ഡോക്ടറാകാന്‍ ‘നെക്സ്റ്റ്’ പാസാകണം; പി.ജി പ്രവേശന, കേന്ദ്ര നിയമന പരീക്ഷകള്‍ ഇല്ലാതാകും
text_fieldsന്യൂഡല്‍ഹി: എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെങ്കില്‍ നാഷനല്‍ എക്സിറ്റ് ടെസ്റ്റ് അഥവാ നെക്സ്റ്റ് പരീക്ഷ പാസാകണം. എം.ബി.ബി.എസ് കോഴ്സിന് ശേഷമുള്ള ഈ പരീക്ഷകൂടി പാസാകുമ്പോള്‍ മാത്രമാണ് ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുക. ഇതുസംബന്ധിച്ച നിയമഭേദഗതി നിര്‍ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചു. എം.ബി.ബി.എസുകാര്‍ക്ക് പുതിയ യോഗ്യത പരീക്ഷ എന്നതിനൊപ്പം ഇപ്പോഴുള്ള മൂന്ന് പ്രധാന പരീക്ഷകള്‍ക്ക് ബദല്‍ കൂടിയാണ് നെക്സ്റ്റ് പരീക്ഷ.
നെക്സറ്റ് പരീക്ഷ നിലവില്‍വരുന്നതോടെ മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നാഷനല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) ഉണ്ടാവില്ല. മെഡിക്കല്‍ പി.ജി സീറ്റുകളിലേക്കുള്ള പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും. അതുപോലെ, കേന്ദ്ര ആരോഗ്യ സര്‍വിസുകളില്‍ നിയമനത്തിനുള്ള പരീക്ഷയും ഉണ്ടാവില്ല. നെക്സ്റ്റ് പരീക്ഷയുടെ റാങ്കിന്‍െറ അടിസ്ഥാനത്തിലാകും നിയമനം നല്‍കുക. വിദേശത്തെ മെഡിക്കല്‍ കോളജുകളില്‍നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിവരുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ എക്സാമിനേഷനും ഉണ്ടാവില്ല. പകരം, വിദേശത്ത് പഠിച്ചുവരുന്നവരും നെക്സ്റ്റ് പരീക്ഷ എഴുതി പാസാകണം.
ആരോഗ്യമേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായാണ് നെക്സ്റ്റ് പരീക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. നെക്സ്റ്റ് പരീക്ഷ വരുന്നതോടെ മെഡിക്കല്‍ കോളജുകളുടെ പഠനനിലവാരം വിലയിരുത്താന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യമേഖലയിലെ കോളജുകളിലെ നിലവാരം സംബന്ധിച്ച് ആക്ഷേപം നിലവിലുണ്ട്. നെക്സ്റ്റ് പരീക്ഷയിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ഓരോ മെഡിക്കല്‍ കോളജുകളുടെയും നിലവാരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിലിരുത്താന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് എം.ബി.ബി.എസ് പഠനം നടത്തിയവര്‍ക്കുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ എക്സാമിനേന്‍ എടുത്തുകളയണമെന്ന നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് മുന്നില്‍ വെച്ചിരുന്നു. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ളെന്ന സാഹചര്യം പരിഗണിച്ചായിരുന്നു നിര്‍ദേശം. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്ത് ആറു ലക്ഷം പേരുടെ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്ക്. അതിനിടെയാണ്, പുതിയ പരീക്ഷയെന്ന നിര്‍ദേശവുമായി മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.