എം.ബി.ബി.എസ് ക്ലാസുകൾ നവംബർ 15ന് തുടങ്ങും
text_fieldsന്യൂഡൽഹി: 2022-23 എം.ബി.ബി.എസ് ബാച്ചിന്റെ ക്ലാസുകൾ 2022 നവംബർ 15ന് തുടങ്ങും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമീഷൻ പുറപ്പെടുവിച്ചു. റെഗുലർ പരീക്ഷകൾക്കും സപ്ലിമെന്ററി പരീക്ഷകൾക്കും ഒരു മാസ ഇടവേള വേണം. ഫലം 15 ദിവസത്തിനകം പ്രസിദ്ധീകരിക്കണം. സപ്ലിമെന്ററി ബാച്ചുകൾ ഉണ്ടാവരുമെന്നും കമീഷൻ വ്യക്തമാക്കി.
ഒന്നാം വർഷ ക്ലാസുകൾ 2022 നവംബർ 15ന് ആരംഭിച്ച് 2023 ഡിസംബർ 15ന് അവസാനിക്കും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ് വിഷയങ്ങൾ. ആകെ 13 മാസമായിരിക്കും ക്ലാസുകൾ. രണ്ടാം വർഷം 2023 ഡിസംബർ 16ന് ആരംഭിച്ച് 2025 ജനുവരി 15ന് അവസാനിക്കും.
പതോളജി, മൈക്രോ ബയോളജി, ഫാർമകോളജി എന്നിവയാണ് വിഷയങ്ങൾ. 13 മാസമാണ് ദൈർഘ്യം. മൂന്നാം വർഷം (III പാർട്ട്-1) 2025 ജനുവരി 16ന് ആരംഭിച്ച് നവംബർ 30ന് അവസാനിക്കും. ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സികോളജി ആൻഡ് കമ്യൂണിറ്റി മെഡിസിൻ/പി.എസ്.എം എന്നിവയാണ് വിഷയങ്ങൾ.
പത്തര മാസമായിരിക്കും ദൈർഘ്യം. നാലാം വർഷ ക്ലാസുകൾ (III-പാർട്ട്-2) 2025 ഡിസംബറിൽ തുടങ്ങി 2027 മേയിൽ അവസാനിക്കും. ജനറൽ സർജറി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി എന്നിവയാണ് വിഷയങ്ങൾ.
17.5 മാസമാണ് കോഴ്സ് ദൈർഘ്യം. ഇന്റേൺഷിപ്പ് 2027 ജൂൺ ഒന്നിന് ആരംഭിച്ച് 2028 മേയ് 31ന് അവസാനിക്കും. 2021ലെ സി.ആർ.എം.ഐ റെഗുലേഷൻസ് അനുസരിച്ചായിരിക്കും വിഷയങ്ങൾ. 12 മാസമാണ് കാലാവധി. പി.ജി. ക്ലാസുകൾ 2028 ജൂലൈ ഒന്നിന് തുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.