മെഡിക്കൽ മോപ്-അപ് അലോട്ട്മെന്റ്; മെറിറ്റിൽ മുന്നിലുള്ള 325 പേരുടെ ഓപ്ഷൻ റദ്ദാക്കി
text_fieldsതിരുവനന്തപുരം: മെറിറ്റിൽ മുന്നിലുള്ള 325 വിദ്യാർഥികളുടെ ഓപ്ഷൻ റദ്ദാക്കി മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അന്തിമ മോപ്-അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്വാശ്രയ മെഡിക്കൽ കോളജിലും ഡെന്റൽ കോളജുകളിലും രണ്ടാം റൗണ്ട് വരെ പ്രവേശനം നേടിയവരെന്ന നിലയിലാണ് ഇത്രയും വിദ്യാർഥികളെ ഒഴിവാക്കി മോപ്-അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾ ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി വെള്ളിയാഴ്ച തള്ളിയതോടെയാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഹരജി വന്നതോടെ വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണർ മാറ്റിവെച്ചിരുന്നു.
ഹരജി തള്ളിയതിന് പിന്നാലെ അലോട്ട്മെന്റുമായി മുന്നോട്ടുപോകാൻ പ്രവേശന പരീക്ഷ കമീഷണർക്ക് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകുകയും ചെയ്തു. മോപ്-അപ് അലോട്ട്മെന്റിലൂടെ പ്രവേശനം ഉറപ്പായ വിദ്യാർഥികളേക്കാൾ റാങ്കിൽ മുന്നിലുള്ളവരാണ് ഓപ്ഷൻ റദ്ദായ 325 വിദ്യാർഥികൾ. രണ്ടാം അലോട്ട്മെന്റിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ 898ാം റാങ്ക് വരെയുള്ളവർക്കാണ് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്. മോപ്-അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 1364 മുതൽ 1628 റാങ്ക് വരെയുള്ളവർക്കാണ് ഗവ. മെഡിക്കൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ചത്. 898ാം റാങ്കിനും 1364ാം റാങ്കിനും ഇടയിലുള്ളവർ സമർപ്പിച്ച ഓപ്ഷനുകൾ ഒന്നടങ്കം റദ്ദാക്കി.
മെറിറ്റ് മറികടന്നുള്ള പ്രവേശനത്തിനാണ് ഫലത്തിൽ മോപ്-അപ് അലോട്ട്മെന്റ് വഴിയൊരുക്കിയത്. രണ്ടാംഘട്ടം വരെ പ്രവേശനം നേടിയവരെ മോപ്-അപ് ഘട്ടത്തിൽനിന്ന് തടയണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചതോടെയാണ് ഇതിനനുസൃതമായി ഉത്തരവ് വന്നത്. ഇതോടെ നിലവിൽ സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവരെ പുറത്താക്കിയുള്ള വിജ്ഞാപനവും താൽക്കാലിക അലോട്ട്മെന്റും പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു.
കമീഷണറുടെ വിജ്ഞാപനത്തെ ചോദ്യംചെയ്തുള്ള ഹരജിയാണ് ഹൈകോടതി വെള്ളിയാഴ്ച തള്ളിയത്. മോപ്-അപ് അലോട്ട്മെന്റിൽ കോടതി ഉത്തരവിലൂടെ മെറിറ്റ് മറികടക്കുന്ന സാഹചര്യം പ്രവേശന പരീക്ഷ കമീഷണർ ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.