മതസംഘടനകൾക്ക് മെഡി. സീറ്റ് സംവരണം
text_fieldsതിരുവനന്തപുരം: മതസംഘടനകൾക്ക് സംവരണം ഒരുക്കി സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ മാനേജ്മെൻറുകളുടെ സീറ്റ് കച്ചവടത്തിന് സർക്കാർ ഒത്താശ. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റുകളാണ് മതസംഘടനകളുടെ പേരിൽ സംവരണം ചെയ്ത് തട്ടിപ്പിന് കളമൊരുങ്ങിയത്. സ്വാശ്രയ കോളജുകൾ സമർപ്പിച്ച സീറ്റ് വിഭജനം അതേപടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇത് സാമുദായിക സീറ്റുകളിലെ മെറിറ്റ് അട്ടിമറിക്കും വഴിെവക്കും. എം.ഇ.എസ് ഒഴികെയുള്ള മുസ്ലിം മാനേജ്മെൻറുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് മതസംഘടനകൾക്ക് സംവരണം ഒരുക്കി സീറ്റ് നിശ്ചയിച്ചുനൽകിയത്.
ഇൗ സീറ്റുകളിലേക്ക് ബന്ധപ്പെട്ട സംഘടനയിൽനിന്നുള്ളവരുടെ മക്കൾക്ക് പ്രവേശനം ഒരുക്കുന്ന രീതിയിലാണ് സംവരണം ക്രമീകരിച്ചത്. ഇതിനായി റവന്യൂ അധികാരികളിൽനിന്നുള്ള രേഖക്ക് പുറമേ, ബന്ധപ്പെട്ട സംഘടനാ ഭാരവാഹി നൽകുന്ന കത്ത് സർക്കാർ രേഖയായി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം മതസംഘടനകളെ സമുദായത്തിനകത്തെ ഉപജാതി വിഭാഗങ്ങളുടെ പരിഗണന നൽകിയാണ് കേട്ടുകേൾവിയില്ലാത്ത സംവരണം ഒരുക്കിയത്. മുസ്ലിം സമുദായത്തിലെ വിദ്യാർഥികൾക്ക് ഒന്നടങ്കം സംവരണം അനുവദിക്കുന്നതിനു പകരമാണ് സംഘടനകളുടെ പേര് സഹിതം ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഉത്തരവിറക്കിയത്.
കോഴിക്കോട് കെ.എം.സി.ടി, കൊല്ലം ട്രാവൻകൂർ, അസീസിയ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കാണ് സംഘടനാ അടിസ്ഥാനത്തിൽ സർക്കാർ സീറ്റ് വിഭജിച്ചുനൽകിയത്. പാലക്കാട് കരുണ മെഡിക്കൽ കോളജിലെ സാമുദായിക സീറ്റിെൻറ വിഭജനം സംബന്ധിച്ച് പ്രത്യേകം ഉത്തരവിറക്കുമെന്നും ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നു. കണ്ണൂർ ഡെൻറൽ കോളജ്, അസീസിയ ഡെൻറൽ കോളജ്, അൽ അസ്ഹർ ഡെൻറൽ കോളജ് എന്നിവിടങ്ങളിലും സംഘടനാ അടിസ്ഥാനത്തിലാണ് സാമുദായിക സീറ്റ് വിഭജിച്ചിരിക്കുന്നത്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകളുടെ പേരിലാണ് സീറ്റ് സംവരണം ചെയ്തത്. ഇൗ സംഘടനകളിൽപെട്ടവരുടെ മക്കൾക്ക് പ്രവേശനം എന്ന പേരിലാണ് ഉത്തരവിറങ്ങിയത്.
മുസ്ലിം സമുദായത്തിലെ സംഘടനാ വേർതിരിവ് മെഡിക്കൽ സീറ്റ് വിഭജനത്തിനായി ഉപയോഗിക്കാനുള്ള മാേനജ്മെൻറുകളുടെ ശ്രമം സർക്കാർ പരിേശാധനയില്ലാതെ അംഗീകരിച്ച് നൽകുകയായിരുന്നു. ന്യൂനപക്ഷ പദവിയുടെ മറവിലാണ് സ്വന്തം ഇഷ്ടപ്രകാരം സീറ്റ് വിഭജനം നടത്തി മാനേജ്മെൻറുകൾ സർക്കാറിന് സമർപ്പിച്ചത്. ഇൗ സീറ്റുകളിലേക്ക് മാനേജ്മെൻറുകൾ നിർദേശിച്ച വിഭാഗങ്ങളിലെ കുട്ടികളെ മാത്രമേ പ്രവേശന പരീക്ഷാ കമീഷണർ അലോട്ട് ചെയ്യുകയുള്ളൂ. ഇൗ വിഭാഗത്തിലെ കുട്ടികൾ ഇല്ലാതെ വന്നാൽ സീറ്റ് മാനേജ്മെൻറിനുതെന്ന ലഭിക്കുമെന്നും അതു വൻതുകക്ക് മറിച്ചുനൽകാമെന്നുമുള്ള ലക്ഷ്യത്തോടെയാണ് മാനേജ്മെൻറുകളുടെ നീക്കം. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് മാത്രമാണ് സംഘടനാ വ്യത്യാസമില്ലാതെ മുഴുവൻ മുസ്ലിം വിദ്യാർഥികൾക്കുമായി സീറ്റ് നീക്കിവെച്ചത്. ഇവിടെ 50 സീറ്റാണ് സാമുദായിക േക്വാട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ നികത്തേണ്ടത്. ഇതിനായി ഹാജരാക്കേണ്ടത് റവന്യൂ അധികാരികളിൽനിന്നുള്ള കമ്യൂണിറ്റി സർട്ടിഫിക്കറ്റുമാണ്. മുസ്ലിം സംഘടനകളുടെ പേരിൽ സീറ്റ് അനുവദിക്കാൻ ന്യൂനപക്ഷ വകുപ്പിൽനിന്നുപോലും സർക്കാർ അഭിപ്രായം തേടിയില്ല.
സർക്കാർ ഉത്തരവിൽ തെറ്റില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സാമുദായിക സീറ്റുകളിൽ മതസംഘടനകളിൽനിന്നുള്ള രേഖ സമർപ്പിക്കാനുള്ള സർക്കാർ ഉത്തരവിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമുദായം തെളിയിക്കാൻ റവന്യൂ അധികാരികളുടെ രേഖയാണ് സമർപ്പിേക്കണ്ടത്. സമുദായത്തിലെ ഉപവിഭാഗം തെളിയിക്കാനാണ് സംഘടനകളുടെ കത്ത് രേഖയായി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കൊല്ലം അസീസിയ കോളജിന് ഇൗ രൂപത്തിൽ സംവരണത്തിന് കോടതി അനുമതി നൽകിയിരുന്നെന്നും മന്ത്രി ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.