എം.ജി ബി.എഡ് ഫലം വൈകുന്നു; പരീക്ഷകൾക്ക് അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ
text_fieldsകോട്ടയം: എം.ജി സർവകലാശാലയുടെ 2018-2020 അധ്യയനവർഷത്തിലെ ബി.എഡ് പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. കേരള, കാലിക്കറ്റ് യൂനിവേഴ്സിറ്റികൾ രണ്ടുമാസം മുമ്പ് ഫലം പ്രഖ്യാപിച്ചു.
എന്നാൽ, എം.ജിയിൽ മൂല്യനിർണയം എങ്ങുമെത്തിയിട്ടില്ല. കോവിഡ് സാഹചര്യം മൂലമാണ് മൂല്യനിർണയം വേഗത്തിലാക്കാൻ കഴിയാത്തതെന്നാണ് സർവകലാശാലയിൽനിന്നുള്ള വിവരം. ഇതുമൂലം പി.എസ്.സി അടക്കം പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ.
മേയ് അവസാനമോ ജൂൺ ആദ്യമോ ആണ് സാധാരണ ബി.എഡ് ഫലം വരാറുള്ളത്. ഇതിനുശേഷം അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷ നൽകാനും കഴിയാറുണ്ട്. എന്നാൽ, ഇത്തവണ എല്ലാം തകിടം മറിഞ്ഞു. ടെറ്റ്, സെറ്റ് പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനായില്ല.
ഫലപ്രഖ്യാപനം വന്നില്ലെന്ന് പരീക്ഷ നടത്തിയ എൽ.ബി.എസിനെ അറിയിച്ചെങ്കിലും എം.ജി.യിൽ പഠിച്ചവർക്ക് മാത്രം പ്രത്യേകതയില്ലെന്നാണ് മറുപടി. സർക്കാർ ഇടപെട്ടാലേ ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാവൂ എന്നും അവർ പറയുന്നു.
വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലും സർട്ടിഫിക്കറ്റ് കിട്ടാൻ പിന്നെയും വൈകും. പി.എസ്.സി അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളും അപലോഡ് ചെയ്തില്ലെങ്കിൽ അപേക്ഷ നിരാകരിക്കും.
സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ പല പി.എസ്.സി പരീക്ഷകൾക്കും എം.ജിയിൽ പഠിച്ചവർക്ക് മാത്രം അപേക്ഷിക്കാനായില്ല. പി.ജിയും സെറ്റും പാസായി ബി.എഡ് ഫലം മാത്രം കിട്ടാത്തതുകൊണ്ട് അപേക്ഷിക്കാൻ കഴിയാത്തവർ ഇനിയൊരവസരത്തിനായി വീണ്ടും കാത്തിരിക്കണം.
കോവിഡ് സാഹചര്യമായതിനാൽ സമരമാർഗം സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വിദ്യാർഥികൾ പറയുന്നു.
പരീക്ഷാഫലം വരേണ്ട മേയ് മാസത്തിനുശേഷം അപേക്ഷ സ്വീകരിച്ച എച്ച്.എസ്.എസ്.ടി, വരാൻ പോകുന്ന എച്ച്.എസ്.എ തുടങ്ങിയ പരീക്ഷകളിൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് കൂടി അവസരം നൽകുക, ടെറ്റ്, സെറ്റ് പരീക്ഷകളിൽ യോഗ്യത േനടിയവർക്ക് ഉടൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നിവയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ.
കോവിഡ് പശ്ചാത്തലത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.