ചരിത്രം വളച്ചൊടിക്കാനും കാവി പുതപ്പിക്കാനും ശ്രമം; ദേശീയ തലത്തിലെ പാഠ്യപദ്ധതി പരിഷ്‍കരണം തള്ളി മന്ത്രി വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള ദേശീയതലത്തിലെ പാഠ്യപദ്ധതി പരിഷ്‍കരണം തള്ളി കേരളം. പാഠ്യപദ്ധതി പരിഷ്‍കരണം കാവി പുതപ്പിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ജനാധിപത്യത്തിന് നിരക്കാത്ത മാറ്റമാണത്. പാഠപുസ്തകം തയാറാക്കുമ്പോൾ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. കേരളത്തിൽ പാഠപുസ്തകം തയാറാക്കുന്നത് എസ്.സി.ഇ.ആർ.ടി ആണ്. അതിനാൽ മാറ്റങ്ങൾ കേരളത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും ശാസ്ത്ര നിരാസമുള്ളതും യഥാർഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. അത് കേരളം അക്കാദമികമായി സംവാദങ്ങൾ ഉയർത്തി പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 പാഠപുസ്തകങ്ങളും അക്കാദമിക താൽപര്യം മുൻനിർത്തി സംസ്ഥാനം തന്നെ തയ്യാറാക്കുന്ന പ്രവർത്തനം സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചു ചേർത്ത് വിശദമായി ചർച്ച ചെയ്യും.
വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടു സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ടു പോകാനുമുള്ള അവകാശമുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിലവിൽ കുറച്ച് പാഠപുസ്തങ്ങൾ എൻ.സി.ഇ.ആർ.ടി. യുടേതാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. ആകെയുള്ള 124 പുസ്തകങ്ങളിൽ 44 എണ്ണം മാത്രമാണ് എൻ.സി.ഇ.ആർ.ടി. പ്രസിദ്ധീകരിക്കുന്നവ. പതിനൊന്നാം ക്ലാസ്സിൽ ആകെ 59 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്.
അതിൽ 39 എണ്ണം എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്നവയാണ്. 20 എണ്ണമാണ് എൻ.സി.ഇ.ആർ.ടി. യുടേതായി ഉൾപ്പെടുത്തിയിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസ്സിൽ 65 പാഠപുസ്തകങ്ങളിൽ 41 എണ്ണം എസ്.സി.ഇ.ആർ.ടി.യുടേതും 24 എണ്ണം എൻ.സി.ഇ.ആർ.ടി. യുടേതുമാണ്. 80 പാഠപുസ്തകങ്ങൾ സംസ്ഥാനം തന്നെയാണ് ഇപ്പോൾ വികസിപ്പിക്കുന്നത്. പതിനൊന്നാം ക്ലാസ്സിലെ 39 പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിയും. 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയിൽ തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. അതിൽ നിന്നും ഇനിയങ്ങോട്ട് ഭാരതം എന്നു മാത്രം പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചാൽ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചരിത്ര വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും തള്ളിക്കളയുന്നു.
ദേശീയ തലത്തിൽ മുമ്പ് ഇത്തരമൊരു നീക്കം ഉണ്ടായപ്പോൾ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചരിത്രം, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്തകങ്ങൾക്ക് അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ് കേരളം പ്രതികരിച്ചത്. ഇന്ത്യയിൽ ഇത്തരത്തിൽ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.