എം.ജി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിൻെറ ഒന്നാം ഘട്ട അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ജി.സി.യുടെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നിബന്ധനകൾക്ക് വിധേയമായി ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2020 - 21 അക്കാദമിക വർഷത്തെ ഒന്നാംഘട്ട അലോട്‌മെൻറ് പ്രസിദ്ധീകരിക്കുന്ന ആദ്യ സർവകലാശാലയാണ് എം.ജി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അലോട്‌മെൻറ് പൂർണ്ണമായും ഓൺലൈനിലാണ്. അപേക്ഷകർ അലോട്‌മെൻറ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയിലേക്ക് അടയ്‌ക്കേണ്ട ഫീസ് അടച്ച് ഉചിതമായ പ്രവേശനം (സ്ഥിര / താത്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്‌മെൻറ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. എന്നാൽ മറ്റ് ഓപ്ഷനുകളിൽ അലോറ്റ്‌മെൻറ് ലഭിച്ചവർക്ക് താത്കാലിക പ്രവേശം തെരഞ്ഞെടുക്കാം.
ശേഷം ലഭ്യമാവുന്ന അലോട്‌മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് പിന്നീട് സർവകലാശാല നിഷ്‌കർഷിക്കുന്ന സമയത്ത് കോളജുകളിൽ സമർപ്പിക്കണം. ഈ പ്രക്രിയ പൂർത്തീകരിച്ചതിനു ശേഷം അപേക്ഷകർ അലോട്‌മെൻറ് ലഭിച്ച കോളേജുമായി ഫോണിൽ ബന്ധപ്പെട്ട് കോളേജ് നിഷ്‌കർഷിക്കുന്ന ഓൺലൈൻ രീതിയിൽ ഫീസടച്ച് പ്രവേശനം 'കൺഫേം' ചെയ്യണം. സ്ഥിരപ്രവേശം ലഭിക്കുന്നവർ മാത്രമേ കോളജുകളിൽ ഫീസടയ്‌ക്കേണ്ടതുള്ളൂ. എന്നാൽ എല്ലാ അപേക്ഷകരും പ്രവേശനം കൺഫേം ചെയ്യുന്നതിനായി കോളജുകൾ പ്രവേശനത്തിനായി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടണം. കോളജുകളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ക്യാപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
സ്ഥിരപ്രവേശം തെരഞ്ഞെടുത്തവർ പ്രവേശന സമയത്ത് ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്‌മെൻറ് മെമ്മോ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് കോളജ് നിർദ്ദേശിക്കുന്ന ഇ-മെയിലിൽ അയക്കണം. പ്രവേശനം നേടി 15 ദിവസത്തിനകം ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ കോളജുകളിൽ തപാൽമാർഗമോ മറ്റ് മാർഗങ്ങളിലോ സമർപ്പിക്കണം. ഒന്നാം അലോട്‌മെൻറ് ലഭിച്ചവർക്ക് സെപ്റ്റംബർ 17 വരെ കോളജ് തലത്തിൽ പ്രവേശനം 'കൺഫേം' ചെയ്യാം. സെപ്റ്റംബർ 17നു ശേഷം നിശ്ചിത സർവകലാശാല ഫീസടച്ച് കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിര / താത്കാലിക പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്‌മെൻറ് റദ്ദാക്കും.
അലോട്‌മെൻറ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. കോളജുകളിൽ പ്രവേശനം കൺഫേം ചെയ്തവർ ക്യാപ് വെബ്‌സൈറ്റിൽ സെപ്റ്റംബർ 17നു മുമ്പായി ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. നിശ്ചിത തീയതിക്കു ശേഷം പരാതികൾ പരിഗണിക്കുന്നതല്ല. ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും സെപ്്റ്റംബർ 18, 19 തീയതികളിൽ സൗകര്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.