എം.ബി.ബി.എസ് അനാട്ടമി പരീക്ഷ വലച്ചു; പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: കോവിഡ് കാരണം ക്ലാസ് റൂം അധ്യയനവും ക്ലിനിക്കൽ പരിശീലനവും ലഭിക്കാത്ത വിദ്യാർഥികളെ പരീക്ഷിച്ച് ആരോഗ്യ സർവകലാശാലയുടെ ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷ. ബുധനാഴ്ച നടന്ന അനാട്ടമി പേപ്പർ രണ്ട് പരീക്ഷയാണ് വിദ്യാർഥികൾക്ക് കടുത്ത പരീക്ഷണമായത്. ചോദ്യേപപ്പറിലെ 15 മാർക്കിന് വീതം ഉത്തരമെഴുതേണ്ട രണ്ട് ഉപന്യാസ ചോദ്യങ്ങളാണ് വിദ്യാർഥികളെ വലച്ചത്.
ഒരു ചോദ്യം സൂപ്പർ സ്പെഷാലിറ്റി തലത്തിലും മറ്റൊന്ന് ജനറൽ സർജറി തലത്തിലുമുള്ള ചോദ്യമായിരുന്നെന്ന് സർക്കാർ മെഡിക്കൽ കോളജുകളിലെ സീനിയർ അധ്യാപകർതന്നെ പറയുന്നു. നൂറ് മാർക്കിെൻറ പരീക്ഷയിൽ 30 മാർക്കിനുള്ള രണ്ട് ഉപന്യാസ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനാകാതെ വിദ്യാർഥികൾ വിയർത്തു. ഉപന്യാസ ചോദ്യം കണ്ടതോടെ പല വിദ്യാർഥികൾക്കും മറ്റ് ചോദ്യങ്ങൾക്കുപോലും നേരാംവണ്ണം ഉത്തരമെഴുതാനാകാത്ത സാഹചര്യവുമുണ്ടായി.
ശരീരഭാഗങ്ങൾ കീറിമുറിച്ചുള്ള പഠന, പരിശീലനം നടത്തിയവർക്ക് മാത്രം ഉത്തരമെഴുതാവുന്നതരത്തിലായിരുന്നു രണ്ട് ചോദ്യങ്ങളും. കോവിഡിനെതുടർന്ന് വീട്ടിലകപ്പെട്ട വിദ്യാർഥികൾക്ക് ക്ലിനിക്കൽ പരിശീലനം ലഭിച്ചിരുന്നില്ല.
പരീക്ഷ മാറ്റി നടത്തുകയോ രണ്ട് ഉപന്യാസ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തുകയോ ചെയ്യണമെന്ന് വിദ്യാർഥികളിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് രക്ഷാകർത്താക്കളുടെ സംഘടന സർവകലാശാല അധികൃതർക്ക് നിവേദനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.