എം.ജി: അപേക്ഷഫീസായി ഉയർന്ന തുക ഈടാക്കുന്നതായി പരാതി
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ ഇൻറഗ്രേറ്റഡ് കോഴ്സിന് അപേക്ഷ ഫീസ് 2000 രൂപ!. പ്രവേശന പരീക്ഷയില്ലാത്ത, ഹയർസെക്കൻഡറി മാർക്കിെൻറ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നൽകുന്ന കോഴ്സാണിത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസസ്(ഐ.ഐ.ആർ.ബി.എസ്) ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോംഗ്രാസ് ഇൻ സോഷ്യൽ സയൻസസ്(ഐ.എം.പി.എസ്.എസ്) നടത്തുന്ന അഞ്ചുവർഷ എം.എ, എം.എസ്സി കോഴ്സുകൾക്കാണ് ഈ തുക അപേക്ഷ ഫീസായി നൽകേണ്ടത്. എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് 1000 രൂപയാണ് ഫീസ്. ബി.എയും എം.എയും ഉൾപ്പെടുന്ന കമ്പയിൻഡ് എം.എ കോഴ്സിന് മൂന്ന് മെയിനുകളാണുള്ളത്. ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നിവയാണ് മുഖ്യവിഷയങ്ങൾ. ഈ മാസം 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഉയർന്ന അപേക്ഷ ഫീസിനെതിരെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സാധാരണ വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയടക്കം നിലനിൽക്കെ സർവകലാശാല നേരിട്ട് നടത്തുന്ന കോഴ്സുകൾക്ക് ഫീസ് വർധിപ്പിച്ചത് സർക്കാർ നിർദേശങ്ങളുടെ ലംഘനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
എന്നാൽ, ബിരുദവും ബിരുദാനന്ത ബിരുദവും ഒരുമിച്ച് പൂർത്തിയാക്കാൻ കഴിയുമെന്നതിനാലാണ് അപേക്ഷ ഫീസ് 2000 രൂപയായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. രണ്ടായി പഠിച്ചാൽ ഇതിലും കൂടുതലാകും തുക. പരാതികളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.