മാധ്യമം എജുകഫേ പ്രതിഭകളുടെ ഒത്തുചേരലാകും
text_fieldsമലപ്പുറം: പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടോപ്പേഴ്സ് ടോക്ക്’ സെഷൻ മാധ്യമം എജുകഫേയുടെ മുഖ്യ പരിപാടികളിൽ ഒന്നായിരിക്കും. സ്വപ്നംകണ്ട കരിയർ തെരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ചവരെ ഉൾപ്പെടുത്തി ‘സക്സസ് ചാറ്റും’ എജുകഫേയുടെ വേദിയിൽ അരങ്ങേറും.
നിർദേശങ്ങളുമായി ‘സിജി’ ടീം
വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ എജുകഫേയിൽ സംവദിക്കും. വിദ്യാർഥികളുടെ വ്യക്തിത്വ-കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് സെഷൻ. കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കാനുള്ള മാർഗനിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥിക്കായി കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും സിജി ഒരുക്കും.
ഓർമക്കുറവാണോ പ്രശ്നം?
പഠിച്ച കാര്യങ്ങൾ മറന്നുപോകുന്നത് വിദ്യാർഥികളെ വലക്കുന്ന പ്രധാന പ്രശ്നമാണ്. സ്ട്രസ്, ഭയം തുടങ്ങിയവയും കുട്ടികളുടെ പഠനത്തെ ബാധിക്കും. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദ്ദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി കൺസലിങ് സേവനം എജുകഫേയിൽ ലഭ്യമാകും. പ്രമുഖ സൈക്കോളജിസ്റ്റുകൾ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
മാറ്റങ്ങളെ അറിയാം, പഠിച്ച് മുന്നേറാം
ലോകത്തിന്റെ ഗതി മനസ്സിലാക്കാനും പുതിയ ജോലി സാധ്യതകൾ കണ്ടെത്താനും വിദ്യാർഥികളെ സ്കൂൾ തലം മുതൽ പരിശീലിപ്പിക്കണം. നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന തൊഴിൽ പഠന മേഖലയിൽ ഈ മാറ്റങ്ങൾക്ക് അനുസൃതമായ പുതിയ സാധ്യതകൾ കണ്ടെത്താൻ ഈ പരിശീലനം ആവശ്യമാണ്. മാറിവരുന്ന തൊഴിൽ സാധ്യതകളും അതിനെ എങ്ങനെ സ്കൂൾതലം മുതൽ മനസ്സിലാക്കാമെന്നും എജുകഫേയിൽ പറഞ്ഞുതരും.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) -ൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെറ്റാവേഴ്സ്, സ്പേസ് ടെക്നോളജി, ബ്ലോക്ക്ചെയിൻ തുടങ്ങിയ പുത്തൻ സാങ്കതിക വിദ്യകൾ ഒരുക്കുന്ന തൊഴിൽ സാധ്യതകളും എജുകഫേയിൽ പരിചയപ്പെടാം.
വിദഗ്ധർ തയാർ
കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും. കേന്ദ്ര സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുമുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ വിദഗ്ധർ എജുകഫേയിലെത്തും. കൂടാതെ സി.വി തയാറാക്കൽ, അഭിമുഖ പരീക്ഷയെ നേരിടൽ തുടങ്ങിയവക്കും പ്രത്യേക സെഷനുകളും ശിൽപശാലകളുമുണ്ടാകും. സിവിൽ സർവിസ് പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും സിവിൽ സർവിസിന്റെ സാധ്യതകളും, എങ്ങനെ സിവിൽ സർവിസ് നേടാം എന്നതിനെക്കുറിച്ചുള്ള ക്ലാസുകളുമുൾപ്പെടുന്ന സിവിൽ സർവിസ് സെഷൻ എജുകഫേയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥരായിരിക്കും സെഷനുകൾ നയിക്കുക.
പഠന-കരിയർ സാധ്യതകളുമായി സ്റ്റാളുകൾ
മെഡിക്കൽ, എൻജിനീയറിങ് രംഗത്തെ പഠന-കരിയർ സാധ്യതകൾ സംബന്ധിച്ച സെഷനുകളും സ്റ്റാളുകളും എജുകഫേയിലുണ്ടാകും. കോമഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യൂമാനിറ്റീസ് സാധ്യതകൾ, സൈക്കോളജി എന്നിവയും വിവിധ സ്റ്റാളുകളായും സെഷനുകളായും വിദ്യാർഥികൾക്കുമുന്നിലെത്തും.
കരിയർ ഏത്, ആശയക്കുഴപ്പമുണ്ടോ ?
ഏത് കരിയർ തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിന് പരിഹാരവുമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും എജുകഫേയിൽ നടത്തും. വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്ന് ക്വിസ് മത്സരങ്ങളും എജുടെയിൻമെന്റ് ആക്ടിവിറ്റികളും അരങ്ങേറും. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളുമുണ്ടാകും. കൂടാതെ ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേർസുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ട് കണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും ഉണ്ടാകും.
പ്രമുഖ സ്ഥാപനങ്ങൾ, സർവകലാശാലകൾ
ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. വിവിധ കോഴ്സുകളുടെ കൗൺസിലിങ് സൗകര്യവും ലഭ്യമാവും. അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫേയിലുണ്ടാകും. വിദേശപഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യതകൂടിയാണ് എജുകഫേ തുറന്നിടുക.
കോമേഴ്സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങീ എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങളാണ് എജുകഫേയിലൂടെ ലഭ്യമാകുക. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകളും ഒരുക്കിയിട്ടുണ്ട്.
മാതാപിതാക്കൾക്ക് കുട്ടികളെ അറിയണ്ടേ?
മാതാപിതാക്കൾക്കായി പ്രത്യേക പാരന്റിങ് സെഷനുകളും എജുകഫേയുടെ ഭാഗമായി അരങ്ങേറും. മാറുന്ന കാലത്തെ കുട്ടികളുടെ മനശാസ്ത്രവും അതിനെ മാതാപിതാക്കൾ സമീപക്കേണ്ട രീതിയുമെല്ലാം സെഷനുകളിൽ ചർച്ച ചെയ്യും.
വിദ്യാർഥികളെയും രക്ഷിതാക്കളെ ചേർത്തുനിർത്തുന്ന രീതിയിലായിരിക്കും സെഷൻ അരങ്ങേറുക. വിദഗ്ധരായ ഫാക്കൽറ്റികൾ ഇതിന് നേതൃത്വം നൽകും. കുട്ടികൾക്കായി ഹാപ്പിനെസ് വാൾ, എജുടെയിൻമെന്റ് സോൺ അടക്കമുള്ളവ എജുകഫേയിലുണ്ടാകും.
സ്റ്റഡി അബ്രോഡ് സോൺ
വിദേശ പഠനവുമായി ബന്ധപ്പെട്ട പ്രത്യേക സോൺ തന്നെ എജുകഫേയിലുണ്ടാകും. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്താനും വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട സംശയങ്ങൾ, വിസ പ്രാസസിങ്, വിദേശ സർവകലാശാല അഡ്മിഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം സംവിധാനംതന്നെ എജുകഫേയിൽ ഒരുങ്ങും. വിദഗ്ധ ഫാക്കൽറ്റികളും വിദേശ സർവകലാശാല പ്രതിനിധികളും എജുകഫേയിൽ തയാറാകും.
വർക് ഷോപ്പുകളും പ്രദർശനങ്ങളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും. റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ ശിൽപശാലകളും പ്രദർശനവും അരങ്ങേറും. അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്താനും വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട സംശയങ്ങൾ, വിസ പ്രാസസിങ്, വിദേശ സർവകലാശാല അഡ്മിഷൻ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രത്യേകം സംവിധാനം തന്നെ എജുകഫേയിൽ ഇത്തവണ ഒരുങ്ങും.
ഇവരെല്ലാം ഉണ്ട്; നിങ്ങളും വരില്ലേ
മലപ്പുറത്ത് നടക്കുന്ന മാധ്യമം എജുകഫേയിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും കാത്തിരിക്കുന്നത് ടെലിവിഷൻ താരങ്ങളും അവതാരകരും ഉൾപ്പടെ നിരവധി പ്രമുഖ വ്യക്തികളാണ്. നടിയും അവതാരകയും ‘ബികമിങ് വെൽനസിന്റെ’ ഫൗണ്ടറുമായ അശ്വതി ശ്രീകാന്ത്, ടെലിവിഷൻ താരവും റേഡിയോ ജോക്കിയും പ്രമുഖ അവതാരകനുമായ ആർ.ജെ. മാത്തുക്കുട്ടി, സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ സുജിത് ഭക്തൻ, മോട്ടിവേഷൻ സ്പീക്കറും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട്, നിലവിൽ കേരള പൊലീസിന്റെ സ്പെഷൽ ഓപറേഷൻ ഗ്രൂപ് എസ്.പിയായി ചുമതല വഹിക്കുന്ന അരീക്കോട്ടുകാരനായ ഫറാഷ് ഐ.പി.എസ്, അറിയപ്പെട്ട മെന്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ താഹിർ ബൊനാഫിഡേ തുടങ്ങിയവരെല്ലാം വ്യത്യസ്ത സെഷനുകളിൽ സംവദിക്കും.
1)താഹിർ ബൊനാഫിഡേ2) ഫറാഷ് ഐ.പി.എസ് 3) ഫിലിപ് മമ്പാട് .4)ആർ.ജെ. മാത്തുക്കുട്ടി 5) സുജിത് ഭക്തൻ6) അശ്വതി ശ്രീകാന്ത്
ടോപ്പാവും ഇവരുടെ ടോക്ക്... ‘ടോപ്പേഴ്സ് ടോക്ക്’
മലപ്പുറം: എജുകഫേയിലെ ടോപ്പേഴ്സ് ടോക്കിൽ മലപ്പുറം ജില്ലയിൽനിന്ന് വിവിധ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥി-യുവ പ്രതിഭകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും. രണ്ടാം വയസില് മസ്കിലോ ഡിസ്ട്രോഫി അസുഖം പിടിപെട്ട് ജീവിതം പ്രയാസത്തിലായിട്ടും നിരവധി നേട്ടങ്ങൾ എത്തിപിടിച്ച നിലമ്പൂര് വഴിക്കടവ് സ്വദേശിനി നുസ്റത്ത് ടോപ്പേഴ്സ് ടോക്കിലെ ശ്രദ്ധേയ സാന്നിധ്യമാവും. സൈക്കോളജിയില് ഗ്രാജുവേഷന് നേടിയ നുസ്റത്ത് ശ്രദ്ധേയമായ പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരിയാണിപ്പോൾ. രവീന്ദ്രനാഥ ടാഗോര് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിൽ ബി.ആർക് പ്രവേശനത്തിനുള്ള രണ്ടാം പേപ്പറിന്റെ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചപ്പോൾ അഭിമാന നേട്ടം കൊയ്ത വിദ്യാർഥിനിയാണ് മലപ്പുറം പുലാമന്തോൾ സ്വദേശിനി കെ. ഫാത്തിമ നസ്റിൻ. 99.966 സ്കോർ നേടി അഖിലേന്ത്യ തലത്തിൽ 12-ാം സ്ഥാനത്തും ഒ.ബി.സി വിഭാഗത്തിൽ ഒന്നാമതുമെത്തിയാണ് ഫാത്തിമ അഭിമാനമായത്. ഫാത്തിമ നസ്റിനും ഇത്തവണ എജുകഫേയുടെ ഭാഗമാവും.
1. നുസ്റത്ത് 2. കെ. ഫാത്തിമ നസ്റിൻ 3. നിരഞ്ജൻ 4. മുഹമ്മദ് അഫ്സൽ
ശാരീരിക പ്രയാസങ്ങൾക്കിടയിലും സംഗീതത്തിലൂടെ ജീവിതം കണ്ടെത്താൻ ശ്രമിക്കുന്നവനാണ് ഗായകൻ നിരഞ്ജൻ. ഓട്ടിസത്തിന്റെ വകഭേദമായ ആസ്പേർജേഴസ് സിൻഡ്രോം എന്ന അവസ്ഥയിലൂടെയാണ് നിരഞ്ജന്റെ ജീവിതം മുന്നോട്ടു പോവുന്നത്. തന്റെ സംഗീത വഴിയിൽ നേട്ടങ്ങൾ എത്തിപ്പിടിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ നിരഞ്ജനും ഏജുകഫേയിലെ അതിഥിയായി ടോപ്പേഴ്സ് ടോപ്പിൽ സംസാരിക്കും. 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടു കൂടി ബംഗളൂരു അസിം പ്രേംജി യൂനിവേഴ്സ്റ്റിയിൽ ബിരുദ പ്രവേശനം ലഭിച്ച ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി മുഹമ്മദ് അഫ്സലും ടോപ്പേഴ്സ് ടോക്കിനെത്തും.
വിജയ മന്ത്രം പറയാൻ ‘സക്സസ് ചാറ്റിൽ’ ഇവരെത്തും
മലപ്പുറം: എജുകഫേയിലെ പ്രധാന ആകർഷണമായ സെഷനാണ് സക്സസ് ചാറ്റ്. ഇത്തവണയും വിദ്യാർഥികളെ പ്രചോദിപ്പിക്കാൻ വിവിധ മേഖലളകിൽ കഴിവ് തെളിയിച്ചവർ അവരുടെ വിജയ മന്ത്രങ്ങൾ പങ്കുവെക്കും. ഇന്ത്യയുടെ പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽനിന്ന് കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ബിരുദം നേടിയ ഷെഹ്സാദ് അഹമ്മദാണ് സക്സസ് ചാറ്റിലെ ഒരതിഥി. നിലവിൽ ‘ആകാശ’ എയർലൈൻസിൽ എയർലൈൻ പൈലറ്റായി ജോലി ചെയ്യുന്ന ഷെഹ്സാദിന് ആകാശ പറക്കലിൽ ആറ് വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. കഴിഞ്ഞ 10 വർഷമായി ഏവിയേഷൻ എഡ്യുപ്രണറും പൈലറ്റ് മെന്ററുമാണ് ഷെഹ്സാദ്.
1. ഷെഹ്സാദ് അഹമ്മദ്, 2. വിനോദ് വടശ്ശേരി 3. ഹഷിൻ ജിത്തു 4. ജംഷീർ താനാളൂർ5. മുഹമ്മദ് ഇഖ്ബാൽ 6. ഷിബിലി തസ്നീം
ഇന്ത്യയിലും വിദേശത്തുമായി 20 വർഷത്തോളം അനുഭവ സമ്പത്തുള്ള ബേക്കറി പ്രൊഫഷണലായ വിനോദ് വടശ്ശേരിയും ഇക്കുറി എജുകഫേയുടെ ഭാഗമാവും. ജർമനിയിൽ ഒരു മാസ്റ്റർ ഷെഫായി പരിശീലനം നേടിയ അദ്ദേഹം കേരളത്തിലേയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ ഭക്ഷണ നിർമാണ കമ്പനികളിലും റസ്റ്റാറന്റുകളിലും മികച്ച സേവനം നൽകിയിട്ടുണ്ട്. വ്യത്യസ്തയിനം രുചികരമായ വിഭവങ്ങൾ നിർമിക്കുന്നതിലും പങ്കുവെക്കുന്നതിലും അദ്ദേഹം ഏറെ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇഷ്ടപ്പെട്ട വഴിയിലൂടെ സഞ്ചരിച്ച് അതിൽ നേട്ടങ്ങൾ കൊയ്ത് മുന്നേറുന്ന ഷെഫ് വിനോദ് വടശ്ശേരി പുതുതലമുറക്ക് പ്രചോദനമാവും.
സിവിൽ സർവിസസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി അഭിമാനമായ ഹഷിൻ ജിത്തുവാണ് എജുകഫേ സക്സസ് ചാറ്റിലെ മറ്റൊരു അതിഥി. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് ബിരുദം നേടിയ ഹഷിൻ ജിത്തു 2021ലെ യു.പിഎസ്.സി സിവിൽ സർവിസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 553-ാം റാങ്ക് നേടിയിരുന്നു. നിലവിൽ എഡ്യൂപോർട്ട് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്, സ്നാപ്ഷെയർ എ.ഐ പ്രൈവറ്റ് ലിമിറ്റഡ്, വിസാർഡ് എ.ഐ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. പാരന്റിങ്, വ്യക്തിത്വ വികസനം, മോട്ടിവേഷൻ ക്ലാസുകൾ, അധ്യാപക പരിശീലനം തുടങ്ങിയവയിലൂടെ ശ്രദ്ധിക്കപ്പെട്ട ട്രെയിനറാണ് ജംഷീർ താനാളൂർ. ചെറിയ പ്രായത്തിലെ പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്ന് ജീവിതം പ്രയാസത്തിലായ ജംഷീർ നേടിയ നേട്ടങ്ങൾ വലിയ മാതൃകയാണ്. ജംഷീറും ഇത്തവണ സക്സസ് ചാറ്റിൽ സംവദിക്കും.
നിലവിൽ സൈലം മാത്തമാറ്റിക്സ് എച്ച്.ഒ.ഡി ആയി ജോലി ചെയ്യുന്ന മുഹമ്മദ് ഇഖ്ബാലും സക്സസ് ചാറ്റിന്റെ ഭാഗമാവും. മദ്രാസ് ഐ.ഐ.ടിയിൽനിന്ന് മികച്ച മാർക്കോടെ പഠനം പൂർത്തിയാക്കി അഭിമാന നേട്ടം കൈവരിച്ച വ്യക്തിയാണ് മുഹമ്മദ് ഇഖ്ബാൽ. ഐ.ഐ.ടി മദ്രാസിലെ മെഡലിസ്റ്റുമാണ്.
23കാരനായ ഷിബിലി തസ്നീം ബി.എസ്.സി ഫിസിക്സിൽ ബിരുദമെടുത്ത് ജോലിചെയ്യുന്നതിനിടെ കൃഷിയോടുള്ള ഇഷ്ടംകൊണ്ട് ജോലി രാജിവെച്ച യുവ പ്രതിഭയാണ്. ലക്ഷങ്ങളുടെ വരുമാനമാണ് ഈ ചെറുപ്പകാരൻ തന്റെ കാർഷിക മേഖലയിൽ നിന്നും സമ്പാദിക്കുന്നത്. സക്സസ് ചാറ്റിൽ ഷിബിലിയുടെ സാന്നിധ്യവും പ്രദർശനത്തിനെത്തുന്നവർക്ക് വലിയ പ്രചോദനമാകും.
വിദ്യാഭ്യാസ രംഗത്തെ മറുനാടൻ വിപ്ലവമായി സി.എം.എസ് കോളജ്
വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ 1988ൽ സ്ഥാപിതമായ സി.എം.എസ് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 38ാം വർഷത്തിലേക്ക്. സുമനസ്സുകളായ വ്യവസായ പ്രമുഖരും പ്രൊഫഷണലുകളും നേതൃത്വം നൽകിയ സമാജം, പരിമിതമായ സൗകര്യങ്ങളോടെയാണ് കോയമ്പത്തൂർ ചിന്നവേടംപട്ടിയിൽ കോളജിന് തുടക്കമിട്ടത്. ഇന്ന് സി.എം.എസ് കോളജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് സ്റ്റഡീസ്, അക്കാദമി ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി, കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളോടെ പടർന്ന് പന്തലിച്ചു. പാഠനമികവു തെളിയിച്ചവർക്കും കായിക മേഖലയിൽ കഴിവു തെളിയിച്ചവർക്കും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്കും സ്കോളർഷിപ്പുകളും സി.എം.എസ് നൽകിവരുന്നുണ്ട്.
സി.എം.എസ് ട്രസ്റ്റിന് കീഴിലെ അഭിമാന സ്തംഭങ്ങളിലൊന്നാണ് കോളജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ്. ചിന്നവേടംപട്ടിയിലെ വിശാലമായ കാമ്പസിലാണ് ISO 9001-2008 അംഗീകാരം നേടിയ സ്ഥാപനം. ഭാരതിയാർ സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം യൂനിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷന്റെ (യു.ജി.സി) ഏറ്റവും ഉയർന്ന അംഗീകാരമായ നാക് A++ റാങ്കും, യു.ജി.സിയുടെ മികച്ച കോളജുകൾക്കുള്ള' കോളേജ് വിത്ത് പൊട്ടെൻഷ്യൽ ഫോർ എക്സലൻസ് ' പദവിയും നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക സ്വാശ്രയ കോളജാണ് സി. എം. എസ്. 27 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളും നിരവധി റിസർച്ച് പ്രോഗ്രാമുകളും ഈ കോളേജിൽ നടത്തിവരുന്നു. തായ്ലന്റ്, ഭൂട്ടാൻ, ശ്രീലങ്ക, ഗൾഫ്, യൂറോപ്യൻ യൂനിയൻ, റുവാണ്ട, വിയറ്റ്നാം, ബുറുണ്ടി, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കോളജിൽ വിദ്യാർഥികളായുണ്ട്. 20 രാജ്യങ്ങളിൽ നിന്നായി 480 വിദേശ വിദ്യാർഥികൾ പഠിക്കുന്നു. ആൾ ഇന്ത്യ റാങ്കിങ് 72 ആണ്.
1994ൽ എം.ബി.എ കോഴ്സുകൾക്ക് തുടക്കമായെങ്കിലും 2007ൽ സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങി. സി.എം.എസ് അക്കാദമി ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിന് 2009ൽ ബീജാവാപം നൽകി. ഈ രണ്ട് സ്ഥാപനങ്ങളും ഭാരതിയാർ സർവകലാശാലയുടെ അംഗീകാരമുള്ളവയാണ്. ചെന്നൈ അണ്ണ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തിരുമലയംപാളയത്തെ 27 ഏക്കർ വിസൃതമായ കാമ്പസ് എൻജിനീയറിങ് പഠന രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ്. .ഒന്നാം വർഷം മുതൽ തന്നെ നൽകിവരുന്ന പ്ലെയ്സ്മെന്റ് പരിശീലനം സി.എം.എസ് എൻജിനീയറിങ് കോളജിന്റെ സവിശേഷതയാണ്.
സംഗീത വിരുന്നൊരുക്കാൻ ‘ഇശൽ കൊയിലാണ്ടി’
അറിവിന്റെ അനുഭവ പാഠങ്ങൾക്കൊപ്പം മനസിന് കുളിരണിയാൻ സംഗീത വിരുന്നും എജുകഫേയിൽ കാത്തിരിക്കുന്നുണ്ട്. ‘ഇശൽ കൊയിലാണ്ടി’ മുട്ടിപ്പാട്ട് ടീമിന്റെ നേതൃത്വത്തിലാണ് എജകഫേയുടെ ആദ്യദിനം വൈകിട്ട് സംഗീത വിരുന്നൊരുങ്ങുന്നത്.
കൈമുട്ടി പാട്ടിന്റെ സുൽത്താൻമാർ എന്നറിയപ്പെടുന്ന ഈ കൂട്ടായ്മക്ക് ഏറെ ആരാധ കരുണ്ട്. വലിയ ആഘോഷങ്ങളിലടക്കം ട്രെൻഡാണ് മുട്ടിപ്പാട്ട്. കലാ പാരമ്പര്യമുള്ള ഒരുപറ്റം യുവാക്കൾ ഏറ്റെടുത്ത് ഹരമാക്കിയ മുട്ടിപ്പാട്ട് പ്രകടന സോഷ്യൽ മീഡിയയിലും വൈറലാണ്.
വേദിയിലേക്ക് വാഹന സൗകര്യം
മലപ്പുറം: മലപ്പുറം-കോട്ടക്കൽ റോഡിലെ റോസ്ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന എജുകഫേയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. കുന്നുമ്മലിൽനിന്നും കോട്ടപ്പടിയിൽനിന്നും വാഹന സൗകര്യം ഉണ്ടാകും. രാവിലെ ഒമ്പതുമുതൽ സർവിസ് ലഭ്യമാണ്. പരിപാടിക്ക് ശേഷം വൈകിട്ടും വിദ്യാർഥികൾക്കും കൂടെയുള്ളവർക്കും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9645006943, 9846503101.
പങ്കെടുക്കുന്നവരും സെഷനുകളും
- ഫിലിപ് മമ്പാട് (ഇന്റർനാഷനൽ മൈൻഡ് ട്രെയിനർ, മോട്ടിവേഷണൽ സ്പീക്കർ)
വിഷയം: വെല്ലുവിളികളെ സ്വീകരിക്കലും പരാജയത്തിൽനിന്ന് പഠിക്കലും
- അശ്വതി ശ്രീകാന്ത് (കലാകാരി, എഴുത്തുകാരി, ലൈഫ് കോച്ച്, ബികമിംഗ് വെൽനസ് സ്ഥാപക)
വിഷയം: ഡിജിറ്റൽ ഡീറ്റോക്സ്: ഡിജിറ്റൽ സ്ക്രീനുകളുടെ ലോകത്ത് അതിരുകൾ നിശ്ചയിക്കൽ
- ലിജീഷ് കുമാർ (ഡയറക്ടർ സൈലം ലേണിങ്)
വിഷയം: പ്രചോദനാത്മകമായ വിജയ കഥകൾ
- സി. മുഹമ്മദ് അജ്മൽ (എൻജിനീയർ, അധ്യാപകൻ, സംരംഭകൻ)
വിഷയം: എ.ഐ യുഗത്തിൽ കരിയറിനായി തയാറെടുക്കൽ
- ഡോ. അജിത് എബ്രഹാം (വൈസ് ചാൻസലർ, സ്കൂൾ ഓഫ് എ.ഐ-സായി യൂനിവേഴ്സിറ്റി)
വിഷയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിവർത്തന ശക്തി
- ജാബിർ ഇസ്മായിൽ (ഫൗണ്ടർ ആൻഡ് സി.ഇ.ഒ, ബ്രിഡ്ജൺ)
വിഷയം: ഐടി കരിയറുകളുടെ ഭാവി; പ്രവണതകൾ, അവസരങ്ങൾ, വെല്ലുവിളികൾ
- ഡോ. അശ്വതി സോമൻ (ഡോക്ടർ, അഭിനേത്രി, ആർ.ജെ, അവതാരക)
വിഷയം: വിദ്യാർഥി ജീവിതത്തിന്റെ വൈകാരിക പ്രകൃതിയിലൂടെ ഒരു സഞ്ചരം
- എം. മുഹമ്മദ് ബാസിം (ഫോട്ടോഗ്രാഫർ)
വിഷയം: ചിത്രത്തിനപ്പുറം, വൈദഗ്ധ്യവും കലാപരതയും പ്രദർശിപ്പിക്കുന്നു
- ഫറാഷ് ഐ.പി.എസ് (എസ്.പി, സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്)
വിഷയം: ഭരണത്തിന്റെ നട്ടെല്ല്: ധീരമായ സിവിൽ സർവിസ് പ്രവർത്തനം
- ആർ.ജെ മാത്തുക്കുട്ടി (റേഡിയോ ജോക്കി, ടെലിവിഷൻ അവതാരകൻ, നടൻ, സംവിധായകൻ)
വിഷയം: ജാക്ക് ഓഫ് ആൾ, മാസ്റ്റർ ഓഫ് നൺ -മാത്യൂസ് സീക്രട്ട്
- ജിയാസ് ജമാൽ (അഭിഭാഷകൻ, സൈബർ നിയമ വിദഗ്ദ്ധൻ, ഇ-കോമേഴ്സ് വിദഗ്ദൻ)
വിഷയം: സൈബർ സുരക്ഷയുടെ ഭാവി
- ഡോ. എസ്. അനന്തു (ഫൗണ്ടർ ആൻഡ് സി.ഇ.ഒ -സൈലം ലേണിങ്)
വിഷയം: പാഷൻ പ്രൊഫഷനെ കണ്ടുമുട്ടുമ്പോൾ
- മൻസൂറലി കപ്പുങ്കൽ (അധ്യാപകൻ, മോട്ടിവേഷനൽ സ്പീക്കർ, സൈലം പി.എസ്.സി മേധാവി)
വിഷയം: അക്കാദമിക് വിജയത്തിനായുള്ള ഫലപ്രദമായ പഠന തന്ത്രങ്ങൾ, സർക്കാർ ജോലി ഉറപ്പാക്കാം
- മിഥുൻ മിത്വ (കോർപറേറ്റ് പരിശീലകൻ, മോട്ടിവേഷനൽ പരിശീലകൻ, സോഫ്റ്റ് സ്കിൽ പരിശീലകൻ)
വിഷയം: കോമേഴ്സിന്റെ ഭാവി
- താഹിർ ബോണഫൈഡ് (മോട്ടിവേഷനൽ സ്പീക്കർ, മെന്റലിസ്റ്റ്, മൈൻഡ് മെന്റർ)
വിഷയം: മൈൻഡ് ഓവർ മാറ്റർ. ലേണിങ്-വർക്ക്ഷോപ്പ് പരിവർത്തിപ്പിക്കുക
- അഖില ആർ. ഗോമസ് (അക്കാദമിക് ഇന്നൊവേഷൻസ് മേധാവി, യു.ഡബ്ല്യു.ആർ)
വിഷയം: എല്ലാവർക്കും എ.ഐ
- ജാഫർ സാദിഖ് (കരിയർ കൗൺസിലർ, സിജി)
വിഷയം: നാളത്തെ കരിയറിനായുള്ള കോഴ്സുകൾ
- സുജിത് ഭക്തൻ (ഇൻഫ്ലുവൻസർ, ട്രാവൽ വ്ലോഗർ)
വിഷയം: നിങ്ങളുടെ പാഷന് ചുറ്റും ഒരു കമ്മ്യൂണിറ്റി എങ്ങനെ കെട്ടിപ്പടുക്കാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.