പ്ലസ് ടുവിൽനിന്ന് ഒഴിവാക്കിയ പാഠങ്ങൾ എൻജി. എൻട്രൻസിൽനിന്ന് നീക്കി
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി സിലബസിൽനിന്ന് എൻ.സി.ഇ.ആർ.ടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കംചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയത് പിൻവലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ സിലബസിൽ വരുത്തിയ കുറവാണ് പ്രവേശന പരീക്ഷയിലും നടപ്പാക്കാൻ തീരുമാനിച്ചത്.
ഏപ്രിൽ നാലിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ പ്രവേശനപരീക്ഷ കമീഷണർക്ക് കത്ത് നൽകിയിരുന്നു. ആദ്യം സിലബസിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലായിരുന്നു പ്രവേശനപരീക്ഷ കമീഷണറേറ്റ്. എന്നാൽ, ഹയർസെക്കൻഡറി പഠനത്തിന്റെ മാത്രം ബലത്തിൽ എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതുന്ന നിർധന വിദ്യാർഥികളെ ഉൾപ്പെടെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനം വന്നതോടെയാണ് സിലബസ് മാറ്റത്തിന് തയാറായത്.
സിലബസിൽ മാറ്റം വരുത്തിയതോടെ ഹയർസെക്കൻഡറി സിലബസിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് പ്രവേശന പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാകില്ല. പഠനഭാരം ചൂണ്ടിക്കാട്ടി ആദ്യം എൻ.സി.ഇ.ആർ.ടിയും പിന്നീട് വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്യുകയും പഠിപ്പിക്കാതിരിക്കുകയും ചെയ്തവയാണ് കേരള എൻജിനീയറിങ് എൻട്രൻസിൽ ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.