ലേണിങ് ഇനി സ്മാർട്ട്
text_fieldsസാങ്കേതികവിദ്യയുടെ കുതിപ്പ് സമാനതകളില്ലാതെ പ്രതിഫലിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നും ഈ കുതിപ്പിനൊപ്പം മുന്നേറിയിട്ടുമുണ്ട്.
കോവിഡ്-19 കാലഘട്ടത്തിൽ സൂക്ഷ്മതയോടെ, തികച്ചും വ്യത്യസ്തമായ ഒരു അധ്യാപനരീതി നാം കൈക്കൊള്ളേണ്ടതുണ്ട്.
നിരന്തരമായ അവബോധ ക്ലാസുകളിലൂടെ, വിദ്യാലയങ്ങളിൽ എത്തുന്നതിനുമുമ്പുതന്നെ വിദ്യാർഥികളുടെ ഇടയിൽ സാമൂഹിക അകലം പാലിക്കേണ്ടതിെൻറ ആവശ്യകത അധ്യാപകർ അവർക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. മാസ്ക് ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ, ക്യൂ പാലിക്കൽ തുടങ്ങിയവയിൽ അധ്യാപകർ മാതൃകയാവണം.
പഠനരീതി മാറ്റാം
ഇനി നമുക്ക് ഇ-ലേണിങ് ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനരീതി അവലംബിക്കാം. ഇ-ലേണിങ് അതിെൻറ പൂർണമായ അർഥത്തിൽ കൈക്കൊള്ളാൻ ശ്രമിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. കുട്ടികളെ സമൂഹ ജീവികളാക്കി, ഒരു ഉത്തമ പൗരനാക്കുന്നതിൽ ക്ലാസ്റൂമുകൾക്കും അധ്യാപകർക്കുമുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ ക്ലാസ്മുറികളിൽ സാങ്കേതിക ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനരീതി നടപ്പാക്കാം.
ആദ്യഘട്ടം
ക്ലാസ്മുറികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തുകയാണ് ആദ്യഘട്ടം. അകലം പാലിക്കുന്നതിെൻറ ഭാഗമായി വിദ്യാർഥികളെ ഒന്നിലധികം മുറികളിലോ വലിയ ഓഡിറ്റോറിയം, സെമിനാർ ഹാളുകൾ എന്നിവിടങ്ങളിലോ വിന്യസിക്കേണ്ടിവരും. ഇത്തരം സംവിധാനങ്ങളിൽ ക്ലാസ്റൂം നിയന്ത്രണം അധ്യാപകർക്ക് വെല്ലുവിളിയാണ്.
ഇവിടെ വിഡിയോ നിരീക്ഷണം നടത്തുന്ന കാമറകളുടെയും ഇമേജ്പ്രോസസിങ് സോഫ്റ്റ്വെയർ ശാഖകളുടെയും സാധ്യതകൾ തേടാം. മുഖംതിരിച്ചറിയുന്ന സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഹാജർ സംവിധാനവും മറ്റും എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
പൂർണമായും സോഫ്റ്റ്വെയർ നിയന്ത്രണത്തിൽ ക്ലാസ്റൂം മോണിറ്ററിങ് നടപ്പാക്കാവുന്നതാണ്. വിദ്യാർഥികൾക്ക് അധ്യാപകനുമായി സംവദിക്കുന്നതിന് ക്ലാസ്മുറികളിൽ മൈക്രോഫോൺ സംവിധാനങ്ങൾ ഉപയോഗെപ്പടുത്തണം.
പെൻ ടാബ്ലറ്റ്
അധ്യാപകർക്ക് പെൻ ടാബ്ലറ്റ് എന്ന ഉപകരണം പരിചയപ്പെടുത്തുന്നതാണ് രണ്ടാംഘട്ടം. ക്ലാസ്മുറിയിലെ ബോർഡിൽ എഴുതുന്ന അതേ മാതൃകയിൽ അധ്യാപകർക്ക് ഇൗ ഉപകരണത്തിൽ എഴുതാൻ കഴിയും. ഇതിൽ എഴുതാനുപയോഗിക്കുന്ന പേന ഉപകരണത്തോടൊപ്പം ലഭിക്കും.
കമ്പ്യൂട്ടറിൽ തയാറാക്കിയിട്ടുള്ള പഠനസഹായികളും പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പിയുമൊക്കെ ഇതിലൂടെ ദൃശ്യമാക്കാവുന്നതാണ്. ഡിജിറ്റൽ പ്രൊജക്ടറിെൻറ സഹായത്തോടെ അധ്യാപകൻ ടാബ്ലറ്റിൽ എഴുതുകയോ കാണിക്കുകയോ ചെയ്യുന്ന വിവരങ്ങൾ വിദ്യാർഥികൾക്ക് കാണാൻപാകത്തിന് സ്ക്രീനിലേക്ക് മാറ്റുക എന്ന ജോലിയാണ് പിന്നീടുള്ളത്.
അധ്യാപകൻ ഈ രീതിയിലേക്ക് മാറാൻ കരുതേണ്ടത് സ്വന്തമായി ഒരു പെൻ ടാബ്ലറ്റ് എന്ന ഉപകരണം മാത്രമാണ്. വിദ്യാർഥികൾക്ക് സാമ്പത്തിക ഭാരം ഉണ്ടാകുന്നുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്റൂം നവീകരണത്തിനായി തുടക്കത്തിൽ അൽപം ചെലവ് വഹിക്കേണ്ടിവരും എന്നുമാത്രം.
കേൾക്കുമ്പോൾ കുറച്ചധികം സാങ്കേതികത തോന്നുമെങ്കിലും ഒരിക്കൽ ക്ലാസ്മുറികൾ ഇതിനു സജ്ജമാക്കിക്കഴിഞ്ഞാൽ പിന്നീട് ഒാരോ പീരിയഡിലും അധ്യാപകർ തെൻറ പെൻ ടാബ്ലറ്റുമായി ചെല്ലുകയും കമ്പ്യൂട്ടറുമായി ഇതിനെ ബന്ധിപ്പിക്കുകയും മാത്രമാണ് ചെയ്യേണ്ടത്.
പരിശീലനം നേടുന്നതിലൂടെ സ്വന്തം കൈയക്ഷരത്തേക്കാൾ നന്നായി ഈ ഉപകരണത്തിലൂടെ എഴുതാൻ കഴിയും. കാലത്തോടൊപ്പം സഞ്ചരിക്കുന്ന അധ്യാപകരും കാലത്തിനനുസരിച്ച് മാറുന്ന അധ്യാപനരീതികളും എക്കാലവും നമുക്ക് മുതൽക്കൂട്ടാണ്.
തയാറാക്കിയത്: രാജിഗോപിനാഥൻ എൻ.
(ടീച്ചർ, എൽ.ബി.എസ് സെൻറർ, തിരുവനന്തപുരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.