സർക്കാർ കോളജുകളിൽ 1247ഉം സ്വാശ്രയത്തിൽ 2350 പേർക്കും അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോഴ്സ് പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ 1247 ഉം സ്വകാര്യ സ്വാശ്രയ കോളജുകളിലെ 2350ഉം എം.ബി.ബി.എസ് സീറ്റിലേക്ക് അലോട്ട്മെന്റ്.
സർക്കാർ ഡെന്റൽ കോളജുകളിലെ 237ഉം സ്വാശ്രയ കോളജുകളിലെ 1358ഉം ബി.ഡി.എസ് സീറ്റിലേക്കും അലോട്ട്മെന്റായി. കൂടുതൽ അലോട്ട്മെന്റ് ലഭിച്ചത് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലാണ്; 207 പേർക്ക്. കോഴിക്കോട് 205, കോട്ടയം 145, തൃശൂർ 144, ആലപ്പുഴ 141, എറണാകുളം 91, മഞ്ചേരി 91, കണ്ണൂർ 83, പാലക്കാട് 85, കൊല്ലം 55 എന്നിങ്ങനെയാണ് മറ്റു സർക്കാർ മെഡിക്കൽ കോളജുകളിലെ അലോട്ട്മെന്റ്.
ഈ കോളജുകളിലെ 15 ശതമാനം സീറ്റ് അഖിലേന്ത്യ ക്വോട്ടയിലും കൊല്ലം മെഡിക്കൽ കോളജിലെ 35 ശതമാനം സീറ്റ് ഇ.എസ്.ഐ ക്വോട്ടയിലുമാണ് നികത്തുന്നത്. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ആകെയുള്ള 2350 സീറ്റിലേക്കും അലോട്ട്മെന്റായി.
സർക്കാർ ഡെന്റൽ കോളജുകളിൽ കൂടുതൽ അലോട്ട്മെന്റ് കണ്ണൂരിലാണ്; 48 പേർ. ആലപ്പുഴ 39, കോഴിക്കോട് 39, കോട്ടയം 31, തൃശൂർ 40, തിരുവനന്തപുരം 40 എന്നിങ്ങനെയാണ് മറ്റ് സർക്കാർ ഡെന്റൽ കോളജുകളിലെ അലോട്ട്മെന്റ്. ഈ കോളജുകളിലെ 15 ശതമാനം സീറ്റിൽ അഖിലേന്ത്യ ക്വോട്ടയിലാണ് പ്രവേശനം.
ഡെന്റൽ കൗൺസിൽ അംഗീകാരം ലഭിക്കാത്ത വർക്കല ശ്രീ ശങ്കര കോളജിലേക്ക് ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല. കേരളത്തിൽനിന്ന് നീറ്റ് റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള ഒട്ടേറെ പേർ അഖിലേന്ത്യ ക്വോട്ട പ്രവേശന കൗൺസലിങ്ങിലൂടെ എയിംസ്, ജിപ്മെർ, വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ അലോട്ട്മെന്റ് നേടിയിട്ടുണ്ട്.
ഇവരിൽ ഒട്ടേറെ പേർ സംസ്ഥാന ക്വോട്ട അലോട്ട്മെന്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ അഖിലേന്ത്യാ ക്വോട്ട സീറ്റിൽ തുടരുകയും സംസ്ഥാന അലോട്ട്മെന്റ് ഉപേക്ഷിക്കുകയും ചെയ്യുന്നതനനുസരിച്ച് അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് പ്രവേശനത്തിന് വഴിയൊരുങ്ങും.
നിലവിൽ സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടിയവർ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന്റെ അടുത്ത ഘട്ടങ്ങളിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നതുവഴിയും സംസ്ഥാന ക്വോട്ടയിൽ പുതിയ അലോട്ട്മെന്റിന് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.