വിദേശ മെഡിക്കൽ പഠനത്തിന് കുത്തൊഴുക്ക്; ചികിത്സ അംഗീകാരമുള്ളവർ നാമമാത്രം
text_fieldsപാലക്കാട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പ്രതിവർഷം ആയിരക്കണക്കിന് പേർ വിദേശത്ത് പോയി പഠിക്കുന്നുണ്ടെങ്കിലും ചികിത്സിക്കാൻ അംഗീകാരം ലഭിച്ചത് 3212 പേർക്ക് മാത്രം. ഈ മാസം വരെയുള്ള കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ കണക്കാണിത്. മെഡിക്കൽ കൗൺസിലിന്റെ ചികിത്സ അംഗീകാരമില്ലാതെ നിരവധി ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന ആരോപണത്തിന്റെ വസ്തുതകളിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. എന്നാൽ, 2020 മുതലുള്ള വർഷങ്ങളിൽ അംഗീകാരം നൽകിയവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 2019ൽ 82 പേർക്കാണ് അംഗീകാരം നൽകിയതെങ്കിൽ 2020, 2021, 2022 വർഷങ്ങളിൽ യഥാക്രമം 206, 413, 354 പേർക്ക് രജിസ്ട്രേഷൻ നൽകി.
ഈ വർഷം ജൂൺ വരെ 260 പേരാണ് അംഗത്വം നേടി സംസ്ഥാനത്ത് പുതുതായി ചികിത്സിച്ചുതുടങ്ങിയത്.ആയിരക്കണക്കിന് പേർ സംസ്ഥാനത്തുനിന്ന് മെഡിക്കൽ ബിരുദധാരികളാകാൻ വിദേശത്ത് പോകുന്നുണ്ടെങ്കിലും ഇതിന് ആനുപാതികമായ എണ്ണം ചികിത്സ അംഗീകാര പട്ടികയിൽ ഉൾപ്പെടാത്തത് എന്താണെന്നതിൽ വിശദപഠനം ആവശ്യമാണ്. സംസ്ഥാനത്ത് രജിസ്ട്രേഷൻ അംഗീകാരത്തിനായി പ്രതിവർഷം 500-550 അപേക്ഷകൾ ലഭിക്കുന്നുണ്ട്.
വിശദ പരിശോധനക്ക് വിധേയമാക്കിയാണ് അന്തിമപട്ടിക തയാറാക്കുന്നത്. 2023ൽ താൽക്കാലിക അംഗത്വമെടുക്കാൻ ഇതുവരെ അറുനൂറിലേറെ അപേക്ഷകൾ വന്നിരുന്നു. ഇന്റേൺഷിപ്പിനായുള്ള മെഡിക്കൽ ബിരുദം പൂർത്തിയായവർക്കായാണ് താൽക്കാലിക രജിസ്ട്രേഷൻ.
സംസ്ഥാനത്തെ മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ളവരാണ് പ്രധാനമായും ചൈന, യുക്രെയ്ൻ, റഷ്യ, കസാഖ്സ്താൻ, തജികിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നത്.2010ന് ശേഷം വിദേശ യൂനിവേഴ്സിറ്റികളിൽ പോയി പഠിക്കുന്നവരുടെ എണ്ണം ഏറെ വർധിച്ചു. പഠനശേഷം തിരിച്ച് നാട്ടിൽ ഇന്റേൺഷിപ് ചെയ്യണമെങ്കിലും ചികിത്സ തേടണമെങ്കിലും ദേശീയ മെഡിക്കൽ കമീഷന്റെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകണം.
അതിന് ശേഷം അതത് സംസ്ഥാന മെഡിക്കൽ കൗൺസിലുകളിൽ താൽക്കാലിക അംഗത്വവും പിന്നീട് സ്ഥിര അംഗത്വവും നേടാം. 60 ശതമാനം പേരും എഫ്.എം.ജി.ഇ പരീക്ഷയിൽ പരാജയപ്പെടുന്നതും മെഡിക്കൽ കൗൺസിൽ അംഗത്വം കുറയാൻ കാരണമാകുന്നുണ്ട്.സംസ്ഥാനത്ത് തുടരുന്ന പലരും കൗൺസിൽ അംഗീകാരമില്ലാതെ തുടരുന്നവരാണ്. പല വൻകിട ആശുപത്രികളിൽപോലും അംഗീകാരമില്ലാത്ത ചികിത്സകരേറെയാണെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.