മെഡിക്കൽ/ ഡെൻറൽ പ്രവേശനം; അഖിലേന്ത്യ ക്വോട്ടയിലും സാധ്യതകളേറെ
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിലേക്ക് സംസ്ഥാനത്തെ പ്രവേശന നടപടികൾക്ക് പുറമെ അഖിലേന്ത്യ ക്വോട്ടയിലും പ്രവേശന സാധ്യതകളുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് (എം.സി.സി) അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ കൗൺസലിങ് നടപടികൾ നടത്തുന്നത്. നീറ്റ് യു.ജി പരീക്ഷയിൽ ഉയർന്ന റാങ്കുള്ളവർക്ക് സംസ്ഥാനത്തിന് പുറത്തുള്ള മികച്ച മെഡിക്കൽ കോളജുകളിൽ പഠനത്തിന് അവസരം തുറക്കുന്നതാണ് അഖിലേന്ത്യ ക്വോട്ട പ്രവേശനം. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ എയിംസ്, ജിപ്മെർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന കൗൺസലിങ്ങും എം.സി.സിയാണ് നിർവഹിക്കുന്നത്. പ്രവേശന നടപടികൾ പൂർണമായി മനസ്സിലാക്കിയായിരിക്കണം അഖിലേന്ത്യ േക്വാട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പെങ്കടുക്കേണ്ടത്.
അഖിേലന്ത്യ േക്വാട്ട സീറ്റുകൾ
സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ 15 ശതമാനം സീറ്റുകളാണ് പ്രധാനമായും അഖിലേന്ത്യ േക്വാട്ടയുടെ പരിധിയിൽ വരുന്നത്. കേരളത്തിലെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിലെയും ആറ് ഡെൻറൽ കോളജുകളിലെയും ആകെ സീറ്റിെൻറ 15 ശതമാനം വീതം സീറ്റ് അഖിലേന്ത്യ േക്വാട്ടയിൽനിന്നാണ് അലോട്ട്മെൻറ് നടത്തുന്നത്. കേരളത്തിലെ 231 എം.ബി.ബി.എസ് സീറ്റുകളും 45 ബി.ഡി.എസ് സീറ്റുകളുമാണ് അഖിലേന്ത്യ ക്വോട്ടയിൽ നികത്തുന്നത്. സംസ്ഥാന അലോട്ട്മെൻറിന് അപേക്ഷിക്കുന്ന വിദ്യാർഥിക്ക് ഒരേസമയം തന്നെ അഖിലേന്ത്യ േക്വാട്ട പ്രവേശനത്തിനും അപേക്ഷിക്കാം. സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റിന് പുറമെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ), കേന്ദ്ര സർക്കാറിന് കീഴിലുള്ള മറ്റ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര/ കൽപിത സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലേക്കും അഖിലേന്ത്യ േക്വാട്ടയിൽ നിന്നാണ് പ്രവേശനം. എം.സി.സി കൗൺസലിങ് നടപടികളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റിൽ (www.mcc.nic.in) ലഭ്യമാകും.
പ്രവേശന നടപടികൾ ഒാൺലൈനായി
അഖിലേന്ത്യ േക്വാട്ട പ്രവേശനം തേടുന്ന നീറ്റ് യോഗ്യത നേടിയ വിദ്യാർഥികൾ www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നടപടികൾ നീറ്റ് ഫലം പ്രസിദ്ധീകരിച്ചാൽ വൈകാതെ ആരംഭിക്കും. രണ്ട് റൗണ്ട് അലോട്ട്മെൻറാണ് അഖിലേന്ത്യ ക്വോട്ടയിൽ നടത്തുക. ഇതിനുശേഷം സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ബാക്കിയുള്ള സീറ്റുകൾ അതത് സംസ്ഥാനങ്ങൾക്ക് തിരികെ നൽകും. അവശേഷിക്കുന്ന സ്ഥാപനങ്ങളിലെ ബാക്കിയുള്ള സീറ്റുകളിലേക്ക് മോപ് കൗൺസലിങ് നടത്തും.
കഴിഞ്ഞവർഷം വരെയുള്ള കൗൺസലിങ് നടപടികൾ
* രജിസ്ട്രേഷൻ: അപേക്ഷ സമർപ്പണം തുടങ്ങുന്ന ഘട്ടത്തിൽ വെബ്സൈറ്റിൽ വിദ്യാർഥിയുടെ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്യണം. ഇൗ ഘട്ടത്തിൽ അപേക്ഷകന് റോൾ നമ്പറും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ചാണ് കൗൺസലിങ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
*കൗൺസലിങ് ഫീസ് അടയ്ക്കൽ: റോൾ നമ്പറും പാസ്വേഡും ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ഒാൺലൈനായി കൗൺസലിങ് ഫീസ് അടയ്ക്കണം.
* ചോയ്സ് ലോക്കിങ്: പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് ലോക്ക് ചെയ്യുന്നതാണ് ഇൗ ഘട്ടം. നീറ്റ് സ്കോർ കൂടെ പരിഗണിച്ച് പ്രവേശനസാധ്യതയുള്ള സ്ഥാപനങ്ങൾ കൂടെ ഉൾപ്പെടുത്തിയായിരിക്കണം ചോയ്സ് പൂരിപ്പിച്ച് നിശ്ചിത സമയത്തിനകം ലോക്കിങ് നടത്തേണ്ടത്. ചോയ്സ് പൂരിപ്പിച്ച് ലോക്കിങ് നടത്തിയാൽ പിന്നീട് തിരുത്താനാകില്ല. എത്ര ചോയ്സ് വേണമെങ്കിലും ചേർക്കാം. സമയപരിധിക്കകം ലോക്കിങ് നടത്തിയില്ലെങ്കിൽ പൂരിപ്പിച്ച ചോയ്സ് യാന്ത്രികമായി ലോക്കിങ് ആയി മാറും. ലോക്കിങ് നടത്തിയ ചോയ്സ് പിന്നീടുള്ള ഉപയോഗത്തിനായി പ്രിൻറൗട്ട് എടുത്തുവെക്കണം.
* സീറ്റ് അലോട്ട്മെൻറ്: എം.സി.സി പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ചുള്ള തീയതിയിൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻറ് വിവരം പരിശോധിക്കാം.
* കോളജ് പ്രവേശനം: അലോട്ട്മെൻറ് ലഭിച്ചവർ അലോട്ട്മെൻറ് ലെറ്റർ സഹിതം കോളജിൽ പ്രവേശനം നേടണം. കോവിഡ് സാഹചര്യത്തിൽ പ്രവേശനം നേടുന്നതിൽ ക്രമീകരണങ്ങൾ വരുത്തുന്നുവെങ്കിൽ അക്കാര്യം വെബ്സൈറ്റ് വഴി അറിയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.