മെഡിക്കൽ പ്രവേശനം: മെറിറ്റുണ്ട്, പണമില്ല; നിരവധി പേർ പുറത്ത്
text_fieldsതിരുവനന്തപുരം: ഉയർന്ന റാങ്കുണ്ടായിട്ടും ലക്ഷങ്ങൾ ഫീസ് നൽകാനില്ലാതെ സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിന് പുറത്താകുന്നത് നൂറുകണക്കിന് വിദ്യാർഥികൾ.
2017-18 വർഷം മുതൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഏകീകരിച്ചതോടെയാണ് എം.ബി.ബി.എസ് പഠനമോഹം ഉപേക്ഷിച്ച് ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകൾക്ക് ചേരേണ്ടിവരുന്നത്. ഉയർന്ന റാങ്കുള്ളവർക്ക് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മെറിറ്റിൽ പ്രവേശനം ലഭിക്കുമെങ്കിലും ആറരലക്ഷത്തിന് മുകളിൽ വാർഷിക ഫീസ് നൽകേണ്ടിവരുന്നതിനാലാണ് വിദ്യാർഥികൾ മറ്റ് കോഴ്സുകളിൽ ചേരാൻ നിർബന്ധിതമാകുന്നത്. ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് വന്നപ്പോഴും നൂറുകണക്കിന് വിദ്യാർഥികളാണ് മെറിറ്റുണ്ടായിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തവരായുള്ളത്.
ഇത്തവണ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്ക് 594 ആണ്. സ്വാശ്രയ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച ആദ്യ റാങ്ക് 921 ഉം. 594ാം റാങ്കിനും 921ാം റാങ്കിനുമിടയിൽ എം.ബി.ബി.എസ് പ്രവേശനം നേടാത്തവരായുള്ളത് 106 പേരാണ്. എന്നാൽ സർക്കാർ ഡെന്റൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് നേടിയ ആദ്യ റാങ്ക് 625 ആണ്. സ്വാശ്രയ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ 5698ാം റാങ്കുള്ള വിദ്യാർഥിക്ക് വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ 2679ാം റാങ്കുള്ള വിദ്യാർഥിക്ക് വരെ സർക്കാർ ഡെന്റൽ കോളജിലാണ് അലോട്ട്മെന്റ് ലഭിച്ചത്.
2017-18 ലാണ് സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഏകീകൃത ഫീസ് ഘടന വരുന്നത്. 2016-17 അധ്യയന വർഷം വരെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം മാനേജ്മെന്റുകളുമായുള്ള കരാർ പ്രകാരം 50:50 അനുപാതത്തിലായിരുന്നു. സർക്കാറിന് ലഭിക്കുന്ന 50 ശതമാനം സീറ്റിൽ പകുതിയിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസും ബാക്കി സീറ്റിൽ 2.2 ലക്ഷം രൂപയുമായിരുന്നു ഫീസ്.
മാനേജ്മെന്റിന് വിട്ടുനൽകുന്ന സീറ്റിൽ സർക്കാർ ഫീസ് നിശ്ചയിക്കാറുണ്ടായിരുന്നെങ്കിലും തലവരി വ്യാപകമായിരുന്നു. ഏകീകൃത ഫീസ് ഘടന നിലവിൽ വന്നതോടെ മെറിറ്റുള്ള നിർധന വിദ്യാർഥികൾക്ക് സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം അപ്രാപ്യമാകുന്ന സാഹചര്യമായി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ ഫീസിൽ പ്രവേശനം നടത്തണമെന്ന ദേശീയ മെഡിക്കൽ കമീഷൻ തീരുമാനം സംസ്ഥാന സർക്കാർ നടപ്പാക്കിയാൽ മെറിറ്റുണ്ടായിട്ടും നിർധന വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് പുറത്താകുന്ന സാഹചര്യം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.