ഖത്തറിൽ എം.ജി സർവകലാശാല കാമ്പസ് വരുന്നു
text_fieldsകോട്ടയം: പ്രവാസികൾ ഏറെയുള്ള ഖത്തറിൽ എം.ജി പഠനകേന്ദ്രം വരുന്നു. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്‍റെയും അഭ്യർഥന മാനിച്ച് യു.ജി.സിയുടെയും സംസ്ഥാന സർക്കാറിന്‍റെയും അനുമതിയോടെയാണ് ഖത്തറിൽ കാമ്പസ് തുടങ്ങുന്നത്.
ഇതിന് വെള്ളിയാഴ്ച ചേർന്ന മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും. എം.ജിയെ കൂടാതെ പുണെ സർവകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങാൻ ഖത്തർ ഭരണകൂടം പരിഗണിച്ചത്.
പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കാനും വിശ്വാസ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ട് പരീക്ഷ ഫലത്തിനൊപ്പം ഉത്തരസൂചിക സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. ഉത്തരക്കടലാസിന്‍റെ ഇ-കോപ്പികൾ വിദ്യാർഥികൾക്ക് 250 രൂപ ഫീസ് ഈടാക്കി ലഭ്യമാക്കും.
ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമായി സ്‌കോളർഷിപ്പുകളുടെ എണ്ണം ഈ വർഷം 150ൽനിന്ന് 200 ആക്കി വർധിപ്പിക്കും.
അസിസ്റ്റന്‍റ്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ് തസ്തികകളിൽ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികൾക്ക് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.