എജുകഫെ: വഴികാട്ടാൻ പ്രതിഭകൾ ഒത്തുചേരുന്നു
text_fieldsപഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടോപ്പേഴ്സ് ടോക്ക്’ സെഷൻ മാധ്യമം എജുകഫെയുടെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്. ചൊവ്വാഴ്ച നടക്കുന്ന ഈ പരിപാടിയിൽ റേഡിയോ ജോക്കിയും ആങ്കറും റിസർച്ച് സ്കോളറുമായ രേവതി പി. വിദ്യാർഥികളുമായി സംവദിക്കും. യങ് റിസർച്ചറും കുട്ടി പ്രതിഭയും കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ വിദ്യാർഥിയുമായ റിസ മുഹമ്മദ്, പ്രതിസന്ധികളിൽ തളരാതെ വിജയം നേടിയ ഫാറൂഖ് കോളജ് വിദ്യാർഥിയും ഗായികയും ടി.വി താരവുമായ ഫാത്തിമ ഹവ്വ, കമ്യൂണിറ്റി കോളജ് ഇനീഷ്യേറ്റിവ് പ്രോഗ്രാം യു.എസ് സ്കോളർഷിപ്പ് നേടിയ എം.ഇ.എസ് മമ്പാട് കോളജ് വിദ്യാർഥി വിദ്യ, ഡ്രോപ് റോബോൾ ദേശീയ ചാമ്പ്യൻമാരും നിലമ്പൂർ അമൽ കോളജ് വിദ്യാർഥികളുമായ പി. മിൻഹ, ഗോപിക മേനോൻ, എം.ഇ.എസ് മമ്പാട് കോളജ് വിദ്യാർഥിയും പെരിയോനെ ഫെയിമുമായ മീര, കോഴിക്കോട് മെഡിക്കൽ കോളജ് ആദ്യവർഷ എം.ബി.ബി.എസ് വിദ്യാർഥി ഫാദി ബിൻ കരീം എന്നിവർ ടോപ്പേഴ്സ് ടോക്കിൽ സംസാരിക്കും.
സ്വപ്നംകണ്ട കരിയർ തെരഞ്ഞെടുത്ത് വിജയം കൈവരിച്ചവരെ ഉൾപ്പെടുത്തി ‘സക്സസ് ചാറ്റും’ എജുകഫേയുടെ വേദിയിൽ അരങ്ങേറും. ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ മാധ്യമം മലപ്പുറം ബ്യറോ ചീഫ് പി. ഷംസുദ്ദീൻ സക്സസ് ചാറ്റിൽ മോഡറേറ്ററാകും. ഐ.ഐ.ടി മദ്രാസ്, കാർഡിയോവാസ്കുലാർ സയൻസ് ആൻഡ് എൻജിനീയറിങ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. നബീൽ പി.എം, തമിഴ്നാട് വെല്ലൂർ വി.ഐ.ടി ഗവേഷക വിദ്യാർഥി ആയിഷ സമീന, റിസർച്ച് സ്കോളർ വിനോദ്, ഐ.സി.എ.ആർ -സി.ഐ.എഫ്.ടി സീനിയർ റിസർച്ച് ഫെല്ലോ ഡോ. രാജേഷ് ഐ.ഡി എന്നിവർ സക്സസ് ചാറ്റിൽ പങ്കെടുക്കും.
മാറ്റങ്ങളെ അറിയാം, പഠിച്ചു മുന്നേറാം
ലോകത്തിന്റെ ഗതി മനസ്സിലാക്കാനും പുതിയ ജോലി സാധ്യതകൾ കണ്ടെത്താനും വിദ്യാർഥികളെ സ്കൂൾതലം മുതൽ പരിശീലിപ്പിക്കണം. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിൽ പഠനമേഖലയിൽ ഈ മാറ്റങ്ങൾക്ക് അനുസൃതമായ പുതിയസാധ്യതകൾ കണ്ടെത്തുന്നതിന് ഈ പരിശീലനം ആവശ്യമാണ്. മാറിവരുന്ന തൊഴിൽസാധ്യതകളും അതിനെ എങ്ങനെ സ്കൂൾതലം മുതൽ മനസ്സിലാക്കാമെന്നും എജുകഫേയിൽ പറഞ്ഞുതരും.
ഭാവിയിലെ ജോലിക്കായി തയാറെടുക്കുക എന്ന വിഷയത്തിൽ യുനീക്ക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒയും ഫൗണ്ടറുമായ ഡോ. ബൻസൺ തോമസ് ജോർജാണ് സെഷൻ നയിക്കുക. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) -ൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെറ്റാവേഴ്സ്, സ്പേസ് ടെക്നോളജി, ബ്ലോക്ക്ചെയിൻ തുടങ്ങിയ പുത്തൻ സാങ്കതിക വിദ്യകൾ ഒരുക്കുന്ന തൊഴിൽ സാധ്യതകളും എജുകഫേയിൽ പറഞ്ഞുതരും.
പഠിച്ചത് മറക്കുന്നതാണോ പ്രശ്നം?
പഠിച്ചകാര്യങ്ങൾ മറന്നുപോകുന്നത് വിദ്യാർഥികളെ വലക്കുന്ന പ്രധാന പ്രശ്നമാണ്. മാത്രമല്ല, സ്ട്രസ്, ഭയം തുടങ്ങിയവയും കുട്ടികളുടെ പഠനത്തെ ബാധിക്കും. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൗൺസലിങ് സേവനം എജുകഫേയിൽ ലഭ്യമാകും. അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാരായ റുഖിയ ഷംല, നജിയ പി. തുടങ്ങിയവരാണ് സെഷൻ നയിക്കുക. കൂടാതെ പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം.
മാർഗ നിർദേശങ്ങളുമായി ‘സിജി’
വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ എജുകഫേയിൽ വിദ്യാർഥികളുമായി സംവദിക്കും. കരിയർ കൗൺസിലർമാരായ റംല സി.കെ, റമീസ് പാറാൽ എന്നിവരാണ് സെഷനിൽ പങ്കെടുക്കുക. വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ-നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് സെഷൻ. കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥിക്കായി കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും സിജി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.