സ്വാശ്രയ കോളജിൽനിന്ന് മാറ്റം തടഞ്ഞ് മെഡിക്കൽ പ്രവേശനം: വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയവരെ ഉൾപ്പെടെ മോപ്-അപ് അലോട്ട്മെന്റിൽനിന്ന് ഒഴിവാക്കാനുള്ള കോടതി നിർദേശത്തിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം പ്രതിസന്ധിയിൽ. ഇത് മെറിറ്റ് അട്ടിമറിക്ക് വഴിവെക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്. കോടതി നിർദേശത്തെ തുടർന്ന് രണ്ടാം റൗണ്ടിൽ പ്രവേശനം ലഭിച്ചവരെ ഒഴിവാക്കിയുള്ള അലോട്ട്മെന്റ് നടത്താനും ഇതിനായി വിജ്ഞാപനം മാറ്റിയിറക്കാനും പ്രവേശന പരീക്ഷ കമീഷണറേറ്റ് തീരുമാനിച്ചു.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയവർ ഉൾപ്പെടെയുള്ളവർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള എം.ബി.ബി.എസ് സീറ്റുകളിലേക്ക് അലോട്ട്മെന്റ് നൽകുന്ന രീതിയിലാണ് മോപ്-അപ് ഘട്ടം ക്രമീകരിച്ചിരുന്നത്.
ഏതാനും വിദ്യാർഥികൾ ഹൈകോടതിയെ സമീപിക്കുകയും രണ്ടാം റൗണ്ടിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മോപ്-അപ് റൗണ്ടിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിച്ചാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകിയത്. ഇതോടെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയവർക്ക് മെറിറ്റടിസ്ഥാനത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മാറാൻ കഴിയാത്ത സാഹചര്യമായി. സർക്കാർ മെഡിക്കൽ കോളജുകളിൽ 42 എം.ബി.ബി.എസ് സീറ്റുകളുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. ഇതിലേക്ക് സ്വാശ്രയ മെഡിക്കൽ കോളജുകളിലോ പുറത്തോ നിൽക്കുന്ന വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ അലോട്ട്മെന്റ് നൽകുന്നതാണ് കഴിഞ്ഞ വർഷംവരെ തുടർന്ന രീതി. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയവരെ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് പരിഗണിക്കുന്നത് വിലക്കുന്ന നിലയിലാണ് കോടതി നിർദേശം.
ഫലത്തിൽ മെറിറ്റിൽ മുന്നിൽ നിൽക്കുന്ന വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കുടുങ്ങുകയും ഇവരെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്നവർ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുകയും ചെയ്യും. അഖിലേന്ത്യ ക്വോട്ടയിലോ സംസ്ഥാന ക്വോട്ടയിലോ രണ്ടാം റൗണ്ട് വരെ പ്രവേശനം നേടിയവരെ അഖിലേന്ത്യ ക്വോട്ടയിലെ മോപ് റൗണ്ടിൽ പങ്കെടുക്കുന്നതിന് വിലക്കി നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു.
ഇതു ചൂണ്ടിക്കാട്ടിയാണ് ചില വിദ്യാർഥികൾ സംസ്ഥാന ക്വോട്ടയിലെ മോപ് അപ് റൗണ്ടിലും ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ഡിസംബർ 21നകം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശമുള്ളതിനാൽ അപ്പീൽ സാധ്യത സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.