പഠനത്തിന് പണം കണ്ടെത്താൻ ഹോട്ടലിലും സിനിമ തിയേറ്ററിലും ജോലി ചെയ്തു; ഏറെ പരിശ്രമിച്ച് ഐ.എ.എസ് നേടിയ ചെന്നൈ സ്വദേശിയുടെ ജീവിതകഥ
text_fieldsലോകത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യു.പി.എസ്.സി. നിരന്തരമായ പരിശ്രമം അനിവാര്യമായ മത്സരപരീക്ഷ കൂടിയാണിത്. ഒരുപാട് പേർ പരീക്ഷ എഴുതാറുണ്ടെങ്കിലും ചുരുക്കം ചിലർ മാത്രമാണ് വിജയം കൊയ്യുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ നൂറുകണക്കിന് മിടുക്കരുടെ കഥകൾ എല്ലായ്പ്പോഴും പുറത്തുവരാറുണ്ട്. അതിലൊന്നാണ് ഐ.എ.എസുകാരനായ കെ. ജയപ്രകാശിന്റെ വിജയകഥ. 2008ലെ യു.പി.എസ്.സി പരീക്ഷയിൽ 156ാം റാങ്കായിരുന്നു ഇദ്ദേഹത്തിന്.
തമിഴ്നാട്ടിലെ വെല്ലൂരിലെ ദരിദ്ര കുടുംബത്തിലാണ് ജയ്പ്രകാശ് ജനിച്ചത്. ഫാക്ടറി ജോലിക്കാരനായിരുന്നു പിതാവ്. പ്രതിമാസം അദ്ദേഹത്തിന് 4500 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്. ജയ്പ്രകാശിന്റെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ കുടുംബം നന്നായി ബുദ്ധിമുട്ടി. കുടുംബത്തിലെ മൂത്ത മകനെന്ന നിലയിൽ പ്രയാസങ്ങൾ ലഘൂകരിക്കാൻ അച്ഛനെ സഹായിക്കാൻ ജയ്പ്രകാശും മുന്നിട്ടിറങ്ങി. കുടുംബത്തിന്റെ ദാരിദ്ര്യം മാറുക മാത്രമായിരുന്നു അന്നൊക്കെ അദ്ദേഹത്തിന്റെ ഒരേയൊരു ലക്ഷ്യം.
നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു ജയ്പ്രകാശ്. അതുകൊണ്ടുതന്നെ അധ്യാപകർക്ക് ഏറെ പ്രിയങ്കരനും. 12ാം ക്ലാസിൽ 92 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. തുടർ പഠനത്തിന് സ്കോളർഷിപ്പും സ്വായത്തമാക്കി. തുടർന്ന് മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിന് പോയി. കോഴ്സ് പൂർത്തിയാക്കി എൻജിനീയറായി ജോലിക്ക് കയറിയാലും തുടക്കത്തിൽ വലിയ ശമ്പളമൊന്നുമുണ്ടാകുമായിരുന്നില്ല.
അപ്പോഴാണ് മനസിൽ സിവിൽ സർവീസ് മോഹം കയറിവന്നത്. ഐ.എ.എസ് ഓഫിസറാകുന്നതിലൂടെ കുടുംബവും കരകയറുന്നത് അദ്ദേഹം സ്വപ്നം കണ്ടു. തുടർന്ന് ചെന്നെയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ ചേർന്നു. അവിടത്തെ ഫീസടക്കാൻ പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്തു. എന്നാൽ വെയ്റ്റർ ജോലി ചെയ്ത് കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞില്ല. തുടർന്ന് സിനിമ തിയേറ്ററിലും ജോലി നോക്കി. പ്രതിമാസം 3000 രൂപ സ്വരുക്കൂട്ടാൻ അതുവഴി സാധിച്ചു.
2004ൽ ആദ്യതവണ സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. അതോടെ പാർട് ടൈം ജോലി ഒഴിവാക്കി മുഴുവൻ സമയവും പഠനത്തിനായി മാറ്റിവെച്ചു. ഒടുവിൽ 2008ൽ ജയ്പ്രകാശ് ഐ.എ.എസുകാരായി. ഇപ്പോൾ ചെന്നൈയിലെ അഡിഷനൽ സി.ഐ.ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.