യഥാക്രമം 45 ശതമാനം, 50 ശതമാനം മാർക്ക് മതിയാകും. 2024 ഏപ്രിൽ ഒന്നിന് 17 വയസ്സ് തികയണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 5000 രൂപ. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് 2500 രൂപ മതി. എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ RAGAAT തിരുവനന്തപുരത്തിന് മാറ്റാവുന്നതരത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടക്കാം.
അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കേണ്ട വിലാസം: രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം, ഐ.ടി.ഐ ജങ്ഷൻ, ചാക്ക, ബീച്ച് പി.ഒ, തിരുവനന്തപുരം 695007. ഇ-മെയിൽ: ragaat@gmail.com. ഫോൺ: 0471-2501814/9526800767.
പ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. സി.പി.എൽ കോഴ്സിന്റെ മൊത്തം പരിശീലന ഫീസ് 35,35,000 രൂപയാണ്. അഞ്ചു ഗഡുക്കളായി ഫീസടക്കാം. പഠനപരിശീലനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.