മെഡിക്കൽ പ്രവേശനം; അഖിലേന്ത്യാ/ സംസ്ഥാന ക്വോട്ട പ്രവേശന നടപടികൾ -അറിയേണ്ടതെല്ലാം
text_fieldsഅഖിലേന്ത്യാ ക്വോട്ട മെഡിക്കൽ, ഡെൻറൽ, നഴ്സിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള എം.സി.സി കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ നടപടികൾ www.mcc.nic.in എന്ന വെബ്സൈറ്റ് വഴി ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹാജരായ നീറ്റ്-യു.ജി സ്കോറിനെ/ റാങ്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശന നടപടികൾ. മെഡിക്കൽ(എം.ബി.ബി.എസ്), ഡെൻറൽ (ബി.ഡി.എസ്) കോഴ്സുകളിലേക്ക് രണ്ട് രീതിയിലാണ് കൗൺസലിങ് നടപടികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി) സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറേറ്റും വെവ്വേറെ നടത്തുന്ന കൗൺസലിങ് നടപടികളിൽ വിദ്യാർഥികൾക്ക് ഒരേ സമയം പങ്കെടുക്കാം. ഇതിൽ എം.സി.സി കൗൺസലിങ്ങിനുള്ള സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന പ്രവേശനത്തിനുള്ള സമയക്രമം വൈകാതെ പ്രസിദ്ധീകരിക്കും.
അഖിലേന്ത്യാ ക്വോട്ടയും സംസ്ഥാന ക്വോട്ടയും:
നീറ്റ് പരീക്ഷയിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് രാജ്യത്തെ ഏത് മെഡിക്കൽ കോളജിലും പ്രവേശനത്തിനുള്ള അവസരം ലഭ്യമാക്കുന്നതാണ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന നീറ്റ്-യു.ജി കൗൺസലിങ്. സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ ഒന്നിച്ചെടുത്താണ് നീറ്റ്-യു.ജി കൗൺസലിങ് നടത്തുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എയിംസ്, ജിപ്മെർ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഡൽഹി, അലീഗഢ്, ബനാറസ് തുടങ്ങിയ കേന്ദ്രസർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലേക്കും കൽപിത സർവകലാശാല പദവിയുള്ള മെഡിക്കൽ സ്ഥാപനങ്ങളിലേക്കുള്ളതും എം.സി.സിയാണ് പ്രവേശനം നടത്തുന്നത്. എം.ബി.ബി.എസിന് പുറമെ ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ഇതോടൊപ്പം എം.സി.സി കൗൺസലിങ് നടത്തുന്നു. www.mcc.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താണ് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടത്.
പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കല് കോളജില് (എ.എഫ്.എം.സി) എം.ബി.ബി.എസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ മാത്രമാണ് എം.സി.സി കൗൺസലിങ്ങിലൂടെ നടത്തുന്നത്. എ.എഫ്.എം.സിയിൽ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടിക എം.സി.സി, എ.എഫ്.എം.സിക്ക് കൈമാറും. തുടർന്നുള്ള ഘട്ടം എ.എഫ്.എം.സി തലത്തിലായിരിക്കും.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കുമായി പ്രവേശന പരീക്ഷ കമീഷണറേറ്റാണ് സംസ്ഥാന ക്വോട്ടയിലേക്ക് പ്രവേശനം നടത്തുന്നത്. www.cee.kerala.gov.in വഴിയാണ് പ്രവേശന നടപടികൾ. നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണർ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന ക്വോട്ടയിലെ പ്രവേശനം.
അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് സമയക്രമം:
* ഒന്നാം റൗണ്ട്: രജിസ്ട്രേഷൻ/ ഫീസടക്കൽ: ജൂലൈ 20 മുതൽ 25 വരെ. ചോയ്സ് ലോക്കിങ്/ ഫില്ലിങ്: ജൂലൈ 22 മുതൽ 26 വരെ. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കൽ: ജൂലൈ 29. രേഖകൾ എം.സി.സി പോർട്ടലിൽ അപ്ലോഡ് ചെയ്യൽ: ജൂലൈ 30ന്. പ്രവേശനം: ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ.
*രണ്ടാം റൗണ്ട് രജിസ്ട്രേഷനും ഫീസടക്കലും: ആഗസ്റ്റ് ഒമ്പത് മുതൽ 14 വരെ. ചോയ്സ് ഫില്ലിങ്/ ലോക്കിങ്: ആഗസ്റ്റ് 10 മുതൽ 15 വരെ. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കൽ: ആഗസ്റ്റ് 18. രേഖകൾ അപ്ലോഡ് ചെയ്യൽ: ആഗസ്റ്റ് 19. പ്രവേശനം നേടൽ: ആഗസ്റ്റ് 20 മുതൽ 28 വരെ.
* മൂന്നാം റൗണ്ട് രജിസ്ട്രേഷനും ഫീസടക്കലും: ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ. ചോയ്സ് ഫില്ലിങ്/ ലോക്കിങ്: സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കൽ: സെപ്റ്റംബർ എട്ട്. രേഖകൾ അപ്ലോഡ് ചെയ്യൽ: സെപ്റ്റംബർ ഒമ്പത്. പ്രവേശനം നേടൽ: സെപ്റ്റംബർ പത്ത് മുതൽ 18 വരെ.
*സ്ട്രേ വേക്കൻസി രജിസ്ട്രേഷനും ഫീസടക്കലും: സെപ്റ്റംബർ 21 മുതൽ 23 വരെ. ചോയ്സ് ഫില്ലിങ്/ ലോക്കിങ്: സെപ്റ്റംബർ 22 മുതൽ 24 വരെ. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കൽ: സെപ്റ്റംബർ 26. പ്രവേശനം നേടൽ: സെപ്റ്റംബർ 27 മുതൽ 30.
സീറ്റ് സംവരണം ശതമാനത്തിൽ
സംസ്ഥാന ക്വോട്ട സ്റ്റേറ്റ് മെറിറ്റ് 50 സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10
എസ്.ഇ.ബി.സി 30 (ഈഴവ (EZ) ഒമ്പത്, മുസ്ലിം (MU) എട്ട്, പിന്നാക്ക ഹിന്ദു (BH) മൂന്ന്, ലാറ്റിൻ കാത്തലിക് ആന്ഡ് ആംഗ്ലോ ഇന്ത്യൻ (LA) മൂന്ന്, ധീവര (DV) രണ്ട്, വിശ്വകർമ(VK) രണ്ട്, കുശവൻ (KN) ഒന്ന്, പിന്നാക്ക ക്രിസ്ത്യൻ(BX) ഒന്ന്, കുടുംബി(KU) ഒന്ന്, പട്ടികജാതി (SC) എട്ട്, പട്ടികവർഗം (ST) രണ്ട്.
അഖിലേന്ത്യാ ക്വോട്ട സംവരണം
ഒ.ബി.സി (നോൺ ക്രീമിലെയർ) 27
സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10
എസ്.സി 15
എസ്.ടി 7.5
ഭിന്നശേഷി - 5 (ഹൊറിസോണ്ടൽ സംവരണം)
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകൾ
കണ്ണൂർ 100
കോഴിക്കോട് 250
മഞ്ചേരി 110
പാലക്കാട് 100
തൃശൂർ 175
എറണാകുളം 110
ആലപ്പുഴ 175
കോട്ടയം 175
ഇടുക്കി 100
കോന്നി 100
കൊല്ലം പാരിപ്പള്ളി 110
തിരുവനന്തപുരം 250
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ:
കോഴിക്കോട് മലബാർ -200
വയനാട് ഡി.എം വിംസ് -150
കോഴിക്കോട് കെ.എം.സി.ടി -150
പെരിന്തൽമണ്ണ എം.ഇ.എസ് -150
ഒറ്റപ്പാലം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് -150
പാലക്കാട് കരുണ -100
തൃശൂർ അമല -100
തൃശൂർ ജൂബിലി മിഷൻ -100
എറണാകുളം ശ്രീനാരായണ -150
കോലഞ്ചേരി മലങ്കര -100
തിരുവല്ല പുഷ്പഗിരി -100
തിരുവല്ല ബിലീവേഴ്സ് ചർച്ച് -100
തൊടുപുഴ അൽ അസ്ഹർ -150
പത്തനംതിട്ട മൗണ്ട് സിയോൺ -100
കൊല്ലം ട്രാവൻകൂർ -150
കൊല്ലം അസീസിയ -100
തിരുവനന്തപുരം ശ്രീഗോകുലം -150
തിരുവനന്തപുരം എസ്.യു.ടി -100
കാരക്കോണം സി.എസ്.ഐ -150
നീറ്റ് യോഗ്യത
മൊത്തം 720 മാർക്കുള്ള നീറ്റ് പരീക്ഷയിൽ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് (ഇ.ഡബ്ല്യു.എസ്) 137, ഒ.ബി.സി/പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷി (ഒ.ബി.സി, പട്ടികജാതി) 107, ഭിന്നശേഷി (ജനറൽ, ഇ.ഡബ്ല്യു.എസ് ) 121, ഭിന്നശേഷി (പട്ടികവർഗം) 108 സ്കോർ നേടിയവർക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടായിരിക്കും.
പ്രവേശന നടപടികളിലെ മാറ്റം അറിഞ്ഞിരിക്കുക:
മൂന്ന് മുഖ്യഘട്ടവും സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടും ഉൾപ്പെടെ നാല് റൗണ്ടുകൾ ചേർന്നതാണ് അഖിലേന്ത്യ ക്വോട്ട കൗൺസലിങ് നടപടികൾ. കഴിഞ്ഞവർഷം രണ്ട് മുഖ്യഘട്ടവും മോപ് അപ് റൗണ്ടും സ്ട്രേ വേക്കൻസി ഫില്ലിങ്ങുമായിരുന്നു കൗൺസലിങ് റൗണ്ടുകൾ. മോപ് അപ് റൗണ്ട് ഇത്തവണ മുതൽ മൂന്നാം റൗണ്ട് കൗൺസലിങ് ആക്കി മാറ്റിയിട്ടുണ്ട്. ഇതിനനുസൃതമായി പ്രവേശനം/ സീറ്റൊഴിവാക്കൽ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കുന്നവരെ സീറ്റൊഴിവാക്കാൻ അനുവദിക്കില്ല. സീറ്റ് ഒഴിവാക്കുന്നവരുടെ സെക്യൂരിറ്റി തുക നഷ്ടപ്പെടുകയും തുടർന്നുള്ള കൗൺസലിങ്ങിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. പ്രവേശന േഡറ്റ എം.സി.സി സംസ്ഥാന കൗൺസലിങ് ഏജൻസികളുമായി പങ്കുവെക്കുന്നതിനാൽ ഇവർക്ക് മറ്റ് കൗൺസലിങ്ങുകളിൽ പങ്കെടുക്കാൻ കഴിയില്ല. സംസ്ഥാനങ്ങളുടെ അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ടവരെ അഖിലേന്ത്യാ ക്വോട്ട സ്ട്രേ വേക്കൻസി റൗണ്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. അതിനാൽ കൗൺസലിങ് നടപടികളിൽ അതിശ്രദ്ധയോടെയായിരിക്കണം പങ്കെടുക്കേണ്ടത്.
അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് ഘട്ടങ്ങൾ:
അഖിലേന്ത്യാ ക്വോട്ടയിൽ ഒന്നാം റൗണ്ടിൽ രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ്/ ലോക്കിങ്, അലോട്ട്മെന്റ് റിസൽട്ട് വന്നശേഷം സർട്ടിഫിക്കറ്റ് അപ്ലോഡിങ് എന്നിവയാണ് ഉൾപ്പെടുന്നത്. അലോട്ട്മെന്റ് ലഭിക്കുന്നവർ രേഖകളുമായി കോളജിൽ ഹാജരാകണം. രണ്ടാം റൗണ്ടിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അപ്പോൾ അറിയിക്കാം. ഒന്നാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് പുതിയ രജിസ്ട്രേഷൻ ഇല്ലാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാനാകും. ഒന്നാം റൗണ്ടിൽ പങ്കെടുക്കാത്തവർക്ക് പുതുതായി രജിസ്റ്റർ ചെയ്ത് രണ്ടാം റൗണ്ടിൽ പങ്കെടുക്കാം.
രണ്ടാം റൗണ്ടിൽ പുതിയ ചോയ്സ് സമർപ്പിക്കാത്തവരെ പുതിയ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഇവർക്ക് ഒന്നാം റൗണ്ടിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിൽക്കും. കോളജിലെത്തി നിശ്ചിത സമയത്തിനകം ഒന്നാം റൗണ്ടിലെ സീറ്റിൽ നിന്ന് റിസൈൻ ചെയ്തവർക്ക് രണ്ടാം റൗണ്ടിൽ പങ്കെടുക്കാം. രണ്ടാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചാൽ രേഖകളുമായി കോളജിൽ ഹാജരായി പ്രവേശനം നേടണം. ഈ ഘട്ടത്തിൽ താൽപര്യമുള്ളവർക്ക് മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ അപ്ഗ്രേഡ് ചെയ്യാം. രണ്ടാം റൗണ്ടിൽ അപ്ഗ്രേഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ചാൽ ഒന്നാം റൗണ്ടിലെ സീറ്റിൽ നിന്ന് വിടുതൽ വാങ്ങി രണ്ടാം റൗണ്ട് സീറ്റിൽ പ്രവേശനമെടുക്കണം.
രണ്ടാം റൗണ്ടിലോ തുടർന്നുള്ള റൗണ്ടിലോ സീറ്റ് ലഭിച്ചവർ കോളജിൽ പ്രവേശനത്തിന് ഹാജരാകാതിരുന്നാൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. ഒന്ന്, രണ്ട് റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്തവർക്ക് മൂന്നാം റൗണ്ടിലേക്ക് വീണ്ടും രജിസ്റ്റർ ചെയ്യാതെ പങ്കെടുക്കാം. ആദ്യ രണ്ട് റൗണ്ടിൽ പങ്കെടുക്കാത്തവർക്ക് പുതുതായി രജിസ്റ്റർ ചെയ്ത് മൂന്നാം റൗണ്ടിൽ പങ്കെടുക്കാം. ഒന്ന്, രണ്ട് റൗണ്ടുകളിൽ റിസൈൻ ചെയ്യുകയോ കോളജിൽ ഹാജരാകാതിരിക്കുകയോ ചെയ്തവർക്ക് മുഴുവൻ ഫീസടച്ച് മൂന്നാം റൗണ്ടിൽ പങ്കെടുക്കാം. മൂന്നാം റൗണ്ടിൽ അപ്ഗ്രേഡ് ചെയ്ത് സീറ്റ് ലഭിച്ചാൽ രണ്ടാം റൗണ്ടിലെ സീറ്റിൽ നിന്ന് വിടുതൽ വാങ്ങി പുതിയ കോളജിൽ ചേരണം.
മൂന്നാം റൗണ്ടിന് ശേഷമുള്ള സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ വീണ്ടും രജിസ്റ്റർ ചെയ്യണം. മൂന്നാം റൗണ്ട് കഴിഞ്ഞാൽ അലോട്ട്മെന്റ് ലഭിച്ചവരുടെ വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവെക്കും. എവിടെയെങ്കിലും അലോട്ട്മെന്റ് ലഭിച്ചവരെ സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുപ്പിക്കില്ല. സ്ട്രേ വേക്കൻസി ഫില്ലിങ് ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. അല്ലെങ്കിൽ ഫീസ് കണ്ടുകെട്ടുകയും അടുത്ത രണ്ട് വർഷത്തെ നീറ്റ് കൗൺസലിങ്ങിൽ നിന്ന് വിലക്കുകയും ചെയ്യും.
നീറ്റ് കൗൺസലിങ് ഫീസ്:
- കൽപിത സർവകലാശാല രജിസ്ട്രേഷൻ: 5000 രൂപ, സെക്യൂരിറ്റി തുക: 2 ലക്ഷം രൂപ (എല്ലാ വിഭാഗങ്ങൾക്കും)
- കൽപിത സർവകലാശാല ഒഴികെ അഖിലേന്ത്യാ ക്വോട്ട ഉൾപ്പെടെ: രജിസ്ട്രേഷൻ: 1000 രൂപ, സെക്യൂരിറ്റി തുക: 10000 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഈ തുക യഥാക്രമം 500 രൂപ/ 5000രൂപ ആയിരിക്കും. -രണ്ട് കാറ്റഗറിയിലും അപേക്ഷിക്കുന്നവർക്ക് കൽപിത സർവകലാശാല വിഭാഗത്തിലുള്ള ഫീസ് അടച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.