പരീക്ഷ: മാസ്ക് നിർബന്ധമെങ്കിലും കർശന മാനദണ്ഡങ്ങളുടെ പട്ടികയില്ല
text_fieldsതിരുവനന്തപുരം: മാസ്ക് നിർബന്ധമെങ്കിലും കർശന കോവിഡ് മാനദണ്ഡങ്ങളുടെ പട്ടിക ഒഴിവാക്കിയാണ് ഇത്തവണ സ്കൂൾ പൊതുപരീക്ഷകളുടെ നടത്തിപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം പരീക്ഷ നടത്തിപ്പെന്ന ഒറ്റവരി നിർദേശമാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയത്. 2020ലും 2021ലും കോവിഡ് വ്യാപനത്തിന്റെ ആശങ്കക്കിടയിൽ കുട്ടികളിൽ സാമൂഹിക അകലം ഉൾപ്പെടെ ഉറപ്പുവരുത്തിയായിരുന്നു പരീക്ഷയെങ്കിൽ ഇത്തവണ അത്തരം കർശന നിർദേശങ്ങളൊന്നും വിദ്യാഭ്യാസ വകുപ്പോ ആരോഗ്യ വകുപ്പോ പുറപ്പെടുവിച്ചിട്ടില്ല.
കഴിഞ്ഞ വർഷം പരീക്ഷക്കെത്തുമ്പോൾ കുട്ടികൾ കൂട്ടംകൂടുന്നത് തടയാൻ അധ്യാപകരെയും ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ഉൾപ്പെടെ ചുമതലപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളെയും ഒരേസമയം സ്കൂളിലെത്തിച്ച് സമ്പൂർണ അധ്യയനം തുടങ്ങിയിരുന്നു. ഇതിനുശേഷം മോഡൽ പരീക്ഷകളും പൂർത്തിയാക്കി. സ്കൂൾതലത്തിൽ കൈകൾ ശുചീകരിക്കാനും താപനില പരിശോധിക്കാനും ക്രമീകരണമൊരുക്കും.
രോഗമുള്ളവർക്കും ലക്ഷണമുള്ളവർക്കും പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യമുണ്ടാകും. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവായതിനാൽ ചുരുക്കം സ്കൂളുകളിലേ ഈ ക്രമീകരണം ആവശ്യമുണ്ടാകൂ. രോഗവ്യാപന സാഹചര്യത്തിലെ ആശങ്ക നിറഞ്ഞ അവസ്ഥ മാറി ആശ്വാസത്തോടെ പരീക്ഷയെഴുതാനാകുന്നത് കുട്ടികളിൽ മാനസിക സമ്മർദം കുറക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും വഴിയൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.