മെഡിക്കൽ ബിരുദ, പി.ജി കോഴ്സ്; പ്രവേശനം കേന്ദ്രത്തിലൂടെ മാത്രം
text_fieldsതിരുവനന്തപുരം: രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലെയും പി.ജി, യു.ജി കോഴ്സുകളിൽ പ്രവേശനത്തിന് കേന്ദ്രസർക്കാർ പൊതുപ്രവേശന കൗൺസലിങ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാറുകൾ സ്റ്റേറ്റ് ക്വോട്ടയിൽ എം.ബി.ബി.എസ്, എം.ഡി/ എം.എസ്/ ഡിേപ്ലാമ കോഴ്സുകളിലേക്ക് നടത്തുന്ന അലോട്ട്മെന്റും കേന്ദ്രം ഏറ്റെടുക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസ് സംസ്ഥാനങ്ങൾക്കും ആരോഗ്യ സർവകലാശാലകൾക്കും കത്തയച്ചു.
സംസ്ഥാന ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിൽ പിന്തുടരുന്ന സംവരണ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ കത്തിൽ നിർദേശിച്ചിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങളിൽ വ്യക്തമായ അറിവുള്ള ഒരാളെ നോഡൽ ഓഫിസറായി നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ പ്രവേശനം നടത്തുന്ന മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വഴി സംസ്ഥാന ക്വോട്ടയിലെ മുഴുവൻ സീറ്റുകളിലേക്കും അലോട്ട്മെൻറ് നടത്താനാണ് കേന്ദ്ര നിർദേശം. ഫലത്തിൽ രാജ്യത്ത് എം.ബി.ബി.എസ്, എം.ഡി/എം.എസ്/ഡിേപ്ലാമ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർണമായും കേന്ദ്ര നിയന്ത്രണത്തിലാകും. നിലവിൽ എം.ബി.ബി.എസിന്റെ 85 ശതമാനം സീറ്റുകളും പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകളിലും സംസ്ഥാന സർക്കാറുകളാണ് പ്രവേശനം നടത്തുന്നത്. ഇതിനു പുറമെ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലും സംസ്ഥാന സർക്കാർതന്നെയാണ് പ്രവേശനം നടത്തുന്നത്.
എം.ബി.ബി.എസ് പ്രവേശനത്തിന് നിലവിൽ 15 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളുള്ളത്. പി.ജി കോഴ്സുകളിൽ 50 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട. സംസ്ഥാന ക്വോട്ടയിൽ ശേഷിക്കുന്ന മുഴുവൻ സീറ്റും കേന്ദ്രം ഏറ്റെടുത്ത് ഒറ്റ കൗൺസലിങ് നടത്താനാണ് പദ്ധതി.
ഏതു വർഷം മുതൽ ഇതു നടപ്പാക്കുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല. പ്രവേശന നടപടികൾ ലളിതമാക്കാനുള്ള വിവിധ കോടതികളുടെ നിർദേശം പരിഗണിച്ചാണ് സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം കൂടി ഏറ്റെടുക്കാനുള്ള നിർദേശം മുന്നോട്ടുവെക്കുന്നതെന്നും സംസ്ഥാനങ്ങൾക്ക് ലഭിച്ച കത്തിൽ പറയുന്നു.
എയിംസ്, ജിപ്മെർ, കേന്ദ്രസർവകലാശാലകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും നിലവിൽ കേന്ദ്രസർക്കാർ അലോട്ട്മെന്റ് നടത്തുന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമീഷനുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും ഡയറക്ടർ ജനറൽ കത്തിൽ പറയുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്കും കത്ത് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.