എം.ബി.ബി.എസ്: യൂറോപ്യൻ യൂനി.പ്രതിനിധികൾ ഇന്ന് കൊച്ചിയിൽ
text_fieldsകൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യൂറോപ്യൻ സർവകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരം. ജോർജിയയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിചയപ്പെടുത്താനും നേരിട്ട് അഡ്മിഷനുള്ള അവസരം ഒരുക്കാനും ‘മാധ്യമം’ സംഘടിപ്പിക്കുന്ന സൗജന്യ അന്താരാഷ്ട്ര സെമിനാറിലാണ് യൂറോപ്യൻ സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുക.
തിങ്കളാഴ്ച രാവിലെ 9.30ന് എറണാകുളം പാലാരിവട്ടം സിവിൽ ലൈൻ റോഡിലെ ലക്സോ ടൗൺബ്രിഡ്ജ് ഹോട്ടലിൽ നടക്കുന്ന സെമിനാറിൽ യൂറോപ്യൻ യൂനിവേഴ്സിറ്റി വൈസ് പ്രസിഡൻറ് ടമാർ സർഗിനാവ, യൂനിവേഴ്സിറ്റി റെക്ടർ ഗോച്ച ടുട്ബെറിഡ്സെ, യൂറോപ്യൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡീൻ ആൻഡ് ഫാക്കൽറ്റി ഓഫ് മെഡിസിൻ നിനോ പടാരായ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും.
സെമിനാറിലെത്തുന്ന വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിൽ സീറ്റ് ഉറപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടും ശനിയാഴ്ച കോട്ടക്കലിലും സെമിനാർ നടന്നിരുന്നു. ഈ സെമിനാറിൽ പങ്കെടുത്ത വിദ്യാർഥികളിൽ 25ഓളം വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിലേക്ക് നേരിട്ട് അഡ്മിഷൻ നേടി. നിലവിൽ കേരളത്തിൽനിന്ന് 40 സീറ്റുകൾ മാത്രമാണ് ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്സിറ്റിയിലേക്ക് അഡ്മിഷന് അവസരം നൽകുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിന് വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും.
വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സെമിനാർ. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് സെമിനാറിൽ അവസരം. രജിസ്ട്രേഷന് 9645006838, 9645006265 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.