മധ്യപ്രദേശിലെ എം.ബി.ബി.എസ് സിലബസിലെ ചിന്തകരുടെ പട്ടികയിൽ ആർ.എസ്.എസ്, ജനസംഘ് സ്ഥാപകരും
text_fieldsഭോപാൽ: മധ്യപ്രദേശിലെ എം.ബി.ബി.എസ് സിലബസിലെ ചിന്തകരുടെ പട്ടികയിൽ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ഹെഡ്ഗേവാറിന്റെയും ജനസംഘ് സ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെയും പേരുകൾ. വിദ്യാർഥികളുടെ ബൗദ്ധിക വികാസത്തിനായി രാജ്യത്തെ ചിന്തകരുടെ തത്വങ്ങളും മൂല്യാധിഷ്ഠിത മെഡിക്കൽ വിദ്യാഭ്യാസവും ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗാമായാണിതെന്നാണ് സർക്കാർ വാദം.
ഹെഡ്ഗേവാറിനും ഉപാധ്യായക്കും പുറമെ ചരക മഹർഷി, ശുശ്രുതൻ, ഡോ. അംബേദ്കർ എന്നിവരുടെ പേരുകളും ഉൾപ്പെടും. കോഴ്സിൽ ഇവരുടെ പേരുകളും ഉൾപ്പെടുത്താൻ എല്ലാ വകുപ്പുകൾക്കും നോട്ടീസ് അയച്ചതായി മധ്യപ്രദേശ് മെഡിക്കൽ എജൂക്കേഷൻ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
2021-22ലെ അക്കാദമിക് സെക്ഷൻ മുതൽ എം.ബി.ബി.എസ് ഫൗേണ്ടഷൻ കോഴ്സിലെ മെഡിക്കൽ എത്തിക്സ് പ്രഭാഷണത്തിന്‍റെ ഭാഗമാകും ഇവ. ഇവരെക്കുറിച്ച് പ്രഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍റെ സംസ്കാരം സംരക്ഷിക്കുകയും സമൂഹത്തെ സേവിക്കുകയും ചെയ്ത മഹാത്മാരെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിശ്വാസ് സാരംഗ് പറയുന്നു.
നെഹ്റുവിനെയും ഗാന്ധിജിയെയും ഉൾപ്പെടുത്താത്തത് എന്താണെന്ന് ചോദിച്ചപ്പോൾ സ്വാതന്ത്ര്യത്തിന് ശേഷം നെഹ്റുവിനെ മാത്രമേ പഠിച്ചിട്ടുള്ളുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിനാൽ ഹെഡ്ഗേവാറിനെയും ദീൻദയാൽ ഉപാധ്യായയെയും കുറിച്ച് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.
ഞങ്ങൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് പറയും അതിനാൽ ഹിന്ദുത്വം ഒരു മതം മാത്രമല്ല, ജീവിതരീതി കൂടിയാണെന്ന് ഞാൻ പറയുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, സിലബസിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.