മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ സമയം നീട്ടില്ലെന്ന വ്യവസ്ഥ സർക്കാർ നീക്കി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ ഓപ്ഷൻ രജിസ്ട്രേഷനുള്ള സമയം ഒരുകാരണവശാലും നീട്ടിനൽകില്ലെന്ന പ്രോസ്പെക്ടസ് വ്യവസ്ഥ സർക്കാർ നീക്കി. പ്രോസ്പെക്ടസ് പരിഷ്കരണസമിതി യോഗത്തിന്റെ മിനിറ്റ്സിന് അംഗീകാരം നൽകിയ ഉത്തരവിലാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് ഈ നിർദേശം നൽകിയത്.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചാലും ആരോഗ്യകരമായവ ഉൾപ്പെടെ മതിയായ കാരണങ്ങളാൽ നിശ്ചിത സമയത്ത് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകാറില്ല. കഴിഞ്ഞ വർഷം കൗൺസലിങ് നടപടി ആരംഭിക്കാൻ സമയം ശേഷിച്ചിട്ടും ഓപ്ഷൻ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനും സമയം നീട്ടി നൽകാൻ വ്യാപകമായി ആവശ്യമുയർന്നിരുന്നു. പ്രശ്നം പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയെങ്കിലും പ്രവേശന പരീക്ഷ കമീഷണർ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി ലഭിച്ചതോടെ സമയം നീട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഉത്തരവിറക്കുകയായിരുന്നു.
നാലായിരത്തിലധികം വിദ്യാർഥികൾക്കാണ് ഇതോടെ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങിയത്. വസ്തുതയുള്ള പരാതികൾപോലും പരിഗണിക്കാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറാകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പ്രോസ്പെക്ടസിലെ വ്യവസ്ഥ നീക്കം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിതന്നെ നിർദേശം നൽകിയത്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ പറയുന്ന പ്രോസ്പെക്ടസ് 11.4.5 നമ്പർ വ്യവസ്ഥയിലാണ് ഒരു സാഹചര്യത്തിലും സമയം നീട്ടി നൽകില്ലെന്ന് പറയുന്നത്. സർക്കാർ നിർദേശപ്രകാരം ഈ വ്യവസ്ഥ നീക്കം ചെയ്താണ് ഈ വർഷത്തെ പ്രോസ്പെക്ടസ് അംഗീകാരത്തിനായി പ്രവേശന പരീക്ഷ കമീഷണർ കഴിഞ്ഞ ദിവസം സമർപ്പിച്ചത്. പ്രോസ്പെക്ടസിന് അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവേശന വിജ്ഞാപനം ഇറക്കും. മാർച്ച് 20നകം അപേക്ഷ സമർപ്പണം ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ നടപടികൾ.
റവന്യൂ സർട്ടിഫിക്കറ്റുകൾ അപേക്ഷക്കൊപ്പം നൽകേണ്ടിവരും
തിരുവനന്തപുരം: എൻജിനീയറിങ്/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് അപേക്ഷ സമർപ്പണത്തോടൊപ്പം തന്നെ ആവശ്യമായ റവന്യൂ രേഖകൾ സമർപ്പിക്കണം. യോഗ്യത നേടുന്നവർ മാത്രം സർട്ടിഫിക്കറ്റ് നൽകുന്ന രീതി നടപ്പാക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർദേശം പ്രായോഗികമല്ലെന്ന പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ വിശദീകരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രോസ്പെക്ടസ് അംഗീകാരത്തിന് സമർപ്പിച്ചത്.
സംവരണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ മതിയായ സമയം ആവശ്യമാണെന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ നിലപാട്. അപേക്ഷ സമർപ്പണത്തിന് രണ്ടാഴ്ച അനുവദിക്കുന്നതിന് പുറമെ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഒരാഴ്ചകൂടി അധിക സമയം നൽകുന്ന രീതിയിലാണ് സമയക്രമം തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.