പഠന മികവിന് അംഗീകാരം വിദ്യാർഥികളെ ആദരിച്ച് മീഡിയവൺ ഗൾഫ് ടോപ്പേഴ്സ് മബ്റൂക്
text_fieldsറിയാദ്: നിതാന്തമായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി ലഭിച്ച വിദ്യാർഥികളുടെ ഉന്നത വിജയങ്ങൾക്ക് അംഗീകാരവും ബഹുമതിയും നൽകി മീഡിയവൺ ഗൾഫ് ടോപ്പേഴ്സ് മബ്റൂക് റിയാദ് എഡിഷന് ഉജ്ജ്വല പരിസമാപ്തി. അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢമായ സംഗമത്തിൽ റിയാദിലെ പത്താം ക്ലാസ്, പ്ലസ് ടു വിജയികളെയും രക്ഷിതാക്കളെയും അനുമോദിച്ചു. സൗദി-ഇന്ത്യ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ മീഡിയവൺ റിയാദ് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ താജുദ്ദീൻ ഓമശ്ശേരി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗൗരവത്തെ പറ്റിയുള്ള ചെറു പ്രഭാഷണങ്ങളും പോയകാലത്തെ പഠനകാല ഓർമകളും പങ്കുവെച്ച അതിഥികൾ വിദ്യാർഥികൾക്ക് അറിവിന്റെയും ചിന്തയുടെയും നുറുങ്ങുകൾ കൈമാറി. കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബോർഡ്, കോളജ് ഓഫ് മെഡിസിനിലെ മെഡിക്കൽ ഇൻഫർമാറ്റിക് ആൻഡ് ഇ-ലേണിങ് എന്നിവയുടെ ചെയർമാനുമായ പ്രഫ. അഹ്മദ് അൽ ബർറാക്ക് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു ലോകത്ത് കാലത്തോടൊപ്പം സഞ്ചരിക്കാൻ ശക്തിയാർജിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ആഹ്വാനം ചെയ്തു.
ഒപ്പം നമ്മെ വിജയത്തിന്റെ പടവുകൾ കയറാൻ പ്രാപ്തമാക്കുന്നത് മാതാപിതാക്കളാണെന്നും അറിവ് വർധിപ്പിക്കാൻ തന്റെ മാതാവ് നിരന്തരം പ്രചോദനം നൽകിയിരുന്നത് അനുസ്മരിച്ചുകൊണ്ട് പ്രഫസർ കുട്ടികളെ ഓർമിപ്പിച്ചു. ശേഷം 15 വിദ്യാർഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട് അഹ്മദ് ബർറാക്കിന് സ്നേഹോപഹാരം നൽകി. അമീർ സുൽത്താൻ യൂനിവേഴ്സിറ്റിയിലെ മുൻ പ്രഫസറും സ്മാർട്ട് ബിസിനസ് സൊലൂഷൻസ് എം.ഡിയുമായ സാറ അൽശരീഫ് മുഖ്യപ്രഭാഷണം നടത്തി. ഭാവിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം സാധ്യമാകട്ടെ എന്നാശംസിച്ച സാറ അൽശരീഫ്, മുന്നേറ്റത്തിനായി ടിപ്പുകൾ പങ്കുവെച്ചു. ചെയ്യാനുള്ള കാര്യങ്ങൾ രേഖപ്പെടുത്തുക, ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങുക, നൈരന്തര്യമുണ്ടാവുക, ആത്മവിശ്വാസത്തോടെ മുന്നേറുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ ടോപ്പേഴ്സിനോട് ആവശ്യപ്പെട്ടു.
15 വിദ്യാർഥികൾക്ക് മബ്റൂക് ആദരവ് സമ്മാനിച്ച സാറ അൽശരീഫിന് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട് ആദരഫലകം സമ്മാനിച്ചു. ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് (പ്രിൻസിപ്പൽ, അൽയാസ്മിൻ സ്കൂൾ), മീര റഹ്മാൻ (റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ) എന്നിവർ സംസാരിക്കുകയും കുട്ടികൾക്കുള്ള മബ്റൂക് മെഡലുകൾ വിതരണം നടത്തുകയും ചെയ്തു. ഇരുവർക്കുമുള്ള സ്നേഹോപഹാരം മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ സമ്മാനിച്ചു. ചടങ്ങിൽ അതിഥികളായ സൽമാൻ ഖാലിദ്, പ്രമുഖ ടെലിവിഷൻ ജേണലിസ്റ്റും മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തർ, മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ ഹെഡ് ഫർമീസ് എന്നിവർ ടോപ്പേഴ്സ് വിദ്യാർഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രായോജകരായ അൽ വഫ ഹൈപ്പർമാർക്കറ്റ്, ഐ.ഇ.എൽ.ടി.എസ്, റെഡ് സ്റ്റാർ, ഫ്രൻഡി, സീ ടെക് എന്നിവർക്കുള്ള മീഡിയവൺ ആദരഫലകം സി.ഇ.ഒ റോഷൻ കക്കാട് നൽകി.
ആതിഥേയത്വം വഹിച്ച അൽ യാസ്മിൻ സ്കൂളിനുള്ള ഉപഹാരം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.ഇ. ബഷീർ അഡ്മിൻ മാനേജർ സനോജിന് നൽകി. മീഡിയവൺ മബ്റൂക് കോഓഡിനേഷൻ കമ്മിറ്റിയംഗം എം.പി. ഷഹ്ദാൻ നന്ദി പറഞ്ഞു. ശബി മൻസൂർ പരിപാടിയുടെ അവതാരകയായിരുന്നു. ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളായ സലീം മാഹി, സദറുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ, പ്രവാസി പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് എന്നിവർ സംബന്ധിച്ചു.
മീഡിയവൺ സൗദി കറസ്പോണ്ടന്റ് അഫ്താബ് റഹ്മാൻ, മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന, പ്രൊഡക്ഷൻ ഹെഡ് ഷാജഹാൻ, കോഓഡിനേഷൻ കമ്മിറ്റിയംഗം അഹ്ഫാൻ എന്നിവർ സാങ്കേതിക പിന്തുണ നൽകി. സ്പോട്ട് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് നൗഷിർ, ഫജ്ന ഷഹ്ദാൻ, സാബിറ ലബീബ്, മുനീബ്, ഷഹ്ദാൻ എന്നിവർ നേതൃത്വം നൽകി. ഹിബ ബഷീർ, അസ്റ റഈസ്, ലംഹ ലബീബ്, നൂറ ഫാത്തിമ എന്നീ വിദ്യാർഥികൾ സുഹൈലിന്റെ നേതൃത്വത്തിൽ അവാർഡ് വിതരണ ചടങ്ങുകൾക്ക് മുന്നിൽ നിന്നു. ഫൈസൽ കൊല്ലം, ശിഹാബ് കുണ്ടൂർ, ബാരിഷ് ചെമ്പകശ്ശേരി, റെനീസ്, ഷാനിദ് അലി, അസീസ് വെള്ളില, ശുകൂർ പൂക്കയിൽ, ഷമീർ വണ്ടൂർ, ബാസിത് കക്കോടി, ഷമീർ മേലേതിൽ, നബീൽ, അഫ്സൽ, റുഫൈദ്, ജവാദ്, അബ്ദുല്ല തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.