മെഡി./എൻജി. പ്രവേശനം: ന്യൂനപക്ഷമെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ഇനി രേഖ
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവരിൽ ന്യൂനപക്ഷ (മൈനോറിറ്റി) വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ്. എസ്.എസ്.എൽ.സി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ/തഹസിൽദാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി/ നോൺക്രീമിലെയർ/മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. സംവരണം ലഭിക്കാനായി വില്ലേജ് ഓഫിസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ മൈനോറിറ്റിയാണെന്ന് തെളിയിക്കാൻ പ്രത്യേകം കമ്യൂണിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.
ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് കൂടാതെ റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതാണ്. 'വൺ ആൻഡ് ദ സെയിം' സർട്ടിഫിക്കറ്റിനു പകരം അപേക്ഷകൻ നൽകുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്‍റെയോ/ മാതാപിതാക്കളുടെയോ പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്‍റെ സത്യപ്രസ്താവന ഹാജരാക്കിയാൽ മതി.
തഹസിൽദാർ/വില്ലേജ് ഓഫിസർ നൽകുന്ന ജാതി/ സമുദായ സർട്ടിഫിക്കറ്റുകൾ കൂടാതെ, അപേക്ഷകന്‍റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അടിസ്ഥാന രേഖയായി പരിഗണിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഭാര്യയുടെയും ഭർത്താവിന്‍റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ/ വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ്രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി കണക്കാക്കും. ഈ രേഖ ഹാജരാക്കുന്നവർ സത്യവാങ്മൂലം നൽകുകയും വേണം. മാറ്റങ്ങൾക്കനുസൃതമായി ഭേദഗതിവരുത്തിയ പ്രോസ്പെക്ടസ് പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.