മെറിറ്റ് സീറ്റിൽ മാനേജ്മെന്റ് സ്വന്തംനിലയിൽ പ്രവേശനം നടത്തി; സ്വാശ്രയ കോളജിന്റെ പ്രവേശനം ആരോഗ്യവകുപ്പ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: സർക്കാർ പ്രവേശനം നടത്തേണ്ട ബി.എസ്സി നഴ്സിങ് മെറിറ്റ് സീറ്റുകളിൽ മാനേജ്മെന്റ് സ്വന്തംനിലയിൽ പ്രവേശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജിലെ 30 സീറ്റുകളിലെ പ്രവേശനം ആരോഗ്യവകുപ്പ് റദ്ദാക്കി.
വാളകം മെഴ്സി കോളജിലെ പ്രവേശനമാണ് റദ്ദാക്കിയത്. നവംബർ 30 വരെയാണ് നഴ്സിങ് പ്രവേശനത്തിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി. ഇതിന് തൊട്ടുമുമ്പാണ് മെഴ്സി കോളജിന് 30 സീറ്റ് അധികമായി നഴ്സിങ് കൗൺസിൽ അനുവദിച്ചത്. ഇതിൽ പകുതി സീറ്റിൽ മാനേജ്മെന്റും പകുതിയിൽ സർക്കാറുമാണ് പ്രവേശനം നടത്തേണ്ടിയിരുന്നത്. 15 സീറ്റുകളിൽ പ്രവേശനത്തിനാണ് പ്രവേശന മേൽനോട്ട സമിതിയും അനുമതി നൽകിയത്. എന്നിട്ടും കോളജ് സ്വന്തംനിലയിൽ പ്രവേശനം നടത്തുകയായിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചതുമില്ല. തുല്യ അവസരവും മെറിറ്റും ഉറപ്പാക്കാതെയായിരുന്നു പ്രവേശനം.
പ്രവേശനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അനുവദിച്ച 30ൽ 15 സീറ്റിൽ സർക്കാറിനുവേണ്ടി എൽ.ബി.എസായിരുന്നു പ്രവേശനം നടത്തേണ്ടിയിരുന്നത്. ആരോഗ്യ വകുപ്പ് ഉത്തരവ് നൽകാത്തതിനാൽ എൽ.ബി.എസിന് അലോട്ട്മെന്റ് നടത്താനായതുമില്ല. ഇതേതുടർന്ന് 30ന് രാത്രിതന്നെ മുഴുവൻ സീറ്റിലും മാനേജ്മെന്റ് പ്രവേശനം നടത്തുകയായിരുന്നു.
അതേസമയം, അധിക സീറ്റുകൾക്കുള്ള സൗകര്യം കോളജിലില്ലെന്നും വൃദ്ധസദനത്തിലെ അന്തേവാസികളെ രോഗികളാക്കി പരിശോധന സമയത്ത് കാട്ടിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച കേസിൽ സർക്കാർ തീരുമാനമാവും മുമ്പ് അധിക സീറ്റ് കൗൺസിൽ അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.