മെഡിക്കൽ പി.ജി സർവിസ് ക്വോട്ട; സീറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ അർധരാത്രി അലോട്ട്മെൻറും ഓൺലൈൻ പ്രവേശനവും
text_fieldsതിരുവനന്തപുരം: സമയപരിധി തീർന്ന് സീറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മെഡിക്കൽ പി.ജി സർവിസ് ക്വോട്ട സീറ്റിലേക്ക് അർധരാത്രി അലോട്ട്മെൻറും ഓൺലൈൻ പ്രവേശനവും. കോടതി ഇടപെടലിനെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിൽനിന്നുള്ള ലെക്ചറർമാരെ കൂടി ഉൾപ്പെടുത്തി തയാറാക്കിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ സർവിസ് ക്വോട്ട സീറ്റിലേക്കാണ് വെള്ളിയാഴ്ച അർധരാത്രിയോടടുത്ത് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്.
പ്രവേശനത്തിനുള്ള അവസാന തീയതി വെള്ളിയാഴ്ച ആയതിനാൽ അലോട്ട്മെൻറ് ലഭിച്ചവരോട് ഉടൻതന്നെ ഓൺലൈനായി കോളജിൽ ചേരാൻ ഫോണിൽ നിർദേശവും നൽകി. നേരത്തേ കോടതി ഇടപെടലിനെതുടർന്ന് പിൻവലിച്ച സർവിസ് ക്വോട്ട അലോട്ട്മെൻറിന്‍റെ പട്ടിക പുതുക്കിയപ്പോൾ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്ന രണ്ടുപേർ പുറത്താകുകയും ചെയ്തു.
പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ.മെഡിക്കൽ കോളജിൽനിന്നുള്ളവരെകൂടി ഉൾപ്പെടുത്തി 15 പേരുടെ അലോട്ട്മെൻറ് പട്ടികയാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചത്. ഇവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ക്വോട്ട സീറ്റിൽ ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പാലക്കാട് കോളജിൽനിന്നുള്ളവരെ സർവിസ് ക്വോട്ട സീറ്റിൽ പരിഗണിക്കാൻ ആരോഗ്യവകുപ്പ് തയാറാകാതെ വന്നതോടെയാണ് പ്രവേശന നടപടി നിയമക്കുരുക്കിലായത്. സർക്കാർ നൽകിയ അപ്പീൽ തള്ളിയതോടെയാണ് പാലക്കാട് മെഡിക്കൽ കോളജിൽനിന്നുള്ള ലെക്ചർമാർക്ക് സർവിസ് ക്വോട്ടയിൽ അലോട്ട്മെൻറിന് വഴിയൊരുങ്ങിയത്.
സർവിസ് ക്വോട്ടയിൽ ആരോഗ്യ ഡയറക്ടറേറ്റിന് അനുവദിച്ചതിൽ ഒഴിവുള്ള ഏതാനും സീറ്റ് നികത്താനായിട്ടില്ല. ഇവ നികത്തുന്നതിന് പ്രവേശന തീയതി നീട്ടി നൽകാൻ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് ഇവ ജനറൽ ക്വോട്ടയിലേക്ക് മാറ്റി അലോട്ട്മെൻറ് നടത്താനാകുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഈ വർഷം നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.