ആറ്, ഒമ്പത് ക്ലാസുകളിലേക്ക് സൈനിക സ്കൂൾ പ്രവേശനപരീക്ഷ ജനുവരി 21ന്
text_fieldsരാജ്യത്തെ 33 സൈനിക സ്കൂളുകളിൽ ആറ്, ഒമ്പത് ക്ലാസുകളിലേക്കും കേന്ദ്ര പ്രതിരോധമന്ത്രാലയം അനുവദിച്ച 19 സൈനിക സ്കൂളുകളിലെ ആറാം ക്ലാസിലേക്കുമുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ (AISSEE-2024) 186 നഗരങ്ങളിലായി ജനുവരി 21ന് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. ആറാം ക്ലാസിലേക്ക് ഉച്ചക്കുശേഷം 2.00 മുതൽ 4.30 വരെയും ഒമ്പതാം ക്ലാസിലേക്ക് 2.00 മുതൽ 5.00 വരെയുമാണ് പരീക്ഷ. പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒബ്ജക്ടീവ് മാതൃകയിൽ സി.എം.ആർ രീതിയിലുള്ള പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളാണ്.
ആറാം ക്ലാസ് പ്രവേശനപരീക്ഷയിൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇന്റലിജൻസ്, പൊതുവിജ്ഞാനം എന്നിവയിൽ പ്രാവീണ്യമളക്കുന്ന 125 ചോദ്യങ്ങളുണ്ടാവും. പരമാവധി 300 മാർക്ക്. മലയാളം, തമിഴ്, കന്നട, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഒമ്പതാം ക്ലാസ് പ്രവേശനപരീക്ഷയിൽ മാത്തമാറ്റിക്സ്, ഇന്റലിജൻസ്, ഇംഗ്ലീഷ്, ജനറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലായി 150 ചോദ്യങ്ങളാണുണ്ടാവുക. പരമാവധി 400 മാർക്ക്.
പ്രവേശനപരീക്ഷയിൽ യോഗ്യതനേടുന്നതിന് ഓരോ വിഷയത്തിനും 25 ശതമാനം മാർക്കിൽ കുറയാതെയും എല്ലാ വിഷയങ്ങൾക്കും മൊത്തം 40 ശതമാനം മാർക്കിൽ കുറയാതെയും കരസ്ഥമാക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് മിനിമം മാർക്ക് നിഷ്കർഷിച്ചിട്ടില്ല.
AISSEE-2024 റാങ്ക്ലിസ്റ്റിലുള്ളവരെ ഇ-കൗൺസലിങ് നടത്തി അഡ്മിഷൻ നൽകും. 33 സർക്കാർ സൈനിക സ്കൂളുകളിലെയും 67 ശതമാനം സീറ്റുകളിൽ അതത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്ഥിരതാമസക്കാർക്കാണ് പ്രവേശനം. മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് 33 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകും. സംവരണ സീറ്റുകൾ എസ്.സി-15 ശതമാനം, എസ്.ടി-7.5 ശതമാനം, ഒ.ബി.സി-എൻ.സി.എൽ 27 ശതമാനം. ആറാം ക്ലാസിൽ 10 ശതമാനം സീറ്റുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കും.
ആറാം ക്ലാസ് പ്രവേശനത്തിന് 31.3.2024ൽ 10-12 വയസ്സുള്ളവർക്കാണ് അവസരം. ഒമ്പതാം ക്ലാസിലേക്ക് 13-15 വയസ്സാണ് പ്രായപരിധി. അംഗീകൃത സ്കൂളിൽനിന്നും എട്ടാം ക്ലാസ് പാസായിരിക്കണം. കേരളത്തിലെ ഗവ. സൈനിക സ്കൂൾ തിരുവനന്തപുരം കഴക്കൂട്ടത്താണ്. ഇവിടെ ആറാം ക്ലാസിൽ 74 സീറ്റുകളും ഒമ്പതാം ക്ലാസിൽ 35 സീറ്റുകളുമുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ വേദവ്യാസ സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ 80 പേർക്ക് പ്രവേശനം ലഭിക്കും.
‘AISSEE-2024’ വിജ്ഞാപനവും സമഗ്രവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും www.nta.ac.in, https://exams.nta.ac.in/AISSEEൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 650 രൂപ. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 500 രൂപ മതി. ഓൺലൈനായി ഡിസംബർ 16 വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.
ഫലപ്രഖ്യാപനത്തിനുശേഷം അഡ്മിഷനായുള്ള ഇ-കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് https://sainikschool.ncog.gov.in/ecounsellingൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.