എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: ഓപ്ഷൻ സമർപ്പണം 29 വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ ഈ മാസം 29ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി രണ്ടിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2021 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക ഓൺലൈൻ പേമെന്റ് മുഖേനയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖേനയോ ഒടുക്കിയശേഷം ഫെബ്രുവരി മൂന്ന് മുതൽ ഏഴിന് വൈകീട്ട് നാലിനകം കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
ഇഷ്ട കോളജുകളിലേക്ക് ഓപ്ഷൻ ആദ്യഘട്ടത്തിൽ
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ആദ്യ ഘട്ടത്തിൽ തന്നെ ഓപ്ഷൻ നൽകണം. പുതുതായി കോളജുകൾ ഉൾപ്പെടുത്താത്ത പക്ഷം തുടർന്നുള്ള ഘട്ടങ്ങളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിന് പുതുതായി ഓപ്ഷൻ നൽകാൻ അനുവദിക്കില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ റദ്ദാകും. തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യുമെന്നുറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവെച്ച വിദ്യാർഥികൾക്കും ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ, ഈ വിദ്യാർഥികൾ ഈ മാസം 28ന് വൈകീട്ട് മൂന്നിനകം ഫലം പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാത്ത പക്ഷം ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കില്ല.
സംവരണ ശതമാനം ഇങ്ങനെ
സ്റ്റേറ്റ് മെറിറ്റ്- 50
മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്)- 10
എസ്.ഇ.ബി.സി- 30
(ഈഴവ- 9, മുസ്ലിം- 8, പിന്നാക്ക ഹിന്ദു- 3, ലത്തീൻ കത്തോലിക്ക- 3, ധീവര, അവാന്തര വിഭാഗങ്ങൾ- 2, വിശ്വകർമ, അവാന്തര വിഭാഗങ്ങൾ- 2, കുശവ, അനുബന്ധ സമുദായങ്ങൾ- 1, പിന്നാക്ക കൃസ്ത്യൻ- 1, കുടുംബി- 1)
എസ്.സി- 8
എസ്.ടി- 2
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എസ്.സി- 70, എസ്.ടി- 2, സ്റ്റേറ്റ് മെറിറ്റ്- 13 എന്നിങ്ങനെയായിരിക്കും സീറ്റ് വിഹിതം. കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ 35 ശതമാനം സീറ്റുകൾ ഇ.എസ്.ഐ കോർപറേഷനിൽ ഇൻഷുർ ചെയ്ത അംഗങ്ങളുടെ മക്കൾക്കായിരിക്കും. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ ഈ ഘട്ടത്തിൽ ഓപ്ഷൻ സമർപ്പിക്കണം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് ജനനസ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാർഥികളെയും ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും.
മെഡിക്കൽ കോളജുകളും സീറ്റും
ഗവ. മെഡിക്കൽ കോളജുകൾ
തിരുവനന്തപുരം- 250
കൊല്ലം- 110
ആലപ്പുഴ- 175
കോട്ടയം- 175
എറണാകുളം -110
തൃശൂർ- 175
പാലക്കാട്- 100
മഞ്ചേരി- 110
കോഴിക്കോട്- 250
കണ്ണൂർ പരിയാരം- 100
സ്വാശ്രയ മെഡിക്കൽ കോളജുകൾ
അമല, തൃശൂർ- 100
അസീസിയ, കൊല്ലം- 100
ബിലീവേഴ്സ് ചർച്ച്, തിരുവല്ല- 100
എം.ഇ.എസ്, പെരിന്തൽമണ്ണ- 150
ശ്രീഗോകുലം, വെഞ്ഞാറമൂട്- 150
ജൂബിലി മിഷൻ, തൃശൂർ- 100
പി.കെ ദാസ്, ഒറ്റപ്പാലം- 150
മലങ്കര, കോലഞ്ചേരി- 100
മലബാർ, കോഴിക്കോട്- 150
പുഷ്പഗിരി, തിരുവല്ല -100
ട്രാവൻകൂർ, കൊല്ലം- 150
കെ.എം.സി.ടി കോഴിക്കോട്- 150
കരുണ, പാലക്കാട്- 100
ശ്രീനാരായണ, എറണാകുളം- 100
കാരക്കോണം സി.എസ്.ഐ- 150
മൗണ്ട് സിയോൺ പത്തനംതിട്ട- 100
അൽ അസ്ഹർ തൊടുപുഴ- 150
ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് വയനാട്- 150
എസ്.യു.ടി, തിരുവനന്തപുരം- 100
ഫീസ്
ഗവ. മെഡിക്കൽ കോളജ് -എം.ബി.ബി.എസ് -27580 രൂപ
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ 6,61,168 രൂപ മുതൽ 7,65,400 രൂപ വരെ. കോളജ് തിരിച്ചുള്ള ഫീസ് ഘടന പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഗവ. ഡെന്റൽ കോളജ്, ബി.ഡി.എസ് -25380 രൂപ
സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകൾ - 3,21,300 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.