സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലയനം: കാത്തിരിക്കുന്നത് കുരുക്കാവുന്ന പ്രശ്നങ്ങൾ
text_fieldsതിരുവനന്തപുരം: എതിർപ്പുകളെ തുടർന്ന് മുകൾതട്ടിൽ മാത്രം നടപ്പാക്കി നിർത്തിവെച്ച സ്കൂൾ വിദ്യാഭ്യാസ ഏകീകരണ നടപടികൾ ഇടത്തട്ടിലേക്കും താഴെ തട്ടിലേക്കും വ്യാപിപ്പിക്കുമ്പോൾ സർക്കാറിനെ കാത്തിരിക്കുന്നത് കുരുക്കായി മാറുന്ന പ്രശ്നങ്ങൾ. റിപ്പോർട്ട് പൂർണാർഥത്തിൽ നടപ്പാക്കുന്നത് കുരുക്കാകുമെന്നുകണ്ടാണ് കഴിഞ്ഞ സർക്കാർ ലയനം ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടപ്പാക്കി നിർത്തിവെച്ചത്. എന്നാൽ, റിപ്പോർട്ട് പ്രകാരമുള്ള ഘടനമാറ്റത്തിലേക്ക് സർക്കാർ കടക്കുന്നതിന്റെ മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചതോടെ അധ്യാപക സംഘടനകളിൽനിന്ന് പ്രതിഷേധവും ഉയർന്നുകഴിഞ്ഞു.
പൊതുവിദ്യാഭ്യാസം (ഡി.പി.ഐ), ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലായിരുന്ന പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) എന്ന ഏക ഡയറക്ടറേറ്റിന് കീഴിലേക്ക് കൊണ്ടുവന്നിരുന്നു. സ്കൂൾ കാമ്പസിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിങ്ങനെ വേറിട്ടുനിന്നിരുന്നതിനെ സ്ഥാപന മേധാവിയായി പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെ വൈസ്പ്രിൻസിപ്പലാക്കി മാറ്റുകയും ചെയ്തിരുന്നു. നിലവിൽ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫിസുകൾക്ക് കീഴിലാണ് പ്രൈമറി, ഹൈസ്കൂൾ വിദ്യാഭ്യാസം. ഹയർ സെക്കൻഡറിക്ക് മേഖല ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്.ഇക്ക് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളുമുണ്ട്. ഇവയുടെ ഏകീകരണമായിരിക്കും സർക്കാറിന് തലവേദനയാകുക.
ഡി.ജി.ഇക്ക് കീഴിൽ ജില്ല തലത്തിൽ ജോയന്റ് ഡയറക്ടർ ഓഫ് സ്കൂൾ എജുക്കേഷൻ എന്ന ഘടനയാണ് ഖാദർ കമ്മിറ്റി ശിപാർശ ചെയ്തത്. ജില്ലയിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം ഈ ഓഫീസിനു കീഴിലായിരിക്കണം. ജില്ല ഓഫിസിനു കീഴിൽ ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നീ ഭൂപരിധിയിൽ സ്കൂൾ എജുക്കേഷൻ ഓഫിസാണ് ശിപാർശ ചെയ്തത്. ഗ്രാമപഞ്ചായത്തുതലത്തിൽ പഞ്ചായത്ത് എജുക്കേഷൻ ഓഫിസർ തസ്തിക സൃഷ്ടിക്കാനും ശിപാർശയുണ്ടായിരുന്നു. സർക്കാർ ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികയാണ് നിലവിൽ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തിക. ഇതിനു ശേഷമുള്ള പ്രമോഷൻ സാധ്യതകളാണ് ഡി.ഇ.ഒ, ഡി.ഡി.ഇ തസ്തികകൾ. ലയനത്തോടെ ഈ തസ്തികകൾ ഇല്ലാതാകുമ്പോൾ ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികകൾ ഏതെന്ന് വ്യക്തമാക്കേണ്ടിവരും. ജില്ലയുടെ ചുമതല വരുന്ന ജോയന്റ് ഡയറക്ടർ ഓഫ് സ്കൂൾ എജുക്കേഷൻ തസ്തികയിലേക്ക് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ പരിഗണിക്കേണ്ടിയും വരും. ഘടനമാറ്റം വഴിയുണ്ടാകുന്ന പ്രമോഷൻ നഷ്ടം ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.