മെഡിക്കൽ പ്രവേശന നടപടികളും സാധ്യതകളും...
text_fieldsമെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ ഒക്ടോബർ 11ന് ആരംഭിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത (17.64 ലക്ഷം പേർ) പരീക്ഷകളിലൊന്നായ നീറ്റ്-യു.ജി സ്കോറിനെ/റാങ്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശന നടപടികൾ.
മെഡിക്കൽ(എം.ബി.ബി.എസ്), ഡെൻറൽ (ബി.ഡി.എസ്) കോഴ്സുകളിലേക്ക് രണ്ട് രീതിയിലാണ് കൗൺസലിങ് നടപടികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി) സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറേറ്റും വെവ്വേറെ നടത്തുന്ന കൗൺസലിങ് നടപടികളിൽ വിദ്യാർഥികൾക്ക് ഒരേസമയം പങ്കെടുക്കാം.
അഖിലേന്ത്യ ക്വോട്ടയും സംസ്ഥാന ക്വോട്ടയും
നീറ്റ് പരീക്ഷയിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് രാജ്യത്തെ ഏത് മെഡിക്കൽ കോളജിലും പ്രവേശനത്തിനുള്ള അവസരം ലഭ്യമാക്കുന്നതാണ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന നീറ്റ്-യു.ജി കൗൺസലിങ്. സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഒന്നിച്ചെടുത്താണ് നീറ്റ്-യു.ജി കൗൺസലിങ് നടത്തുന്നത്.
ഇതിനുപുറമെ ഇന്ത്യയിലെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എയിംസ്, ജിപ്മെർ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഡൽഹി, അലീഗഢ്, ബനാറസ് തുടങ്ങിയ കേന്ദ്ര സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലേക്കും ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലേക്കും കൽപിത സർവകലാശാല പദവിയുള്ള മെഡിക്കൽ സ്ഥാപനങ്ങളിലേക്കും എം.സി.സിയാണ് പ്രവേശനം നടത്തുന്നത്.
എം.ബി.ബി.എസിന് പുറമെ ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ഇതോടൊപ്പം എം.സി.സി കൗൺസലിങ് നടത്തുന്നു. www.mcc.nic.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടത്.
പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജില്‍ (എ.എഫ്.എം.സി) എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ആദ്യഘട്ടം മാത്രമാണ് എം.സി.സി കൗൺസലിങ്ങിലൂടെ നടത്തുന്നത്. എ.എഫ്.എം.സിയിൽ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടിക എം.സി.സി, എ.എഫ്.എം.സിക്ക് കൈമാറും. തുടർന്നുള്ള ഘട്ടം എ.എഫ്.എം.സി തലത്തിലായിരിക്കും.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കുമായി പ്രവേശന പരീക്ഷ കമീഷണറേറ്റാണ് സംസ്ഥാന ക്വോട്ടയിലേക്ക് പ്രവേശനം നടത്തുന്നത്. www.cee.krala.gov.in വഴിയാണ് പ്രവേശന നടപടികൾ.
നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തി പ്രവേശനപരീക്ഷ കമീഷണർ തയാറാക്കുന്ന സംസ്ഥാന റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന ക്വോട്ടയിലെ പ്രവേശനം. സംസ്ഥാന റാങ്ക് പട്ടിക തയാറാക്കാൻ കേരളത്തിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് സ്കോർ വിവരം ഇതിനകം പ്രവേശനപരീക്ഷ കമീഷണർക്ക് പരീക്ഷ നടത്തിയ എൻ.ടി.എയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
നീറ്റ് സ്കോർ വിവരങ്ങൾ വൈകാതെ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാക്കും. ഇത് പരിശോധിച്ച് വിദ്യാർഥികൾ കൺഫേം ചെയ്ത് നൽകണം. ഇതിനുള്ള വിജ്ഞാപനം അടുത്തദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. ഇതിന് ശേഷമായിരിക്കും കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
സംവരണ വിഭാഗങ്ങൾക്കുള്ള കാറ്റഗറി പട്ടികയും എൻ.ആർ.ഐ അപേക്ഷകരുടെ പട്ടികയും പ്രത്യേകം പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ക്വോട്ടയിൽ ആദ്യ റൗണ്ടിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് ബന്ധപ്പെട്ട കോളജിൽ ചേരാൻ താൽപര്യമില്ലെങ്കിൽ പ്രവേശനം എടുക്കാതെ ഫ്രീ എക്സിറ്റിന് സൗകര്യമുണ്ടാകും.
ഇവർക്ക് രണ്ടാം റൗണ്ടിൽ വീണ്ടും ചോയ്സ് ഫില്ലിങ് നടത്തി പങ്കെടുക്കാം. തുടർന്നുള്ള ഘട്ടങ്ങളിൽ അലോട്ട്മെൻറ് ലഭിച്ചവർ കോളജിൽ ചേർന്നില്ലെങ്കിൽ കൗൺസലിങ് നടപടികളിൽനിന്ന് പുറത്താവുകയും സെക്യൂരിറ്റി ഫീസ് നഷ്ടപ്പെടുകയും ചെയ്യും.
രണ്ടാം റൗണ്ട് മുതൽ അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ പേര് വിവരം അതത് സംസ്ഥാനങ്ങളിലെ കൗൺസലിങ് ഏജൻസികളെ അറിയിക്കും. ഇവർക്ക് തുടർന്നുള്ള സംസ്ഥാന ക്വോട്ട കൗൺസലിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകാറില്ല. ഇക്കാര്യം ശ്രദ്ധിച്ചായിരിക്കണം കൗൺസലിങ് നടപടികളിൽ പങ്കെടുക്കേണ്ടത്.
സീറ്റ് വർധിച്ചത് പ്രവേശന സാധ്യത ഉയർത്തും
സംസ്ഥാനത്ത് ഇടുക്കി, കോന്നി ഗവ. മെഡിക്കൽ കോളജുകളിൽ 100 വീതം എം.ബി.ബി.എസ് സീറ്റുകൾക്ക് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയതോടെ സർക്കാർ മേഖലയിലെ സീറ്റുകളുടെ എണ്ണം വർധിക്കും. ഇത് പ്രവേശനം ആഗ്രഹിക്കുന്നവരുടെ സാധ്യത വർധിപ്പിക്കും.
ഇതുൾപ്പെടെ ഇത്തവണ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ആകെ ലഭ്യമായ എം.ബി.ബി.എസ് സീറ്റുകൾ 4205 ആണ്. 12 സർക്കാർ മെഡിക്കൽ കോളജുകളിൽ 1755 സീറ്റാണുള്ളത്. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2450 സീറ്റുണ്ട്.
സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിൽ അഖിന്ത്യേ േക്വാട്ടയിലാണ് പ്രവേശനം. സർക്കാർ കോളജുകളിൽ പട്ടികജാതി, വർഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളജിലെ 100 സീറ്റിൽ 70 ശതമാനം പട്ടികജാതി വിഭാഗത്തിനും രണ്ട് ശതമാനം പട്ടിക വർഗ വിഭാഗത്തിനും സംവരണം ചെയ്തവയാണ്. ഇവിടെ 13 ശതമാനം സീറ്റാണ് സ്റ്റേറ്റ് മെറിറ്റിലുള്ളത്. 15 ശതമാനം സീറ്റ് അഖിലേന്ത്യ േക്വാട്ടയിലാണ്.
സീറ്റ് സംവരണം ശതമാനത്തിൽ
സംസ്ഥാന ക്വോട്ട സ്റ്റേറ്റ് മെറിറ്റ് 50
സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10
എസ്.ഇ.ബി.സി 30 (ഈഴവ (EZ) ഒമ്പത്, മുസ്ലിം (MU) എട്ട്, പിന്നാക്ക ഹിന്ദു (BH) മൂന്ന്, ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ (LA) മൂന്ന്, ധീവര (DV) രണ്ട്, വിശ്വകർമ (VK) രണ്ട്, കുശവൻ (KN) ഒന്ന്, പിന്നാക്ക കൃസ്ത്യൻ (BX) ഒന്ന്, കുടുംബി (KU) ഒന്ന്, പട്ടികജാതി (SC) എട്ട്, പട്ടിക വർഗം (ST) രണ്ട്.
അഖിലേന്ത്യ ക്വോട്ട സംവരണം
ഒ.ബി.സി (നോൺ ക്രീമിലെയർ) 27
സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10
എസ്.സി 15
എസ്.ടി 7.5
നീറ്റ് യോഗ്യത
മൊത്തം 720 മാർക്കുള്ള പരീക്ഷയിൽ 50ാം പെർസൈൻറൽ സ്കോർ എങ്കിലുമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അർഹതയുണ്ട്. പരീക്ഷയിൽ മാർക്ക് നേടിയവരിൽ 50 ശതമാനം പേരെക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നതാണ് 50 പെർസൈൻറൽ കൊണ്ടുദ്ദേശിക്കുന്നത്. പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്കും 40 പെർസൈൻറൽ ആണ് കട്ട്ഓഫ് മാർക്ക്. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാരുടെ കട്ട് ഓഫ് 45 പെർസൻറയിൽ ആണ്.
പ്രവേശന സാധ്യത
കഴിഞ്ഞ വർഷം വിവിധ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്കുകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിലെ സാധ്യത വിലയിരുത്താം. ഇതിനുപുറമെ ഈ വർഷത്തെ നീറ്റ് പരീക്ഷ ഫലത്തിലെ വിവിധ ഘടകങ്ങളും സംസ്ഥാനത്തെ മെഡിക്കൽ റാങ്ക് പട്ടികയിലെ വിദ്യാർഥികളുടെ പ്രവേശന സാധ്യത നിശ്ചയിക്കുന്നു.
സംസ്ഥാന റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള കുട്ടികൾ അഖിലേന്ത്യ േക്വാട്ടയിലെ പ്രവേശന സാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന റാങ്ക് പട്ടികയിലെ കൂടുതൽ പേർക്ക് പ്രവേശനസാധ്യത തെളിയും. നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും പ്രവേശന സാധ്യത സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.
കഴിഞ്ഞവർഷം വിവിധ നീറ്റ് റാങ്കിലെത്തിയ വിദ്യാർഥികളുടെ സംസ്ഥാന റാങ്ക് പട്ടികയിലെ സ്ഥാനം പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഏകദേശരൂപം ലഭിക്കും. കഴിഞ്ഞവർഷം സംസ്ഥാന റാങ്ക് പട്ടികയിൽ ആദ്യ 500 പേരിൽ ഉൾപ്പെട്ടത് നീറ്റ് റാങ്കിൽ 6364 വരെ എത്തിയവരാണ്.
1000 റാങ്കിൽ ഉൾപ്പെട്ടത് നീറ്റ് റാങ്ക് 13306 വരെയുള്ളവരാണ്. 1500 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 20002ഉം 2000 റാങ്കിൽ ഉൾപ്പെട്ടത് 26023 റാങ്ക് വരെയുള്ളവരാണ്. 3000 റാങ്കിൽ വന്നത് 38969 റാങ്ക് വരെയുള്ളവരാണ്. ആദ്യ 4000 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 51600 വരെയും 5000ൽ ഉൾപ്പെട്ടത് 65274 വരെയുള്ളവരുമാണ്.
സംസ്ഥാന റാങ്ക് പട്ടിക പ്രകാരം കഴിഞ്ഞവർഷം വിവിധ വിഭാഗങ്ങളിൽ പ്രവേശനം ലഭിച്ചവരുടെ അവസാന കേരള റാങ്ക് വിവരം (മോപ് അപ് ഘട്ടം വരെ) സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജെന്ന ക്രമത്തിൽ:
സ്റ്റേറ്റ് മെറിറ്റ് 1178, 7904
സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 2961, 14573
ഈഴവ 1551, 8134
മുസ്ലിം 1484, 8145
പിന്നാക്ക ഹിന്ദു 2264, 7910
ലത്തീൻ ക്രിസ്ത്യൻ 3541, 9846
ധീവര 5818, 8523
വിശ്വകർമ 1863, 8459
പിന്നാക്ക കൃസ്ത്യൻ 3676, 8464
കുടുംബി 11276, 17491
കുശവൻ 6655, 12757
എസ്.സി 11024, 12937
എസ്.ടി 17612, 24962.
അഖിലേന്ത്യ ക്വോട്ടയിൽ കഴിഞ്ഞവർഷം എം.ബി.ബി.എസ് പ്രവേശനം ലഭിച്ചവരുടെ (അഞ്ചാംഘട്ട അലോട്ട്മെന്‍റ് വരെ) അവസാന നീറ്റ് റാങ്ക് കാറ്റഗറി അടിസ്ഥാനത്തിൽ:
ജനറൽ 21154
ഒ.ബി.സി 21188
ഇ.ഡബ്ല്യു.എസ് 21238
എസ്.സി 109310
എസ്.ടി 130823
അനുബന്ധ കോഴ്സുകൾ
സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്ക് പുറമെ മറ്റ് അനുബന്ധ കോഴ്സുകൾക്ക് കൂടി നീറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം.
ആയുർവേദം (ബി.എ.എം.എസ്), ഹോമിയോ (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്), വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫോറസ്ട്രി (ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി), അഗ്രികൾചർ (ബി.എസ്സി (ഒാണേഴ്സ്) അഗ്രികൾചർ, ഫിഷറീസ് (ബി.എഫ്.എസ്സി), ബി.എസ്സി (ഒാണേഴ്സ്) കോ ഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി (ഓണേഴ്സ്) ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ബി.ടെക് ബയോടെക്നോളജി എന്നീ േകാഴ്സുകളിലേക്കാണ് പ്രവേശനം.
മെഡിക്കൽ, ഡെൻറൽ പ്രവേശന നടപടികൾ നിശ്ചിതഘട്ടം പിന്നിടുേമ്പാഴാണ് ഇൗ കോഴ്സുകളിലേക്കുള്ള കൗൺസലിങ് നടപടികൾ ആരംഭിക്കുക.
പ്രവേശന സമയക്രമം ഓർത്തുവെക്കുക
മെഡിക്കൽ, ഡെൻറൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസലിങ് എം.സി.സി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കൽ പ്രവേശനത്തിനുള്ള സമയക്രമവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് മുഖ്യഘട്ടവും മോപ് റൗണ്ടും സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടും ഉൾപ്പെടെ നാല് റൗണ്ടുകൾ ചേർന്നതാണ് അഖിലേന്ത്യ ക്വോട്ട കൗൺസലിങ് നടപടികൾ. രണ്ട് മുഖ്യഘട്ടങ്ങൾക്കും മോപ് അപ് റൗണ്ടിനും വെവ്വേറെ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്തണം.
ഏതെങ്കിലും ഘട്ടത്തിൽ നടത്തിയ ചോയ്സ് ഫില്ലിങ്/ലോക്കിങ് അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കില്ല. എന്നാൽ മോപ്അപ് റൗണ്ടിലെ ചോയ്സ് ഫില്ലിങ്/ലോക്കിങ് തന്നെയായിരിക്കും തുടർന്നുള്ള സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലേക്ക് പരിഗണിക്കുക.
അഖിലേന്ത്യ ക്വോട്ടയിൽ ഒക്ടോബർ 11 മുതൽ 17 വരെ www.mcc.nic.in വെബ്സൈറ്റ് വഴി ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ ഫീസ് അടയ്ക്കൽ പൂർത്തിയാക്കാം. 14 മുതൽ 18 വരെ (രാത്രി 11.55 വരെ) ചോയ്സ് ഫില്ലിങ്/ലോക്കിങ്ങിന് അവസരമുണ്ടാകും. ഒക്ടോബർ 21ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 22 മുതൽ 28 വരെ കോളജുകളിൽ പ്രവേശനംനേടാം.
നവംബർ രണ്ടുമുതൽ ഏഴുവരെ (രാവിലെ 11 വരെ) രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് അടയ്ക്കൽ നടത്താം. നവംബർ മൂന്ന് മുതൽ എട്ട് വരെ (രാത്രി 11.55 വരെ) ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. നവംബർ 11ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടാം.
രണ്ടാം റൗണ്ടിന് ശേഷം നടക്കുന്ന മോപ് റൗണ്ടിലേക്ക് നവംബർ 23 മുതൽ 28 വരെ (രാവിലെ 11 വരെ) രജിസ്ട്രേഷൻ/ ഫീസടക്കൽ നടത്താം. 24 മുതൽ 29 വരെ (രാത്രി 11.55 വരെ) ചോയ്സ് ഫില്ലിങ് നടത്താം. ഡിസംബർ മൂന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഡിസംബർ നാല് മുതൽ പത്ത് വരെ കോളജുകളിൽ പ്രവേശനംനേടാം.
ഇതിനുശേഷം നടക്കുന്ന സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലേക്ക് മോപ് റൗണ്ടിലെ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങുമായിരിക്കും പരിഗണിക്കുക. ഈ ഘട്ടത്തിൽ പ്രത്യേകം രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. ഡിസംബർ 12, 13 തീയതികളിൽ സീറ്റ് അലോട്ട്മെൻറ് പ്രോസസിങ്ങിന് ശേഷം 14ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഡിസംബർ 15 മുതൽ 20 വരെ പ്രവേശനം നേടാം.
സംസ്ഥാന ക്വോട്ട പ്രവേശനത്തിനുള്ള സമയക്രമം
സംസ്ഥാന ക്വോട്ടയിൽ ഒക്ടോബർ 17 മുതൽ 28 വരെയാണ് ആദ്യ റൗണ്ട് കൗൺസലിങ്. അലോട്ട്മെൻറ് ലഭിച്ചവർ നവംബർ നാലിനകം പ്രവേശനം നേടണം. നവംബർ ഏഴുമുതൽ 18 വരെയാണ് രണ്ടാം റൗണ്ട് കൗൺസലിങ്. നവംബർ 21നകം പ്രവേശനം നേടണം.
ഡിസംബർ ആറ് മുതൽ 12 വരെയാണ് സംസ്ഥാന ക്വോട്ടയിലെ മോപ് അപ് റൗണ്ട്. അലോട്ട്മെൻറ് ലഭിക്കുന്നവർ ഡിസംബർ 16നകം പ്രവേശനം നേടണം. തുടർന്നും ഒഴിവുകളുണ്ടെങ്കിൽ ഡിസംബർ 20നകം സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലൂടെ നികത്തണം.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നിർദേശിച്ച സമയക്രമം അനുസരിച്ച് സംസ്ഥാനത്തെ സമയക്രമം പ്രവേശന പരീക്ഷ കമീഷണർ പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിക്കും. www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് സംസ്ഥാന ക്വോട്ടയിലെ പ്രവേശന നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.