മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. ഏപ്രിൽ പത്തിന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ഫീസടക്കുകയും ചെയ്യാം. ഏപ്രിൽ 20 വരെ അനുബന്ധ രേഖകൾ ഓൺലൈനായി സമർപ്പിക്കാം.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് മേയ് 10 മുതൽ ഡൗൺലോഡ് ചെയ്യാം. മേയ് 17ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കുശേഷം 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ട് മാത്തമാറ്റിക്സും നടക്കും.
കേരളത്തിനുപുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. ജൂൺ 20നോ മുമ്പോ ഫലം പ്രസിദ്ധീകരിക്കും. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേക്കുള്ള റാങ്ക് പട്ടിക ജൂലൈ 20നകം പ്രസിദ്ധീകരിക്കും.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
അപേക്ഷ ഫീസ്: എൻജിനീയറിങ്/ഫാർമസി പ്രവേശനത്തിന് ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നവർ 12,000 രൂപ അധികമായി ഓൺലൈനായി അടയ്ക്കണം.
കോഴ്സുകൾ
എൻജിനീയറിങ് (ബി.ടെക്): കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ.
ആർക്കിടെക്ചർ -ബി.ആർക്.
മെഡിക്കൽ കോഴ്സുകൾ: എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).
മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി (ഓണേഴ്സ്) അഗ്രികൾചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്), വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), കോഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി(ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്.
ഫാർമസി -ബി.ഫാം.
അപേക്ഷ സമർപ്പണത്തിന് അഞ്ച് ഘട്ടം
www.cee.kerala.gov.inലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.
ഒന്നാംഘട്ടം: പേര്, ജനനത്തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.
രണ്ടാംഘട്ടം: അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തെരഞ്ഞെടുക്കാം.
സാമുദായിക സംവരണം (എസ്.സി/എസ്.ടി/ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾ), ഇ.ഡബ്ല്യു.എസ് സംവരണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഫൈനൽ സബ്മിഷൻ നടത്തണം.
മൂന്നാംഘട്ടം: അപേക്ഷ ഫീസ് അടയ്ക്കലാണ് ഈ ഘട്ടം. ഓൺലൈനായോ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഇ-ചെലാൻ മുഖേന പോസ്റ്റോഫിസ് ശാഖകൾ വഴിയോ ഫീസടയ്ക്കാം.
നാലാംഘട്ടം: പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ നിർദേശങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യണം.
അഞ്ചാംഘട്ടം: ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയ ശേഷം അപേക്ഷ അക്നോളജ്മെന്റ് പേജിന്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റും നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖയും ഓൺലൈനായി ഈ ഘട്ടത്തിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം.
ഭിന്നശേഷി സംവരണം: രേഖ സമർപ്പണത്തിൽ മാറ്റം
ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിക്കുകയും പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന സംസ്ഥാനതല മെഡിക്കൽ ബോർഡിൽ ഹാജരാവുകയും വേണം. നേരത്തെ ജില്ല മെഡിക്കൽ ബോർഡ് നൽകിയ ശാരീരിക വൈകല്യത്തിന്റെ തോത് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.
- എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/സ്കോളർഷിപ് ലഭിക്കാൻ വില്ലേജ് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
- സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സംവരണേതര വിഭാഗത്തിൽ നിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കുന്നതിനായി ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ.ബി.സി/ഒ.ഇ.സി സംവരണം ആവശ്യമെങ്കിൽ വില്ലേജ് ഓഫിസറിൽനിന്ന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം.
ഇവർ എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ ആനുകൂല്യം ലഭിക്കാൻ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അപൂർണമായ സർട്ടിഫിക്കറ്റുകൾ നിരസിക്കും. സർട്ടിഫിക്കറ്റുകളുടെ മാതൃക വെബ്സൈറ്റിൽ പ്രോസ്പെക്ടസിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.
സീറ്റ് വിഹിതവും സംവരണ ശതമാനവും
സ്റ്റേറ്റ് മെറിറ്റ് 50 ശതമാനം, ഇ.ഡബ്ല്യു.എസ് 10 ശതമാനം, എസ്.ഇ.ബി.സി 30 ശതമാനം, (ഈഴവ 9 ശതമാനം, മുസ്ലിം 8 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു 3 ശതമാനം, ലത്തീൻ കത്തോലിക്ക ആൻഡ് ആഗ്ലോ ഇന്ത്യൻ 3 ശതമാനം, ധീവര, അനുബന്ധ സമുദായങ്ങൾ 2 ശതമാനം, വിശ്വകർമ, അനുബന്ധ സമുദായങ്ങൾ 2 ശതമാനം, കുശവ, അനുബന്ധ സമുദായങ്ങൾ 1 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ 1 ശതമാനം, കുടുംബി 1ശതമാനം), എസ്.സി 8 ശതമാനം, എസ്.ടി 2 ശതമാനം.
എൻ.ആർ.ഐ ക്വോട്ട
സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എൻ.ആർ.ഐ വിഭാഗത്തിൽ നിന്നുള്ളവർക്കായിരിക്കും. ഉയർന്ന ഫീസായിരിക്കും. എൻ.ആർ.ഐ ക്വോട്ടയിലേക്ക് പരിഗണിക്കാൻ അപേക്ഷകനായ വിദ്യാർഥിയും എൻ.ആർ.ഐയായ ബന്ധുവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രോസ്പെക്ടസിലുണ്ട്.
‘നീറ്റും’ ‘നാറ്റ’യും
കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മേയ് ഏഴിന് നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്-യു.ജി 2023) പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശനപരീക്ഷ കമീഷണർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കണം.
നീറ്റ് പരീക്ഷക്കുള്ള അപേക്ഷ സമർപ്പണം www.neet.nta.nic.in വഴി ഏപ്രിൽ ആറ് വരെ നടത്താം. നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം. പ്രവേശനപരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരെ മാത്രമേ കേരള റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ.
ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങൾ www.nata.inൽ.
സംവരണം: സർട്ടിഫിക്കറ്റിൽ പിഴക്കരുത്
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗത്തിലുള്ളവർ കേരള സർക്കാറിന്റെ പഠനാവശ്യത്തിനായുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. നീറ്റ്, ജെ.ഇ.ഇ പരീക്ഷ ഉൾപ്പെടെ കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കുള്ളതോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കുള്ളതോ ആയ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല.
അപ്ലോഡ് ചെയ്യുംമുമ്പ് ഇത് ഉറപ്പാക്കുക. സർട്ടിഫിക്കറ്റിന്റെ മാതൃകകൾ പ്രോസ്പെക്ടസിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. സർട്ടിഫിക്കറ്റുകളിലുണ്ടാകുന്ന പിഴവ് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയാക്കും.
- *എസ്.സി/എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് തഹസിൽദാറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മറ്റ് അർഹ സമുദായത്തിൽപെട്ട (ഒ.ഇ.സി) വിദ്യാർഥികൾ കേരള സർക്കാറിന്റെ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ഇ.സി അപേക്ഷകർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി വില്ലേജ് ഓഫിസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
- * മൈനോറിറ്റി സംവരണം: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ (മുസ്ലിം/ ക്രിസ്ത്യൻ) വില്ലേജ് ഓഫിസിൽ നിന്നുള്ള കമ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷകന്റെ എസ്.എസ്.എൽ.സി/വിദ്യാഭ്യാസ രേഖയിൽ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫിസറിൽനിന്നുള്ള കമ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും. നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
സംസ്ഥാന ക്വോട്ടയും അഖിലേന്ത്യ ക്വോട്ടയും
സർക്കാർ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് സീറ്റുകളിൽ 85 ശതമാനം സംസ്ഥാന ക്വോട്ട സീറ്റായി പ്രവേശന പരീക്ഷ കമീഷണറാണ് നികത്തുക. സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നായിരിക്കും അലോട്ട്മെന്റ്.
ഇതേ കോഴ്സുകളിലെ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിൽ നികത്തുക. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയാണ് ഇതിൽ അലോട്ട്മെന്റ്. സംസ്ഥാനത്തിന് പുറത്തുള്ള സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്കും എയിംസ്, ജിപ്മെർ ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ് സീറ്റുകളിലേക്കും അഖിലേന്ത്യ ക്വോട്ടയിൽ അപേക്ഷിക്കാം. നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചശേഷം https://mcc.nic.in വഴിയാണ് അഖിലേന്ത്യ ക്വോട്ടയിൽ അപേക്ഷിക്കേണ്ടത്.
ഹെൽപ് ലൈൻ നമ്പർ: 0471-2525300
സിറ്റിസൺസ് കോൾ സെന്റർ 155300, 0471-2335523 (ദേശീയ അവധി ദിവസങ്ങൾ ഒഴികെ 24 മണിക്കൂറും). പ്രവേശന പരീക്ഷ, അലോട്ട്മെന്റ്, പ്രവേശനം, മറ്റ് അനുബന്ധ വിവരങ്ങൾ തുടങ്ങിയവ അറിയാൻ ‘SANDES’ മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ േപ്ല/ആപ്പിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
കൗൺസലിങ് നടപടികളിൽ മാറ്റങ്ങളേറെ
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികളിൽ ഏറെ മാറ്റങ്ങളോടെയാണ് പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധീകരിച്ചത്. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള കൗൺസലിങിൽ അഖിലേന്ത്യ ക്വോട്ട കൗൺസലിങ്ങിന് സമാനമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മാറ്റങ്ങൾ വിദ്യാർഥികളും രക്ഷിതാക്കളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.
ഓപ്ഷൻ രജിസ്ട്രേഷന് ഫീസ്
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷം നടക്കുന്ന കൗൺസലിങ് നടപടികളിൽ ഇത്തവണ ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഈടാക്കും. ഇക്കാര്യം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഫീസ് പിന്നീട് പ്രവേശന പരീക്ഷ കമീഷണർ തീരുമാനിക്കും.
ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ഒരിക്കൽ അടച്ചാൽ പിന്നീട് മാറ്റാനാകില്ല. ഓൺലൈനായോ പോസ്റ്റ് ഓഫിസ് വഴി ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് അടക്കാനാകും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവരുടെ ഓപ്ഷൻ ഫീസ് കോഴ്സ് ഫീസിലേക്ക് വകയിരുത്തും.
അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെയും പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരുടെ ഓപ്ഷൻ ഫീസ് പിഴയായി പരിഗണിച്ച് തിരികെ നൽകില്ല. മുൻ വർഷങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കാത്ത കോഴ്സുകളിലേക്ക് ഉൾപ്പെടെ കുട്ടികൾ ഓപ്ഷൻ നൽകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതുകാരണം ആദ്യ രണ്ട് റൗണ്ട് അലോട്ട്മെന്റുകളിൽ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായിരുന്നു സ്ഥിതി.
ഈ സാഹചര്യത്തിലാണ് മെഡിക്കൽ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഏർപ്പെടുത്തിയ രജിസ്ട്രേഷൻ ഫീസ് മാതൃകയിൽ കേരളത്തിലും ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ട ടോക്കൺ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ, ഡെന്റൽ എൻ.ആർ.ഐ സീറ്റുകൾ ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞ ശേഷവും ഒഴിഞ്ഞുകിടന്നാൽ സ്റ്റേറ്റ് മെറിറ്റ് സീറ്റാക്കി മോപ് അപ് റൗണ്ടിൽ നികത്താനുള്ള വ്യവസ്ഥയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ചവർക്ക് ഫ്രീ എക്സിറ്റ് അവസരം; രണ്ടാം റൗണ്ടിന് ശേഷം മാറ്റം അനുവദിക്കില്ല
മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ ആദ്യ രണ്ട് റൗണ്ട് കൗൺസലിങ്ങിൽ സ്വാശ്രയ കോളജിൽ ഉൾപ്പെടെ പ്രവേശനം നേടിയവരെ തുടർന്നുള്ള മോപ് അപ്, സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുപ്പിക്കില്ല. എന്നാൽ ഒന്നും രണ്ടും റൗണ്ടുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനപരീക്ഷ കമീഷണർ നിശ്ചയിച്ച സമയത്തിനകം സീറ്റ് ഉപേക്ഷിച്ച് പുറത്തുപോകാൻ (ഫ്രീ എക്സിറ്റ്) അവസരം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും ഫ്രീ എക്സിറ്റ് നേടുന്നവർക്ക് പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്ത് മോപ് അപ് റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കാം. ഇവർക്ക് വീണ്ടും ഓപ്ഷൻ രജിസ്ട്രേഷൻ ഫീസടക്കേണ്ടതില്ല. രണ്ടാം റൗണ്ടിൽ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ തുടരുന്ന കുട്ടികൾക്ക് പിന്നീടുള്ള മോപ് അപ് റൗണ്ടിൽ പങ്കെടുത്ത് സർക്കാർ കോളജുകളിലേക്ക് മാറാൻ ഇത്തവണ അവസരമുണ്ടാകില്ലെന്ന് ചുരുക്കം.
ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സീറ്റ് ഉപേക്ഷിക്കാനുള്ള ഫ്രീ എക്സിറ്റ് സൗകര്യം ഉപയോഗപ്പെടുത്തണം. ഒന്നാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ച ശേഷം ഫ്രീ എക്സിറ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ ഇവർക്ക് മോപ് അപ് റൗണ്ടിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
രണ്ടാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്കും സീറ്റ് സ്വീകരിക്കാതെ നിശ്ചിത സമയത്തിനകം എക്സിറ്റ് അവസരമുണ്ടാകും. ഇവർക്കും മോപ് അപ് റൗണ്ടിൽ വീണ്ടും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. കഴിഞ്ഞവർഷം രണ്ടാം റൗണ്ടിൽ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മോപ് അപ് റൗണ്ടിൽ പങ്കെടുപ്പിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രീ എക്സിറ്റ് സൗകര്യത്തോടെ കൗൺസലിങ് നടപടികളിൽ മാറ്റം വരുത്തിയത്.
മൂന്ന് സ്വയംഭരണ എൻജി. കോളജുകളിലേക്ക് നേരിട്ട് പ്രവേശനം
കളമശ്ശേരി രാജഗിരി, തിരുവനന്തപുരം മാർ ബസേലിയോസ്, കോട്ടയം സെൻറ് ഗിറ്റ്സ് എന്നീ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിലേക്ക് ഇത്തവണ കോളജുകൾ നേരിട്ട് നടത്തുന്ന കൗൺസലിങ് വഴിയായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ കമീഷണറുടെ കൗൺസലിങ്ങിൽ നിന്ന് ഇവയെ ഒഴിവാക്കും.
സ്വയംഭരണ കോളജുകൾക്ക് നേരിട്ട് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ അധികാരമുണ്ട്. സ്വയംഭരണ പദവി നേരേത്ത ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞവർഷം വരെ ഈ മൂന്ന് കോളജുകൾ പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റ് വഴിയായിരുന്നു പ്രവേശനം നടത്തിയിരുന്നത്. സ്വയംഭരണ പദവിയുള്ള എയ്ഡഡ് എൻജിനീയറിങ് കോളജായ കൊല്ലം ടി.കെ.എം കോളജിലേക്ക് പ്രവേശന പരീക്ഷ കമീഷണർ തന്നെയാകും അലോട്ട്മെന്റ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.