നീറ്റ് യു.ജി യോഗ്യത നേടിയ വനിതകൾക്ക് മിലിട്ടറി ബി.എസ്.സി നഴ്സിങ് പ്രവേശനം
text_fields‘നീറ്റ്-യു.ജി 2023’ൽ യോഗ്യത നേടിയ വനിതകൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിന് കീഴിലുള്ള നഴ്സിങ് കോളജുകളിൽ നാല് വർഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സിൽ പ്രവേശനം നേടാം. അവിവാഹിതർക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി ബാധ്യതകളില്ലാത്തവർക്കുമാണ് അവസരം. 1998 ഒക്ടോബർ ഒന്നിനും 2006 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങളോടെ റെഗുലർ സീനിയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ ആദ്യ തവണ പാസായിരിക്കണം. ഫിസിക്കൽ ഫിറ്റ്നസ് വേണം. 152 സെ.മീറ്ററിൽ കുറയാതെ ഉയരം വേണം. പട്ടികജാതി/വർഗക്കാർക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്/തഹസിൽദാറിൽ/സബ് ഡിവിഷനൽ ഓഫിസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുള്ളവർ അപ്ലോഡ് ചെയ്യാൻ മറക്കരുത്.
രജിസ്ട്രേഷൻ: പ്രവേശന വിജ്ഞാപനം www.joinindianarmy.nic.inൽ നിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇ-മെയിൽ ഐ.ഡി, പാസ്വേഡ് ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷാ പ്രോസസിങ് ഫീസായി 200 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഫീസില്ല. ഫീസ് അടച്ച ശേഷമുള്ള കൺഫർമേഷൻ പേജ് സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രജിസ്റ്റേഡ് ഇ-മെയിൽ ഐഡിയിൽ ലഭ്യമാകുന്ന പ്രൊവിഷനൽ രജിസ്ട്രേഷൻ/റഫറൻസ് നമ്പർ അഡ്മിഷൻ സംബന്ധമായ കത്തിടപാടുകളിൽ ചേർക്കേണ്ടതാണ്.
സെലക്ഷൻ: നീറ്റ്-യു.ജി 2023 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, സൈക്കോളജിക്കൽ അസസ്മെന്റ്, ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
കോളജുകളും സീറ്റുകളും: കോളജ് ഓഫ് നഴ്സിങ് (CoN) എ.എഫ്.എം.സി പുണെ-40, CoN CH (EC) കൊൽക്കത്ത-30, CoN, INHS അശ്വിനി, മുംബൈ-40, CoN, AH (RSR) ന്യൂഡൽഹി-30, CoN, CH (CC) ലഖ്നോ-40, CoN CH (AF) ബാംഗ്ലൂർ-40. ആകെ 220 സീറ്റുകളിലാണ് പ്രവേശനം. മിലിട്ടറി നഴ്സിങ് സർവിസിൽ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് സമ്മതപത്രം സമർപ്പിക്കണം. പഠിച്ചിറങ്ങുന്നവർക്ക് നഴ്സിങ് ഓഫിസറായി ജോലിയിൽ പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.