എസ്.എസ്.എൽ.സി പരീക്ഷയിൽ വിഷയ മിനിമം തിരികെവരുന്നു
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കാൻ വിഷയ മിനിമം തിരികെക്കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച പരിശോധനകൾക്കും ആലോചനകൾക്കുമായി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നിരന്തര മൂല്യനിർണയ (സി.ഇ) രീതി കൊണ്ടുവന്നതിന് പിന്നാലെ 2007ൽ നിർത്തലാക്കിയ വിഷയ മിനിമം സമ്പ്രദായമാണ് നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് തിരികെക്കൊണ്ടുവരുന്നത്.
നിലവിൽ നൂറ് മാർക്കിന്റെ പരീക്ഷയിൽ 80 ശതമാനം എഴുത്തുപരീക്ഷക്കും 20 ശതമാനം നിരന്തര മൂല്യനിർണയത്തിനുമാണ്. ഇതിൽ 20 മാർക്ക് നിരന്തര മൂല്യനിർണയത്തിന് ലഭിക്കുമ്പോൾ എഴുത്തുപരീക്ഷയിൽ 10 മാർക്ക് കൂടി ലഭിച്ചാൽ പാസാകും. 50 മാർക്കിന്റെ പരീക്ഷയിൽ 40 മാർക്ക് എഴുത്തുപരീക്ഷക്കും 10 മാർക്ക് നിരന്തര മൂല്യനിർണയത്തിനുമാണ്. ഇതിൽ 10 മാർക്ക് നിരന്തര മൂല്യനിർണയത്തിൽ ലഭിച്ചാൽ അഞ്ച് മാർക്ക് എഴുത്തുപരീക്ഷയിൽ ലഭിക്കുന്നതോടെ വിദ്യാർഥി വിജയിക്കുന്നതാണ് നിലവിലെ രീതി.
അടുത്ത വർഷം മുതൽ എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്കെങ്കിലും നേടിയവരെയാകും വിജയിപ്പിക്കുക. ഇതുപ്രകാരം 80 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 30 ശതമാനമായ 24 മാർക്ക് നേടണം. 40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 30 ശതമാനമായ 12 മാർക്ക് നേടണം. ഹയർസെക്കൻഡറി പരീക്ഷയിലുള്ള രീതിയാണ് എസ്.എസ്.എൽ.സിക്കും നടപ്പാക്കാൻ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോൺക്ലേവിൽ കൂടി ചർച്ച ചെയ്ത് അഭിപ്രായ രൂപവത്കരണം നടത്തി 2025 മുതൽ പരിഷ്ക്കാരം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ വാരിക്കോരി മാർക്ക് നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ ഒമ്പതാം ക്ലാസ് വരെ നൽകുന്ന ഓൾ പാസ് സമ്പ്രദായത്തിലും പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.