മെഡിക്കൽ പി.ജി പ്രവേശനം; മൂന്നാം റൗണ്ടിൽ പുതിയ ഓപ്ഷൻ രജിസ്ട്രേഷന് അനുമതി
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിൽ സംസ്ഥാന ക്വോട്ട പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മൂന്നാം റൗണ്ട് കൗൺസലിങ്ങിൽ അപേക്ഷകർക്ക് പുതിയ ഓപ്ഷൻ രജിസ്ട്രേഷന് അവസരം. ഇതുസംബന്ധിച്ച് പ്രോസ്പെക്ടസ് വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
നേരത്തേ മൂന്നാം റൗണ്ടിന് പകരമായുണ്ടായിരുന്ന മോപ് അപ് റൗണ്ടിൽ പുതിയ ഓപ്ഷൻ രജിസ്ട്രേഷന് സൗകര്യമില്ലായിരുന്നു. മോപ് അപ് റൗണ്ട് മൂന്നാം റൗണ്ട് കൗൺസലിങ്ങാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഭേദഗതി ചെയ്തിരുന്നു. ഇതിനനുസൃതമായ ഭേദഗതി വരുത്താതെയാണ് സംസ്ഥാനത്ത് പ്രോസ്പെക്ടസ് അംഗീകരിച്ചത്. ഇതിനെതിരെ അപേക്ഷകർ പരാതിയുമായി എത്തിയതോടെ വിഷയം പ്രവേശന പരീക്ഷ കമീഷണർ ആരോഗ്യ വകുപ്പിന്റെ തീർപ്പിന് വിടുകയായിരുന്നു.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ മാർഗരേഖക്ക് വിരുദ്ധമായി സംസ്ഥാനത്ത് പ്രവേശന നടപടികൾ നടത്തുന്നത് നിയമക്കുരുക്കുകളിലേക്ക് പോകുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതുസംബന്ധിച്ച പ്രതിസന്ധി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഭേദഗതി വഴി ഒന്ന്, രണ്ട് റൗണ്ടുകളിൽ പ്രവേശനം ലഭിച്ചവർക്ക് പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനം ചെയ്യുന്ന തിയതിക്കകം സീറ്റിൽനിന്ന് വിടുതൽ ചെയ്യാൻ അവസരമുണ്ടാകും. നേരത്തേ രണ്ടാം റൗണ്ട് പ്രവേശനത്തിനുശേഷം വിടുതലിന് അവസരമില്ലായിരുന്നു. വിടുതൽ ചെയ്യുന്നവരെ മൂന്നാം റൗണ്ടിന് ശേഷമുള്ള സ്ട്രേ വേക്കൻസി റൗണ്ടിൽ പരിഗണിക്കാൻ മൂന്നാം റൗണ്ടിൽതന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
മൂന്നാം റൗണ്ടിൽ പുതിയ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. പ്രവേശന പരീക്ഷ കമീഷണർ നിർദേശിച്ച തീയതിക്കുശേഷം വിടുതൽ ചെയ്യുന്നവർക്ക് മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുണ്ടാകില്ല. മുൻ റൗണ്ടുകളിലെ ഓപ്ഷനുകൾ മൂന്നാം റൗണ്ടിൽ പരിഗണിക്കില്ല. ഇവർ നിർബന്ധമായും പുതിയ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. മൂന്നാം റൗണ്ട് സീറ്റിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടുത്തി വിടുതൽ ചെയ്യാം. ഇവർക്ക് തുടർന്നുള്ള അലോട്ട്മെൻറിൽ പങ്കെടുക്കാനാകില്ല. മൂന്നാം റൗണ്ടിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് മുൻ റൗണ്ടുകളിൽ അലോട്ട്മെൻറ് ലഭിച്ച സീറ്റുകളിൽ തുടരാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.