ദേശീയ വിദ്യാഭ്യാസ നയം: പുതിയ നൂറ്റാണ്ടിനായി ഇന്ത്യയിലെ യുവാക്കളെ പ്രാപ്തമാക്കും-മന്ത്രി ഡോ.സുഭാസ് സർക്കാർ
text_fieldsകാസർകോട്: സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പ്രയത്നിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കും. പുതിയ നൂറ്റാണ്ടിനായി ഇന്ത്യയിലെ യുവാക്കളെ പ്രാപ്തമാക്കുന്നതാണ് നയം. സുസ്ഥിര വികസനത്തിന് സഹായിക്കുന്ന സമഗ്രമായ വിദ്യാഭ്യാസമാണ് രാജ്യം വിഭാവനം ചെയ്യുന്നത്. എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും പ്രാപ്യവും തുല്യതയുള്ളതുമായ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നയം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷയുടെ ദീപനാളമായി ലോകം ഇന്ത്യയെ നോക്കുകയാണെന്നും പ്രയത്നശാലികളായ യുവസമൂഹമാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയുമെന്നും കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അടുത്ത തലമുറയുടെ അഭിവൃദ്ധിയുടെയും സുസ്ഥിരമായ ഭാവിയുടെയും പാത നിശ്ചയിക്കുന്നത് യുവസമൂഹമാണ്. നിങ്ങളുടെ സ്വപ്നവും പ്രയത്നവും ഇന്ത്യയുടെ ഗതി നിര്‍ണയിക്കും. അഭിലാഷവും ആഗ്രഹവും ഇന്ത്യയുടെ വിധിയെഴുതും. വളര്‍ച്ചയും വിജയവും ലോകക്രമത്തില്‍ ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.
സര്‍വ്വകലാശാല ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം.എന്‍. മുസ്തഫ, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ 1947 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദദാനം നടത്തിയത്. ഇതില്‍ 1567 വിദ്യാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. പിഎച്ച്ഡി ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രിമാര്‍ നേരിട്ട് വിതരണം ചെയ്തു. മറ്റുള്ളവര്‍ക്ക് സ്‌കൂള്‍ അടിസ്ഥാനത്തില്‍ ബിരുദം നല്‍കിയതായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.