ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതൂ
text_fieldsവീണ്ടും ഒരു പരീക്ഷാക്കാലം. ഇന്ന് എസ്.എസ് എൽ.സി വിദ്യാർഥികളും വെള്ളിയാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികളും പരീക്ഷാ ഹാളിലേക്ക്. കോവിഡ് സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾക്കുശേഷം ഒരു പൂർണ അക്കാദമിക വർഷം ലഭിച്ച ഇക്കുറി കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് വിവിധങ്ങളായ പ്രവർത്തനങ്ങൾ സർക്കാർ ചെയ്തിരുന്നു. അക്കാദമിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തകങ്ങൾ എത്തിച്ചു. സാങ്കേതിക വിദ്യയെ ഫലപ്രദമായി ക്ലാസ് മുറി പഠനത്തിന് സജ്ജമാക്കുകയും അധ്യാപകർക്ക് പരിശീലനം നൽകുകയുമുണ്ടായി.
4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷക്കിരിക്കുന്നുണ്ട്.
ഹയർ സെക്കൻഡറിയിൽ 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർഥികൾ പരീക്ഷ എഴുതുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യതയും ഗുണതയും വർധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. ശക്തികൾ കണ്ടെത്തി കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കുട്ടികളെ സഹായിക്കാൻ സാധിക്കുംവിധം അധ്യാപക പരിശീലനങ്ങളെ നാം പരിവർത്തിപ്പിക്കും. നാം തുടങ്ങിെവച്ച മെന്ററിങ് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ദേശീയവിദ്യാഭ്യാസ നയം 2020 ൽ കേരളത്തിന് വിയോജിപ്പുള്ള മേഖലകൾ ഉണ്ട്. അത് നാം വ്യക്തമാക്കിയിട്ടുമുണ്ട്. പരീക്ഷകളെ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തോടൊപ്പം പോകുകയല്ല കേന്ദ്രസർക്കാർ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്യുന്നത്.
പരീക്ഷക്ക് തയാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. ഒരു തരത്തിലുമുള്ള പരീക്ഷാ പേടിയുടെ ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിന പരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും. ഒരു പരീക്ഷയല്ല നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ, പരീക്ഷാ ഫലമല്ല നമ്മുടെ ജീവിതത്തിന്റെ അന്തിമഫലം - ഇതെല്ലാം വിദ്യാഭ്യാസ യാത്രകളുടെ ചില അനിവാര്യതകൾ മാത്രമാണെന്ന് കണ്ടാൽ മതി. പരീക്ഷാക്കാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.