'മഞ്ചാടി' പദ്ധതി മുഴുവൻ സ്കൂളുകളിലേക്കും
text_fieldsതിരുവനന്തപുരം: പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ 'മഞ്ചാടി' ഘട്ടംഘട്ടമായി മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ 100 സ്കൂളുകളിൽ ഈ വർഷം പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നവകേരളം കർമപദ്ധതി സംസ്ഥാനതല അവലോകന യോഗത്തിലാണ് നിർദേശം.
'വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിനിന്റെ ഭാഗമായി ജനുവരി 26 മുതൽ 30 വരെ ഒറ്റത്തവണ ശുചീകരണയജ്ഞം നടത്തും. ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നത് കർശനമായി തടയണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കാൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിൻ ശക്തിപ്പെടുത്തണം.
ലൈഫ് പദ്ധതിയിൽ കരാർ വെക്കൽ, നിർമാണം, പൂർത്തീകരിക്കൽ ഘട്ടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഇടപെടൽ വളരെ പ്രധാനമാണ്. അവരെ അതിന് പ്രാപ്തരാക്കാൻ ലൈഫ് മിഷന് കഴിയണം. വിവിധ സാമൂഹികസംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനാകണം. ജനകീയ പങ്കാളിത്തം എല്ലാ ഘട്ടങ്ങളിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹിമാൻ, വീണ ജോർജ്, നവകേരളം കർമപദ്ധതി കോഓഡിനേറ്റർ ടി.എൻ. സീമ, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.