മെഡി. അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിലെ അനിശ്ചിതത്വം: സംസ്ഥാന അലോട്ട്മെൻറിൽ മാറ്റമില്ല
text_fieldsതിരുവനന്തപുരം: മദ്രാസ് ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെ പ്രവേശന നടപടികൾ നിർത്തിവെച്ചെങ്കിലും സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനം.
സംസ്ഥാനത്ത് മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് ജൂലൈ 26നാണ്. നിലവിലെ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രവേശനപരീക്ഷ കമീഷണർ പി.കെ. സുധീർബാബു പറഞ്ഞു. സംസ്ഥാനത്ത് ഒന്നാംഘട്ട അലോട്ട്മെൻറിലെ പ്രവേശനം കഴിഞ്ഞ 12ന് അവസാനിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലേക്കും പുതിയ കോളജുകൾ അംഗീകാരം നേടിവന്നാൽ അവയിലേക്കുമാകും രണ്ടാംഅലോട്ട്മെൻറ്. അതേസമയം, അഖിലേന്ത്യ ക്വോട്ട സീറ്റിൽ തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികൾ ആശങ്കയിലാണ്.
തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാനാണ് മദ്രാസ് ൈഹകോടതിയുടെ മധുര ബെഞ്ചിെൻറ ഉത്തരവ്. ഇതു നടപ്പാക്കിയാൽ തമിഴിൽ പരീക്ഷ എഴുതിയ കൂടുതൽ കുട്ടികൾ റാങ്ക് പട്ടികയിൽ മുന്നിൽ വരുകയും നിലവിലെ അലോട്ട്മെൻറ് താളംതെറ്റുകയും ചെയ്യും. അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. പ്രവേശനമോ അലോട്ട്മെേൻറാ നേടിയവർക്ക് ശനിയാഴ്ചവരെ വേണമെങ്കിൽ സീറ്റ് ഉപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു.
അത്തരക്കാർക്ക് മാത്രമേ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിൽ പെങ്കടുക്കാൻ കഴിയൂ. ശനിയാഴ്ചക്കുശേഷം അഖിലേന്ത്യ ക്വോട്ടയിൽ തുടരുന്നവരുടെ പട്ടിക മെഡിക്കൽ കൗൺസിൽ സംസ്ഥാനങ്ങൾക്ക് നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിൽ ഉൾപ്പെട്ടവരെ അതത് സംസ്ഥാനങ്ങളിലെ തുടർഅലോട്ട്മെൻറ് നടപടികളിൽനിന്ന് േബ്ലാക്ക് ചെയ്യാനും നിർദേശമുണ്ടായിരുന്നു. അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള നടപടികൾ നിർത്തിവെക്കുകയും വെബ്സൈറ്റിലെ ലിങ്ക് മരവിപ്പിക്കുകയും ചെയ്തതോടെ സീറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ച വിദ്യാർഥികൾക്ക് അതിനു സാധിക്കാത്ത അവസ്ഥയാണ്.
സമയം ദീർഘിപ്പിച്ചില്ലെങ്കിൽ ഇൗ വിദ്യാർഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലാകും. മദ്രാസ് കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി അനുകൂല വിധി സമ്പാദിച്ചില്ലെങ്കിൽ അഖിലേന്ത്യ ക്വോട്ട പ്രവേശന നടപടികൾ ഒന്നടങ്കം താളംതെറ്റും. റാങ്ക് പട്ടികയിൽ മാറ്റംവന്നാൽ ഇതിനകം അഖിലേന്ത്യ ക്വോട്ടയിൽ നടത്തിയ അലോട്ട്മെൻറും പ്രവേശനവും റദ്ദാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.