മെഡിക്കൽ, എൻജിനീയറിങ് അപേക്ഷ; സർട്ടിഫിക്കറ്റുകളിൽ പിഴവ് വരുത്തരുത്
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ കോഴ്സുകൾക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി, കേരള മെഡിക്കൽ/ എൻജിനീയറിങ് പ്രവേശനം (കീം) എന്നിവക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ശരിയായവ ആണെന്ന് വിദ്യാർഥികളും രക്ഷാകർത്താക്കളും ഉറപ്പുവരുത്തണം.
ശരിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ സംവരണം/ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ശരിയായ സംവരണ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെ ബന്ധപ്പെട്ട കാറ്റഗറിയിൽ പ്രവേശനത്തിന് പരിഗണിക്കില്ല. ഇവരെ ജനറൽ വിഭാഗത്തിലായിരിക്കും പരിഗണിക്കുക.
നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്
നീറ്റ്, കീം എന്നിവക്ക് സമർപ്പിക്കേണ്ട നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം (എസ്.ഇ.ബി.സി) നിൽക്കുന്ന വിദ്യാർഥികൾക്കാണ് 'കീം' പ്രവേശന നടപടികളിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിലൂടെ സംവരണം ലഭിക്കുന്നത്.
ഈഴവ, മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പിന്നാക്ക ഹിന്ദു, ധീവര/ അനുബന്ധ സമുദായങ്ങൾ, വിശ്വകർമ/ അനുബന്ധ സമുദായങ്ങൾ, പിന്നാക്ക ക്രിസ്ത്യൻ, കുശവ/ അനുബന്ധ സമുദായങ്ങൾ, കുടുംബി എന്നിവയാണ് എസ്.ഇ.ബി.സിയിൽ വരുന്നത്. ഇവർക്ക് കീം പ്രവേശനത്തിൽ സംവരണം ലഭിക്കാൻ വില്ലേജ് ഓഫിസർ വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റാണ് വേണ്ടത്. വില്ലേജ് ഓഫിസർ അനുവദിക്കുന്ന തൊഴിൽ ആവശ്യാർഥമുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ നിരസിക്കുകയും സംവരണത്തിന് പരിഗണിക്കുകയുമില്ല.
മുൻ വർഷങ്ങളിൽ ഒട്ടേറെ വിദ്യാർഥികൾക്ക് തെറ്റായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത കാരണത്താൽ സംവരണം ലഭിക്കാതെ പോയതിനാൽ, സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾതന്നെ ഇക്കാര്യം ഉറപ്പുവരുത്തണം. കീം ആവശ്യത്തിനുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് മാതൃക പ്രോസ്പെക്ടസിന്‍റെ 212ാം പേജിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്', എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷകളുടെ അപേക്ഷ സമർപ്പണത്തിന് വില്ലേജ് ഓഫിസർ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനിൽനിന്നാണ് 'നീറ്റ്' ആവശ്യത്തിന് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. എന്നാൽ, തഹസിൽദാർ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് കീം പ്രവേശനത്തിന് സ്വീകാര്യമല്ല. നീറ്റ് ആവശ്യാർഥമുള്ള സർട്ടിഫിക്കറ്റ് നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 98ാം പേജിൽ ചേർത്തിട്ടുണ്ട്.
ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളാണ് ഇ.ഡബ്ല്യു.എസ് പരിധിയിൽ വരുന്നത്. ഇവർക്ക് സംവരണ ആനുകൂല്യം ലഭിക്കാനും റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. കീം അപേക്ഷ സമർപ്പിക്കുന്ന ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അർഹതയുള്ളവർ വില്ലേജ് ഓഫിസറിൽനിന്നാണ് നിശ്ചിത മാതൃകയിലുള്ള ഇൻകം ആൻഡ് അസെറ്റ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
മാതൃക കീം പ്രോസ്പെക്ടസിന്‍റെ 211ാം പേജിൽ ചേർത്തിട്ടുണ്ട്. നീറ്റ്, ജെ.ഇ.ഇ പരീക്ഷ ആവശ്യങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനിൽനിന്നാണ് വാങ്ങേണ്ടത്. മാതൃക നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 96ാം പേജിൽ.
എസ്.സി/ എസ്.ടി വിഭാഗങ്ങൾക്കുള്ള ജാതി സർട്ടിഫിക്കറ്റ്
പട്ടികജാതി/ വർഗ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾക്ക് കീം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത് തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റാണ്. സർട്ടിഫിക്കറ്റിന്‍റെ മാതൃക കീം പ്രോസ്പെക്ടസിന്‍റെ 214ാം പേജിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. നീറ്റ്, ജെ.ഇ.ഇ പരീക്ഷ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റും തഹസിൽദാരിൽ കുറയാത്ത റാങ്കിൽനിന്നുള്ള ഉദ്യോഗസ്ഥനിൽനിന്നായിരിക്കണം.
മാതൃക നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 101ാം പേജിൽ ചേർത്തിട്ടുണ്ട്. രണ്ട് സർട്ടിഫിക്കറ്റുകളും അനുവദിക്കേണ്ടത് തഹസിൽദാർ ആണെങ്കിലും ഇവയുടെ മാതൃകയിൽ മാറ്റമുള്ളതിനാൽ വെവ്വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതാണ് അഭികാമ്യം.
മൈനോറിറ്റി സർട്ടിഫിക്കറ്റ്
അപേക്ഷകൻ ന്യൂനപക്ഷ സമുദായത്തിൽ ഉൾപ്പെടുന്നയാൾ ആണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റാണിത്. കേരളത്തിൽ പ്രധാനമായും മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളവർക്കാണ് ന്യൂനപക്ഷ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്. കേരളത്തിൽ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിൽ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്കുള്ള മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് പരിഗണിക്കാനാണ് മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. സംവരണ ആവശ്യാർഥം നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർ മൈനോറിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കീം പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർക്ക് വില്ലേജ് ഓഫിസറിൽനിന്നുള്ള മൈനോറിറ്റി സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
സർട്ടിഫിക്കറ്റ് മാതൃക കീം പ്രോസ്പെക്ടസിന്‍റെ 213ാം പേജിൽ ചേർത്തിട്ടുണ്ട്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസരേഖയിൽ അപേക്ഷകന്‍റെ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും.
റിലേഷൻഷിപ് സർട്ടിഫിക്കറ്റ്
കീം പ്രവേശനത്തിലെ എൻ.ആർ.ഐ സീറ്റിലേക്ക് ഉൾപ്പെടെ അപേക്ഷകനും സ്പോൺസറും തമ്മിലുള്ള ബന്ധുത്വം തെളിയിക്കാനുള്ള റിലേഷൻഷിപ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്നാണ് വാങ്ങേണ്ടത്. മാതൃക കീം പ്രോസ്പെക്ടസിന്‍റെ 215ാം പേജിൽ.
വരുമാന സർട്ടിഫിക്കറ്റ്
എസ്.സി/എസ്.ടി/ഒ.ഇ.സി ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്കോളർഷിപ് എന്നിവ ലഭിക്കുന്നതിന് വില്ലേജ് ഓഫിസറിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്. മാതൃക കീം പ്രോസ്പെക്ടസിന്‍റെ 216ാം പേജിൽ.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
കീം പ്രവേശനത്തിന് നേറ്റിവിറ്റി തെളിയിക്കാൻ അപേക്ഷകന്‍റെ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. അല്ലെങ്കിൽ അപേക്ഷകന്‍റെ മാതാപിതാക്കളിൽ ആരുടെയെങ്കിലും കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും ആവശ്യമാണ്. അല്ലെങ്കിൽ അപേക്ഷകന്‍റെയോ മാതാപിതാക്കളുടെയോ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന പാസ്പോർട്ട് സമർപ്പിക്കാം. ഇവർ കുട്ടിയും മാതാവ്/ പിതാവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കണം. അല്ലെങ്കിൽ ജനനം രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള (തദ്ദേശസ്ഥാപനം) വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകുന്ന, അപേക്ഷകന്‍റെയോ മാതാവ്/പിതാവിന്‍റെയോ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മാതാപിതാക്കളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. അല്ലെങ്കിൽ അപേക്ഷകനോ അപേക്ഷന്‍റെ പിതാവോ മാതാവോ കേരളത്തിലാണ് ജനിച്ചതെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസർ/ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.