മെഡിക്കൽ: കേരള റാങ്ക് പട്ടിക ജൂലൈ പത്തിനകം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് തുടങ്ങി. നീറ്റ് പരീക്ഷയിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പ്രവേശന പരീക്ഷ കമീഷണർ നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) കത്ത് നൽകി. ജൂലൈ പത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് അധികൃതർ പറയുന്നത്.
പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടുകയും എന്നാൽ കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാനായി കമീഷണർക്ക് അപേക്ഷ സമർപ്പിക്കാത്തവരുമായ വിദ്യാർഥികൾക്ക് ഒരവസരം കൂടി നൽകും. ഇതിന് പുറമെ നേരത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ അപേക്ഷിക്കുകയും മെഡിക്കൽ, അനുബന്ധ കോഴ്സുകൾ ചേർക്കാൻ വിട്ടുപോവുകയും ചെയ്തവരിൽ നീറ്റ് യോഗ്യത നേടിയവർക്ക് അവ കൂട്ടിച്ചേർക്കാനുള്ള അവസരവും നൽകും. വൈകാതെ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. എൻ.ടി.എയിൽനിന്ന് ലഭിക്കുന്ന നീറ്റ് സ്കോർ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കുകയും ഇത് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവസരവും നൽകും. ഇതിന് ശേഷമായിരിക്കും കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
കഴിഞ്ഞ വർഷം ജൂൺ 13ന് നീറ്റ് ഫലം പ്രസിദ്ധീകരിക്കുകയും നടപടികൾ പൂർത്തിയാക്കി ജൂലൈ 20ന് കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സംവരണത്തിനുള്ള വിവിധ കാറ്റഗറി പട്ടികകളും പ്രസിദ്ധീകരിക്കും. ഇതിന് ശേഷം ദേശീയ മെഡിക്കൽ കമീഷൻ നിർദേശിക്കുന്നത് പ്രകാരം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് അഖിലേന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ടകളിലെ പ്രവേശനം നടത്തും. കഴിഞ്ഞ വർഷം ജൂലൈ 20നായിരുന്നു അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള ആദ്യ റൗണ്ടിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഇത്തവണ നേരത്തെ നീറ്റ് ഫലം പ്രസിദ്ധീകരിച്ചതിനാൽ പ്രവേശന നടപടികളും നേരത്തെ തുടങ്ങാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.