മാധ്യമം 'എജുകഫെ' വിദ്യാഭ്യാസമേളക്ക് തുടക്കം
text_fieldsകോഴിക്കോട്: മാധ്യമം 'എജുകഫെ' വിദ്യാഭ്യാസമേളക്ക് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ തുടക്കമായി. കഴിഞ്ഞ ഏഴുവർഷവും ഗൾഫ് രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലെത്തുന്നത്.
വിദഗ്ധർ പങ്കെടുക്കുന്ന, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികളാണ് രണ്ടു ദിവസം അരങ്ങേറുക. ഫെസ്റ്റ് കാലിക്കറ്റ് എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടറും പ്രഫസറുമായ ഡോ. പി.എസ്. സതീദേവി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.15ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സിറ്റി പൊലീസ് കമീഷണർ എ. അക്ബർ , മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, സൈലം ലേണിങ് ഡയറക്ടർ ലിജീഷ് കുമാർ, ടാൽറോപ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് സി.ഇ.ഒ മുഹമ്മദ് നിയാസ് എന്നിവർ സംബന്ധിക്കും.
മേളയിലൊരുക്കിയ എക്സിബിഷൻ കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് സന്ദർശിച്ചു. സബ് ജഡ്ജും ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ ഷൈജൽ എം.പി ക്ലാസെടുത്തു.
വെള്ളിയാഴ്ചയിലെ സെഷനുകൾ: ഉച്ച 2.15 - സിജി ടീം അംഗങ്ങളായ സക്കറിയ എം.വി, അസ്കർ കെ, സബിത എം. എന്നിവർ നയിക്കുന്ന ക്ലാസ്. 3.15 - ഡോ. അനന്തു എസ്. 3.45- മുഹമ്മദ് ഇഖ്ബാൽ ആർ., 5.30 - സഫീർ നജ്മുദ്ദീൻ, വൈകു. 6.00 മജീഷ്യൻ ദയാനിധി.
21 രാവിലെ 10.30ന് അന്താരാഷ്ട്ര പ്രചോദക പ്രഭാഷകൻ ഡോ. മാണി പോൾ ക്ലാസ് നയിക്കും. 11.45ന് വിദേശപഠനത്തെക്കുറിച്ച് അഷ്റഫ് ടി.പി സെഷൻ നയിക്കും. ഉച്ച 12ന് പ്രമുഖ മാധ്യമപ്രവർത്തകനും അധ്യാപകനുമായ ഡോ. അരുൺ കുമാർ വിദ്യാർഥികളുമായി സംവദിക്കും.
ഉച്ച രണ്ടുമണിക്ക് ടോപ്പേഴ്സ് ടോക്ക്, മൂന്നിന് സൈലം 'ബസ് ദ ബ്രെയിൻ' ഗ്രാൻഡ് ഫിനാലെ, 3.30ന് ഫെസൽ പി. സെയ്ദ് നയിക്കുന്ന ക്ലാസ് എന്നിവയും അരങ്ങേറും. വൈകീട്ട് നാലിന് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് 'ദ ആർട് ഓഫ് സക്സസ്' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 5.30ന് ഇന്റർനാഷനൽ ഹിപ്നോസിസ് മെന്റർ മാജിക് ലിയോയുടെ പരിപാടിയും നടക്കും.
സിജി 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകൾ തുടങ്ങി നിരവധി പരിപാടികൾ എജുകഫെയിലുണ്ടാകും.
കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും. സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.