ലോക്ഡൗൺ ക്ലാസ്: സി.ബി.എസ്.ഇ സ്കൂളുകൾക്ക് ആശങ്ക
text_fieldsതൃശൂർ: ജൂണിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഏത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ, എങ്ങനെ മുന്നോട്ടുപോകണമെന്നറിയാതെ സി.ബി.എസ്.ഇ സ്കൂളുകൾ. ഗൂഗ്ൾ മീറ്റ്, സൂം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാണ് ഭൂരിഭാഗം പേരും വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠനത്തിനായി നിരവധി സ്റ്റാർട്ടപ്പ് കമ്പനികളാണ് സ്കൂൾ മാനേജ്മെൻറുകളെ സമീപിക്കുന്നത്.
വിദ്യാർഥിക്ക് പ്രതിദിനം ഒരു രൂപ മുതൽ അഞ്ചു രൂപ വരെ വിലയിട്ട സ്റ്റാർട്ടപ്പ് കമ്പനികളുമുണ്ട്. സ്കൂൾ അധികൃതരെ സംബന്ധിച്ചിടത്തോളം സൂം, ഗൂഗ്ൾ മീറ്റ് അനുവദിക്കുന്ന സൗജന്യ സമയ ദൈർഘ്യം വെല്ലുവിളിയാണ്. ഒരു മണിക്കൂറിേലറെ ചെലവിടാനായി കമ്പനികൾ പറയുന്ന പണം നൽകണം. അതിനാൽ ഒരു മണിക്കൂർ ഇത്തരം ക്ലാസുകളും ബാക്കി വാട്സ്ആപ്, യൂ ട്യൂബ് പഠന ലിങ്കുകളും മറ്റും ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
അതേസമയം, വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ആപ്പുകൾ വഴിയുള്ള പഠനത്തിന് അവർ ടാബ് നൽകി ക്ലാസുകൾ വിശദീകരിക്കുമെങ്കിലും ദീർഘകാലത്തേക്ക് ഗുണപ്രദമാകുമോ എന്ന ആശങ്കയും സാമ്പത്തിക ബാധ്യതയും മാനേജ്മെൻറുകളെ പിന്നോട്ടടിപ്പിക്കുന്നു. വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിനായി ഇൻറർനെറ്റും വെബ് കാമോടെയുള്ള കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണോ വേണ്ടിവരുമെന്നത് ബുദ്ധിമുട്ടായി രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺകാല പഠനത്തിനായി പി.എം ഇ-വിദ്യാ പാക്കേജിെൻറ ഭാഗമായി ഒന്നുമുതൽ 12 വരെ ക്ലാസിലുള്ളവർക്കായി 12 ചാനലുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. സ്കൂളുകൾ തുറന്നില്ലെങ്കിലും ഫീസടക്കാൻ അധികൃതർ ആവശ്യപ്പെട്ടത് രക്ഷിതാക്കളിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ചില സി.ബി.എസ്.ഇ സ്കൂളുകളിൽ ഫീസ് ഉയർത്തിയിട്ടുമുണ്ട്. എന്നാൽ, ഫീസ് സംബന്ധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കേരള സി.ബി.എസ്.ഇ സ്കൂള് മാനേജ്മെൻറ് അസോസിയേഷന് പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘‘ഓരോ മാനേജ്മെൻറും അവരുടെ സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് ഫീസ് നിശ്ചയിക്കുക. റെഗുലർ ക്ലാസുകളില്ലെങ്കിലും സ്കൂളുകൾക്ക് അധ്യാപകർക്ക് ശമ്പളം കൊടുക്കേണ്ടതുണ്ട്. മറ്റ് ചെലവുകളുമുണ്ട്. ഫീസ് ലഭിച്ചില്ലെങ്കിൽ അധ്യാപകർക്ക് ശമ്പളം കൊടുക്കാനാവാത്ത മാനേജ്മെൻറുകളുമുണ്ട്. അതിനാൽ സംഘടനക്ക് ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കാനാവില്ല’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.